Wednesday, August 20, 2025

വിക്രം വേതാൾ ആൻഡ്‌ കേരളാ ഗവർണ്ണർ

അനുഭവിച്ചാലും!!! വിക്രമാര്‍ക്കന്‍ മരത്തില്‍ക്കയറി ശവമിറക്കി തോളിലിട്ടുകൊണ്ട് ശ്മശാനം ലക്ഷ്യമാക്കി നടന്നു. അപ്പോള്‍ ശവത്തില്‍ സ്ഥിതിചെയ്തിരുന്ന വേതാളം ഇപ്രകാരം പറഞ്ഞു. "രാജന്‍ , ഒരാള്‍ ജീവിതകാലം മുഴുവന്‍ അദ്ധ്വാനിച്ച്, പരസഹായമൊന്നുമില്ലാതെ തന്നെ ഉണ്ടാക്കിയെടുക്കുന്ന ഒരു കാര്യത്തിന് ഫലസിദ്ധി കൈവരുന്നത് അത് മറ്റുള്ളവര്‍ അംഗീകരിക്കുമ്പോഴാണ്. എന്നാല്‍ ഈ അംഗീകാരത്തിന് പകരം അവര്‍ നല്കുന്നത് തെറ്റായ വിലയിരുത്തലാണെങ്കിലോ?..അത് എത്ര വലിയ സംഭവമാണെങ്കിലും ദുഷ്പേര് ഒരിക്കലും വിട്ടുപോകില്ല! ഉദാഹരണത്തിന് ഈ കഥകേള്‍ക്കൂ.. തൃശ്ശൂര്‍ ജില്ലയിലെ പാലക്കല്‍ എന്ന ദേശത്ത് ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തി ഒമ്പതിലാണെന്നു തോന്നുന്നു ഈ കഥ നടന്നത്. അന്ന് കേരളത്തിന്റെ ഗവര്‍ണ്ണറായി വെറുതേയിരുന്നിരുന്നത് ബീഹാറില്‍ നിന്നുള്ള ഒരു മഹിളാ മണിയായിരുന്നു. (അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അന്നും കേരളത്തില്‍ വലിയ ഡിമാന്‍ഡായിരുന്നു)കോണ്‍ഗ്രസ്സിന്റെ ടിക്കറ്റില്‍ തലങ്ങും വിലങ്ങും മല്‍സരിച്ച് 1952 മുതല്‍ പല പല സ്ഥാനങ്ങളും അലങ്കരിച്ച് (കേന്ദ്രമന്ത്രി വരെയായിട്ടുണ്ട്!..ഡിങ്ക ഡിഗാ!..)ഒടുവില്‍ ദേശാടനപക്ഷിപോലെ കേരളത്തിലെത്തിയതാണ് ശ്രീമതി. ഇവരാണ് ഈ കഥയിലെ നായിക! കയ്യിലുണ്ടായിരുന്ന പുളിങ്കുരു വരെ പെറുക്കി വിറ്റ്, കണ്ടാല്‍ ആരും ഒരു പത്തുമിനിറ്റ് അങ്ങനെതന്നെ വായ്പൊളിച്ച് നോക്കിനിന്നുപോകുന്ന തരത്തിലുള്ള ഒരു മനോഹരസൌധം പണിതുണ്ടാക്കിയ ഒരു പാവത്താനാണ് ഈ കഥയിലെ ദുരന്തകഥാപാത്രമായ നായകന്‍ എന്നു വേണമെങ്കില്‍ പറയാം. ഈ വീട് അക്കാലത്ത് സത്യത്തില്‍ ഒരു സംഭവം തന്നെയായിരുന്നു. അങ്ങനെയിരിക്കുന്ന കാലത്തിങ്കല്‍ ഗവര്‍ണ്ണര്‍ക്ക് തൃശ്ശൂര്‍ രാമനിലയത്തില്‍ എന്തോ ഒരു മീറ്റിംഗ് സമാഗതമായി. മുന്നില്‍ മൂന്ന് പി.സി യും ഒരു എസ്.ഐ യുമായി 78 മോഡല്‍ ഒരു വില്ലീസും, പിന്നില്‍ രണ്ട് പിസിയും പിന്നെ ഒറ്റനോട്ടത്തില്‍ പള്ളിപ്പെരുന്നാളിന് ബാന്ഡ് വായിക്കുന്നവനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ വേഷഭൂഷാദികളും (കാക്കി തന്നെ!), അക്കാലത്ത് കടകളില്‍ സുലഭമായിരുന്ന കളര്‍ഫുള്‍ പ്ളാസ്റ്റിക് ടങ്ക് ക്ളീനര്‍ ഒടിച്ചെടുത്ത് മൂന്നാലുവരിയായി പോക്കറ്റിനു മുകളില്‍ കുത്തിയ പോലെയുള്ള പോക്കറ്റുമുള്ള ഒരു കിരാതനുമായി പുത്തന്‍ മാര്‍ക്ക് ഫോര്‍ നോവ അമ്പാസഡറും, അതിനു നടുവില്‍ സി.വിദ്യാധരന്‍, മഞ്ജുളാ ബേക്കറി, ആലപ്പുഴ എന്നെഴുതിവക്കാത്ത ഒരു കോണ്ടസ്സയില്‍ ഒരു പി.ഏ.യും, ബ്ളഡ് ടെസ്റ്റ് ചെയ്യാന്‍ കൊണ്ടുപോകുന്ന കുട്ടിയുടെ മുഖഭാവമുള്ള വിളറിയ നിറമുള്ള ഒരു ഡ്രൈവറും പിന്നെ അല്ലിമലര്‍ക്കാവില്‍ വേലകാണാന്‍ പോകുന്ന 'തുമ്പോലാര്‍ച്ച'യിലെ ഷീലയുടെ മുഖഭാവത്തോടെ ഗവര്‍ണ്ണര്‍ മാഡവും!. കാലത്ത് എറണാകുളം ടൌണ്‍ഹാളില്‍ എന്തോ പരിപാടിയുടെ ഉല്‍ഘാടനവും പ്രസംഗവുമൊക്കെക്കഴിഞ്ഞ് പുറപ്പെട്ട് പറവൂരെത്തുമ്പോള്‍ തന്നെ ഏകദേശം രണ്ടുമണിയായിരുന്നു. അതുകൊണ്ട് തന്നെ പി.എ.യുടെ അറേഞ്ച്മെന്റ് പ്രകാരം പറവൂര്‍ ഗവണ്‍മെന്റ് ഗസ്റ്റ്ഹൌസിലോ മറ്റോ ലഞ്ചും കൂടെ കഴിഞ്ഞാണ് സംഘം തൃശ്ശൂരേക്ക് പുറപ്പെട്ടത്! കൊടുങ്ങല്ലൂരും ഇരിങ്ങാലക്കുടയുമൊക്കെപിന്നിട്ട് പെരുമ്പിള്ളിശ്ശേരി എന്ന സ്ഥലത്തെത്തിയപ്പോഴാണ് ഒരു വീടിന് തീരാക്കളങ്കം സമ്മാനിച്ച സംഭവത്തിന് തുടക്കം! യാദൃശ്ചികമായി റിയര്‍വ്യൂ മിററിലൂടെ നോക്കിയ ഡ്രൈവര്‍ കാണുമ്പോള്‍ തുമ്പോലാര്‍ച്ചയുടെ മുഖഭാവത്തിന് ഒരു ചെറിയ മാറ്റം! തുമ്പോലാര്‍ച്ചയിലെ ഷീല ഇപ്പോള്‍ തുലാഭാരത്തിലെ ശാരദയായിരിക്കുന്നു. വിങ്ങിപ്പൊട്ടുന്ന മുഖഭാവം! പരിചയസമ്പന്നനായ ഡ്രൈവര്‍ക്ക് സംഗതി പിടികിട്ടി. പറവൂരിലെ ലഞ്ച് ചതിച്ചു! ഉത്തരേന്ത്യക്കാര്‍ക്കുണ്ടോ കേരളത്തിലെ കായല്‍പ്രദേശത്തെ വെള്ളം പിടിക്കുന്നു?! പ്രോട്ടോക്കോള്‍ പ്രകാരം ഡ്രൈവര്‍ ഗവര്‍ണ്ണറോട് തൂറാന്‍ മുട്ടുന്നുണ്ടോ എന്ന് ചോദിക്കാന്‍ പാടില്ല! അതേ പ്രോട്ടോക്കോള്‍ തിരിച്ചിട്ടാല്‍, അതായത് ഗവറ്‍ണ്ണര്‍ക്ക് ഡ്രൈവറോടോ പി.എ.യോടോ ഇതേകാര്യം പറയാമോ എന്നു അറിയുകയുമില്ല. ഡ്രൈവര്‍ ധര്‍മ്മസങ്കടത്തിലായി. എവിടെയെങ്കിലും നിര്‍ത്താമെന്നു വച്ചാല്‍ ഇനി കൂര്‍ക്കഞ്ചേരി വരെ കൊള്ളാവുന്ന ഹോട്ടലോ കടകളോ ഒന്നുമില്ല! അതിലും ദു:ഖിപ്പിച്ച കാര്യം, റോഡിനിരുവശത്തും ഓടിട്ട വീടുകളും അതിനൊക്കെ കക്കൂസ് എന്ന മഹാപ്രസ്ഥാനം ഒരു അമ്പതുമീറ്റര്‍ അകലെയുമാണ് എന്നതാണ്. അവിടെയൊന്നും സംഗതി നടപ്പില്ല എന്നത് പകല്‍പോലെയുള്ള സത്യവുമാണ്. മജ്ബൂരി കാ നാം മഹാത്മാ ഗാന്ധി! ഗവര്‍ണ്ണര്‍ക്ക് ഇങ്ങനെ എന്തോ ഓര്‍മ്മവന്നെന്നു തോന്നുന്നു. ഡ്രൈവറോട് പ്രോട്ടോക്കോള്‍ ലംഘനം നടത്താം എന്നു ചിന്തിച്ച് ഒന്നു കൂടെ മുന്നോട്ട് കയറിയിരുന്ന് പുറത്തേക്ക് നോക്കുമ്പോള്‍ അതാ മുന്നില്‍ ലോകാത്ഭുതം പോലെയൊരു മനോഹര സൌധം. വണ്ടി നിര്‍ത്താന്‍ ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം കിട്ടി. പി.എ. പുറത്തിറങ്ങി വാതില്‍ തുറക്കുന്നതിനു മുന്പേ മാഡം വീടിന്റെ സിറ്റൌട്ടിലെത്തി കാളിംഗ് ബെല്‍ അമര്‍ത്തിക്കഴിഞ്ഞു. ഉള്ളില്‍ പോയി കാര്യം സാധിച്ച് അവശയായി പുറത്തേക്ക് വന്നതും "വീടിന്റെ ഭംഗികണ്ട് ഒന്നു കാണാന്‍ കയറിയതാണെന്നേ പറയാവു എന്ന കര്‍ശനമായ ഒരു ഓര്‍ഡറും പുറത്തിറക്കി." ഇതിനിടയില്‍ സിഗരറ്റ് വലിക്കാന്‍ പുറത്തേക്ക് പോയ ഡ്രൈവറില്‍ നിന്നും ഒരു കടക്കാരനും രണ്ടുമ്മൂന്ന് സി.ഐ.ടി.യു. യൂണിയന്‍കാരും മൊഴിയെടുത്ത് കാര്യം മനസ്സിലാക്കി കൃതാര്‍ത്ഥരായി. അങ്ങനെ ഗവര്‍ണ്ണര്‍ വന്നു, കേറി, തൂറി, പോയി. ഗൃഹനാഥന്‍ അഭിമാനത്തോടെ നെഞ്ചിലെ രോമം തടവി വീട്ടുമുറ്റത്തുകൂടി വെറുതേഒന്ന് അങ്ങോട്ടുമിങ്ങോട്ടും നടന്നു. അദ്ദേഹത്തിന്റെ ഭാവനപ്രകാരം അന്ന് റോഡിലൂടെപോയവരെല്ലാം "ദേ ഇതാണ് ഗവര്‍ണ്ണര്‍ സന്ദര്‍ശിച്ച വീട്, ആ ചേട്ടനെ സമ്മതിക്കണം." ഇതാണ് സംസാരിച്ചിരുന്നത്. പിറ്റേന്ന് മുതലാണ് യഥാര്‍ത്ഥ ചിത്രം ആ പാവം മനസ്സിലാക്കുന്നത്. പാലക്കല്‍ എന്ത് കാര്യം ചോദിച്ചാലും പെട്ടെന്ന് മനസ്സിലാക്കാനുള്ള ഒരു ലാന്ഡ് മാര്‍ക്കായി ഈ വീട്! ഉദാഹരണത്തിന് പാലക്കല്‍ ഒരാക്സിഡന്റ് നടന്നു എന്ന് കരുതുക. ആളുകള്‍ പറയുക, "ഗവര്‍ണ്ണര്‍ തൂറിയവീടിന്റെവിടന്ന് മൂന്നാമത്തെ വീടിന്റെ മുന്നിലാ ആക്സിഡന്റ് നടന്നത്" എന്നാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഗവര്‍ണ്ണറുടെ വിരേചനസുഖത്തിന്റെ സില്‍വര്‍ജൂബിലി ആഘോഷിക്കുന്ന ഈ വേളയിലും നാട്ടുകാര്‍ ഈ പേര് ഇപ്പോഴും അനുസ്യൂതം ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. അതിലും ഞെട്ടിപ്പിക്കുന്ന ഒരു കാര്യമെന്താണെന്നു വച്ചാല്‍ ഇപ്പോള്‍ ഈ റോഡിലൂടെ കളക്ടറോ എം എല്‍ എ യോ എംപിയോ മന്ത്രിയോ ആരെങ്കിലും കടന്നുപോകുന്നു എന്നു കേട്ടാല്‍ ഇവര്‍ കുടുംബസമേതം അന്ന് വീടും പൂട്ടി ജോര്‍ജ്ജേട്ടന്‍സ് രാഗത്തില്‍ പോയി പടം കാണും! പിന്നെ ആരും വീടുതേടിവന്ന് വിസര്‍ജ്ജിക്കില്ലല്ലോ?! രാജന്‍ , ഇതാണ് ഞാന്‍ മുന്‍പേചോദിച്ച കാര്യം! ഇതിനുത്തരം അറിഞ്ഞിട്ടും പറയാതിരുന്നാല്‍ അങ്ങയുടെ തല ഛിന്നഭിന്നമായിപ്പോകും! മിഷ്ടര്‍ വേതാള്‍ജി, ഞാന്‍ ഈ പണി നിര്‍ത്തി സബ്കോണ്ട്രാക്ട് കൊടുക്കാന്‍ പോവ്വ്വാ! എന്റെ തോളില്‍ സുഖായിട്ടിരിക്കുമ്പോളല്ലേ നിനക്ക് എന്റെ തലക്ക് പടക്കം വക്കണ കഥപറയാന്‍ തോന്നണത്! വല്ല സി.ഐ.ടി.യു ക്കാരും വന്ന് അരിച്ചാക്കിനിട്ട് പിടിക്കണ കൊളുത്തിട്ട് നിന്റെ പള്ളക്ക് പിടിക്കുമ്പോ നീ ഒരു പാഠം പഠിക്കും. വിക്രംജി, ഒരു തമാശപറഞ്ഞപ്പോളേക്കും അത് സീരിയസ്സാക്ക്യാ?! എന്നെ ഇവിടെ ഡ്രോപ് ചെയ്തോളൂ. ഞാന്‍ വല്ല ഓട്ടോയും പിടിച്ച് മുരിങ്ങമരത്തിലെ ഫ്ളാറ്റിലേക്ക് പൊയ്ക്കോളാം! ന്നാപ്പിനെ അങ്ങനന്നെ! രാത്രീല് യാത്രേല്ല്യാ!

No comments: