Monday, February 16, 2015

ക്യൂ

ഗവണ്‍മെന്റാശുപത്രി വരാന്തയില്‍ ഡോക്ടറെക്കാണാനുള്ള ക്യൂവിലിരുന്ന് ജോസേട്ടന്‍ അക്ഷമനായി! "ഈ വഴിക്ക് വരാത്തേന്റെ കാര്യം ഇതാ! ****ര് വന്നാ ഒരൂസങ്കട് പോയിക്കിട്ടും" ആതമഗതമാണെങ്കിലും മണിരത്നം പടത്തിലെ ഡയലോഗ് പോലെ ഒരല്പം മാത്രം ഉറക്കെയായിപ്പോയി!

"അത്രക്ക് ധൃതീണ്ടെങ്കില് വല്ല പ്രൈവറ്റാശൂത്രീലും പോടോ..ഇവടെരിന്ന് എന്തൂട്ടിനാ നേരം കളയണേന്ന്"..!!- വെള്ളേം വെള്ളേം ഇട്ട് നിക്കണ ഒരറ്റന്‍ഡറ്!! പുട്ടിന് തേങ്ങ ചേര്‍ക്കുമ്പോലെ ഇടയിലൂടെ ഇട്ടുകൊടുത്ത ആ 'തലമുടിത്തമിഴ്' ആണെന്നു തോന്നുന്നു ചെക്കനെ ചൊടിപ്പിച്ചത്!

മോന്തക്ക് ഒന്ന് കൊടുക്കാനാ ആദ്യം തോന്നീത്! ന്നാലും ക്ഷമിച്ചു! ഈ ശവീടെ വിചാരം മ്മളൊക്കെ അവന്റെ ഔദാര്യത്തിന് കാത്ത് നിക്കണതാന്നാ! മനസ്സില്‍ തോന്നിയത് അവിടെത്തന്നെ വച്ചിട്ട് നീരസം മുഖത്തുകാണിക്കാതെ ചെക്കനെ സ്നേഹപൂര്‍വ്വം ഒന്ന് വിരട്ടി!

"വേണ്ട്രാ..! വേണ്ട്രാ..! നീയ് ഇവ്ടത്തെ മാനേജരൊന്ന്വല്ലല്ലോ..ഒരു പൊടിക്ക് അടങ്ങിക്കോ!!ന്നാലും ഈ ഡോക്ടറ് ഏത് ***ണത്തിലാ പോയിക്കെടക്കണത്"? ജോസേട്ടന്‍ അക്ഷമയുടെ മൂര്‍ദ്ധന്യത്തില്‍!! വീണ്ടും പുട്ടിനിടയില്‍ കുറച്ച് തേങ്ങ!!

ചെക്കന്‍ തുറിച്ചു നോക്കിക്കൊണ്ട് ച്യൂയിംഗം ചവക്കുന്നപോലെ എന്തോക്കെയോ പതിയെ പറഞ്ഞിട്ട് അകത്തേക്ക് കയറിപ്പോയി!

കാലിന്റെ വേദന സഹിക്കാത്തതുകൊണ്ട്, ഇരുന്നിരുന്ന ജോസേട്ടന്‍ എണീറ്റ് പതിയെ ഉലാത്താന്‍ തുടങ്ങി! വണ്ടീടെ സ്റ്റാന്‍ഡ്കൊണ്ട് കാലൊന്ന് മുറിഞ്ഞു! പഞ്ചസാര ഹോള്‍സെയിലായിട്ട് വില്‍ക്കാവുന്നത്രയ്ക്ക് ശരീരത്തില് ള്ളതോണ്ട് മുറിവ് അതങ്ങട് ആഘോഷാക്കി! വേദനയ്ക്കൊരു കൊറവൂല്ല്യ, ന്നാ അതൊട്ട് ഒണങ്ങണൂല്ല്യ! ഡോക്ടറെക്കണ്ട് വല്ല മരുന്നൂണ്ടങ്ങില് വാങ്ങിക്കഴിച്ച് പോകാന്ന് വിചാരിച്ചാ ഡോക്ടറെയൊട്ട് കാണണൂല്ല്യ! പോയിട്ടണെങ്കില് നൂറുകൂട്ടം പണീള്ളതാ! ജോസേട്ടന്‍ വീണ്ടും വീണ്ടും ആത്മഗതാഗതക്കുരുക്കില്‍ കുരുങ്ങി ശ്വാസം മുട്ടി!! വീണ്ടും പുട്ടിന് കുറച്ച് തേങ്ങ മനസ്സിലിട്ടുകൊണ്ട് ഇരുമ്പുകസേരയിലേക്കിരുന്നു!

ചിന്തകളുടെ ഇന്റര്‍വെല്‍ സമയമായപ്പോഴാണെന്നു തോന്നുന്നു, അവ്യക്തമായി ഒരു വിളികേട്ടു.. ജോസ് തോമസ് അമ്പാടന്‍!

പിടഞ്ഞെണീറ്റ് വാതില്‍ക്കല്‍ ചെന്നപ്പോള്‍ മ്മടെ മറ്റേചെക്കന്‍! അറ്റന്‍ഡര്‍!
ആക്കുന്നതു പോലെ വീണ്ടും ഒരു ചോദ്യം! ചേട്ടനാണോ ജോസ് തോമസ് അമ്പാടന്‍!
ജന്മനാ എല്ലാവിധ മാനേഴ്സുകളും ബഹുമാനവും കൂടെ കൊണ്ട് പിറവിയെടുത്തതുകൊണ്ട് ജോസേട്ടന് ഒട്ടും ആലോചിക്കേണ്ടിവന്നില്ല!

ഞാന്‍ന്യണ് ജോസ്! ഒന്നങ്ക്ട് മാറ്യേരാ ചെക്കാ! മന്‍ഷ്യന് പ്രാന്ത് പിടിച്ച് നിക്കുമ്പഴാ അവന്റ്യൊര് 'അശ്വമേധം'! ഇപ്രാവശ്യം പുട്ടിലേക്കെടുത്ത തേങ്ങ ജോസേട്ടന്‍ തന്നെ വിഴുങ്ങി!

ഡോകടറെക്കാണിച്ചു കഴിഞ്ഞപ്പഴാ മനസ്സിലായത്! ഒരു മാസം മരുന്ന് കഴിക്കണം! അതും ഒന്ന് വീതം രണ്ട് നേരം! മരുന്നണെങ്കില്‍ പുറത്തു നിന്ന് വാങ്ങണം!

വാങ്ങ്വന്നെ! അല്ലാണ്ട് വേണ്ടാന്ന് വയ്ക്കാന്‍ പറ്റില്ല്യല്ലോ?! തൊട്ടപ്പൂറത്തെ നീതിമെഡിക്കല്‍സിലെക്ക്! അവടെയാണെങ്കില് മുടിഞ്ഞ ക്യൂ!

നേരം വെള്ത്താ ഈ **രോളൊക്കെ എന്തൂട്ട് തേങ്ങക്കാ ഈ ക്യൂവില്‍ വന്ന് നിക്കണതാവോ?! മനുഷ്യന് ഒരു മരുന്നു പോലും വാങ്ങണങ്കില് ഒരു മണിക്കൂറ് ക്യു നിക്കണച്ചാ എന്തൂട്ട ചെയ്യാ?! ഈ നാട് നശിക്കേള്ളോ!! കാലിന്റെ വേദന സഹിക്കാത്തതുകൊണ്ട് ക്യൂവില്‍ നില്‍ക്കുന്നവരെ മനസ്സുകൊണ്ട് ഒന്നനുഗ്രഹിച്ച് ജോസേട്ടനും ക്യൂവിലലിഞ്ഞു!

പിന്നിലേക്ക് അല്പം ചാഞ്ഞ് കിടന്നിരുന്ന നിഴല് സ്വന്തം കാല്‍ക്കീഴിലേക്കാവാന്‍ തുടങ്ങിയപ്പോള് ജോസേട്ടന്‍ കൌണ്ടറില്‍ എത്തി!

"ഒരു മാസത്തേക്കുള്ളത് മുഴുവന്‍ എടുക്കട്ടെ"? കൌണ്ടറിലെ 'മൃദുഭാഷിണി' ജോസേട്ടന്റെ ഫ്രസ്റ്റ്രേറ്റഡ് മനസ്സിനെ ആ വെയിലിലും ഒന്ന് തണുപ്പിച്ചു!

ഒരു മാസത്തേക്ക്ള്ളതിന് എത്ര്യാവും ചേച്ച്യേ?! മകളുടെ പ്രായം പോലുമില്ലാത്ത പെണ്‍ക്ടാവിനോട് ജോസേട്ടന്റെ ഭവ്യത!

പെണ്ണ്, മഞ്ഞ നിറം ബാധിച്ച, കൊണ്ടുവച്ച ശേഷം ഒരിക്കലും പൊടിതട്ടുകയോ തുടയ്ക്കുകയോ ചെയ്തിട്ടില്ലാത്ത കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍ ചെറുതായൊന്നു പെരുമാറി! മൌസിനെ രണ്ട് ഞെക്കും ഞെക്കി!

ഒരു മാസ്ത്തയ്ക്ക് ഇടുക്കാണെങ്കില് 362 രൂപയാവുട്ടാ ചേട്ടാ! പെണ്‍കുട്ടി തിരിച്ചും ഭവ്യത!!
ചേച്ച്യൊര് കാര്യം ചെയ്യ് പയിനഞ്ചൂസത്തയ്ക്ക് ള്ളത്ട്ക്ക്! കാശ് തെകയില്ല അതോണ്ടാ! തുറന്നു പറഞ്ഞുകൊണ്ട് ജോസേട്ടന്‍ പെണ്‍കുട്ടിയുടെ സഹതാപം പിടിച്ചുപറ്റി!

"മരുന്ന് വാങ്ങ്യാലും ആള് ചാവും മരുന്ന് വാങീല്ല്യെങ്കിലും ആള് ചാവും ന്ന മട്ടിലാ കാര്യങ്ങള് പോണത്" ക്യൂവില് തൊട്ടു പിന്നില്‍നിന്നിരുന്ന ആളോട് ഒരു കമന്റ്, പിന്നലെ വിശദീകരണവും!

"അതായത് മരുന്ന് വാങ്ങ്യാല് കഞ്ഞികുടിക്കാന്‍ പിന്നെ കാശില്യാണ്ട് പട്ടിണി കെടന്ന് ചാവും! വാങീല്ലിങ്കില് അസുഖം കൊണ്ട് ചാവും" എന്നിട്ട് ചിരിതുടങ്ങി അത് വെറും ഒരു പല്ലിളിക്കലായി പരിണമിച്ചു! കാരണം കാലിന്റെ വേദന! ഈ സൌഭദ്രത്തില്‍ തുടങ്ങി പുരഞ്ജയമെന്ന് തോന്നിപ്പിക്കുന്നപോലെ എന്നൊക്കെ വേണമെങ്കില്‍ പറയാം!.

പിന്നീട് ആണ് ജോസേട്ടന്‍ സാക്ഷാല്‍ ബീവ്രവാദിയാകുന്നത്. അതായത് ബിവറേജസിലേക്കായിരുന്നു അടുത്ത പ്രയാണം!

വേദനപോണങ്കില് ഡോക്ടറുടെ മരുന്നൊന്നും പറ്റില്ല്യ! അതിന് പറ്റീത് ഇവിടെ കിട്ടും! നോക്കുമ്പോള്‍ ഒടുക്കത്തെ ക്യൂ! ഇനീം ഒരു അരമണിക്കൂറെങ്കിലും നിന്നാലെ സാധനം കിട്ടൂ. ജോസേട്ടന്‍ മിതവാദിയായി ക്ഷമയോടെ ക്യൂവിന്റെ ഭാഗമായി! ഒരിക്കല്‍പ്പോലും ആത്മഗതാഗതമോ പുട്ടിന് തേങ്ങയോ മനസ്സില്‍ പോലുമുണ്ടായില്ല! തികഞ്ഞക്ഷമയോടെ, അല്പം പോലും ധൃതി കാണിക്കാതെ, ഒരു നിമിഷത്തെ ദര്‍ശനത്തിനായി ശബരിമലയില്‍ ക്യൂനില്ക്കുന്ന ഭക്തസഹസ്രങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട് 'ഒരേഒരു ലക്ഷ്യം' എന്നമട്ടില്‍ ക്യൂ മുന്നോട്ട് നീങ്ങി നീങ്ങി അവസാനം ജോസേട്ടന്റെ ഊഴമായി!

"ചേട്ടാ 'സെലിബ്രേഷന്‍' പൈന്റ്! ജോസേട്ടന്റെ ഭവ്യഭാവം!

പൈന്റ് ഒന്നൂല്യാട്ടാ..എല്ലാം തീര്‍ന്നു! ഫുള്ള് മാത്രേള്ളൂ!!

ജോസേട്ടന് ഒട്ടും ആലോചിക്കേണ്ടിവന്നില്ല! ന്നാ ഫുള്ള് ഇട്ക്ക്!!

മരുന്നുഷോപ്പില്‍ ചോദിച്ചപോലെ എത്രയാവും ഫുള്ളിന് എന്ന് ജോസേട്ടന്‍ ചോദിച്ചില്ല! കാരണം അതറിയേണ്ട കാര്യം അയാള്‍ക്കില്ലായിരുന്നു!

എന്നിട്ട് ഇങ്ങനെ ഒരാത്മഗതം നടത്തി! " മരുന്ന് പകുതി വാങീത് നന്നായി! ല്ലിങ്കില് ഊ***നേ!! മര്ന്നിനൊക്കെ ഇത്രക്കും കാശ്കൊട്ക്കാന്ന് പറന്ഞ്ഞാലേ അത് ത്തിരി ആര്‍ഭാടാവില്ല്യേ?! ഇതാവുമ്പോ വയ്യാത്ത കാലും വച്ച് വീണ്ടും ഇങ്ങോട്ട് വരണ്ട ആവശ്യല്ല്യല്ലോ?!"

സ്വയം തലയാട്ടി, സ്വന്തം അഭിപ്രായത്തെ ശരിവച്ച് കയ്യിലിരിക്കുന്ന 'വേദനസംഹാരി' ഒന്നുകൂടെ എടുത്തു നോക്കി ആസ്വദിച്ചുകൊണ്ട് നട്ടപ്പറവെയിലത്തേക്കിറങ്ങി അയാള്‍ നടന്നു. കാലിനു വേദനയുണ്ടായിരുന്നിട്ടും വല്ലാത്ത ഒരു ധൃതി അയാളുടെ നടത്തത്തില്‍ പ്രകടമായിരുന്നു!

Friday, January 9, 2015

സ്നേഹനൊമ്പരങ്ങള്‍

കൊച്ചമ്മ്വോമ്മ വേലിക്കലെ ശീമക്കൊന്നയിലേക്ക് വലിഞ്ഞ് കൈ ഒന്നെത്തിച്ച് ഒന്നുകൂടി ഒന്നാഞ്ഞുനോക്കി!! എത്തുന്നില്ല!

"ഈ വടീംകൂടി കിട്ടിയിരുന്നെങ്കില്‍ കെണറ്റ്യേരെ ള്ള കൊപ്പയില്‍ ബാക്കി ഒരു കായേങ്കുടീള്ളത് കുത്തിയിടാമായിരുന്നു! മൂത്തട്ടൊന്നൂണ്ടാവില്ല്യാ! ന്നാലും ഒരു നേരത്തെ കൂട്ടാന് അതൊക്കെ മതി!"

"കൊച്ചമ്മ്വോമ്മ ദാരോടാ ഈ വര്‍ത്താനം പറയണേ? തന്നത്താന്‍ വര്‍ത്താനം പറയണ സൂക്കേടും തൊടങ്ങ്യോ?"

ചോദ്യം കേട്ടപ്പോത്തന്നെ ആളെ മനസ്സിലായി. അതുകൊണ്ട് തല തിരിക്കാതെ തന്നെ പറഞ്ഞു.

"രമണ്യല്ലേ അത്! ഒന്നുംപറയണ്ട ന്റെ മോളേ! തെങ്ങ് കേറാന്‍ വന്ന കേശവന്‍ ആദ്യം തന്നെ കേറി പട്ട വെട്ടീട്ട് ഇവ്ടെണ്ടായിരുന്ന ആ കുഞ്ഞിത്തോട്ടി അങ്ങട് ഒടിച്ചു!! അതോണ്ട് പ്പോ ഒരു കൊപ്പയ്ക്ക കുത്തിടാനോ രണ്ട് മുരിങ്ങയ്ക്ക പൊട്ടിക്കാനോ രണ്ട് മാങ്ങ പൊട്ടിച്ച് ചമ്മന്തി അരയ്കാനോ പറ്റാണ്ടായി!! അതാ പ്പോ അവനെക്കൊണ്ട് ണ്ടായ്യേക്കണ ഒരുപകാരം!!"

നോക്കുമ്പോള്‍ ചെറിയ വടികള്‍ തുണികൊണ്ടും ചാക്കുചരടു കൊണ്ടും കൂട്ടിക്കെട്ടി പാമ്പിനെപ്പോലൊരു നീളന്‍ കോല്! അതുകൊണ്ട് ഒരു ദിവസം മുഴുവന്‍ ശ്രമിച്ചാലും ഒരില പോലും ഇളക്കാനാവില്ല!

രമണിക്ക് ചിരി സഹിച്ചില്ല!..ആ ചിരിയോടെത്തന്നെ അവള്‍ പറഞ്ഞു!

"അങ്ക്ട് മാറിനിക്ക്വോ! ഞാന്‍ നോക്കട്ടെ! അല്ലാ പ്പെന്തിനാ ആ കൊപ്പക്കായ?! അത് മൂത്തട്ടില്ല്യാ കൊച്ചമ്മ്വോമ്മേ"

"നിന്നോട് ഞാന്‍ പറഞ്ഞിട്ടില്യേ ഇന്നെ പേരെടെത്ത് വിളിക്കരുതെന്ന്" വാത്സല്യത്തോടെ തല്ലാനാഞ്ഞുകൊണ്ട് കൊച്ചമ്മ്വോമ്മ തുടര്‍ന്നു! "അല്ലാ നീയിപ്പോ എങ്ങ്ട് പോയീട്ടാ ഈ വരവ്"?!
നിന്റഛ്ചന്‍ ബാലന്നായര് ന്ന് പറയണ മഹാന്‍ ഇവിടെത്തന്നെണ്ടോ..അതോ ശീമയ്ക്ക് പോയ്യ്വോ? ഒന്ന് ഇത്രടം വരാമ്പറഞ്ഞിട്ട് ആഴ്ച്ച രണ്ടായി!

"അതും ഒരു വിശേഷാ..!! അഛ്ചനെന്താ തോന്ന്യേന്നറിയില്ല, ന്നാള് എന്തോ കേസാവശ്യത്തിന് ടൌണീപ്പോയപ്പോ ഒരു ബ്ലൌസിന്റെ തുണീം എടുത്തോണ്ട് വന്നേക്കണു. അത് ആ ദേവയാനീടവടെ തുന്നാന്‍ കൊടുത്തു. ഇന്നു തരാന്നാ പറഞ്ഞേര്‍ന്നെ! ചെന്നപ്പോ കഴിഞ്ഞട്ടില്ല്യാത്രെ!! ഉച്ചക്ക് വന്നാ തരാന്നു പറഞ്ഞു"!

"ങ്ങാ..അവനെന്തെങ്കിലും കണ്ടട്ട്ണ്ടാവും" എന്നിട്ട് ഒരു രഹസ്യം ചോദിക്കുന്ന മാതിരി "നിനക്ക് വല്ല ആലോചനേം വന്നണ്ടോടീ പെണ്ണേ"?!

നാണം കൊണ്ട് പെണ്ണിന്റെ മുഖം ചുവന്നു! അത് മറയ്ക്കാനായി അല്പം ഉറക്കെത്തന്നെ പറഞ്ഞു! "അതേയ്.. അങ്ങനെ വല്ലോം ണ്ടെങ്കില് അത് ഇവിടെത്തന്ന്യാ ആദ്യം വന്ന് പറയ്വാ..അതോണ്ട് ഇപ്പോ തല്‍ക്കാലം നമുക്ക് കൂട്ടാന്റെ കാര്യം അലോചിക്കാം"!

പറച്ചിലും കഴിഞ്ഞു നേരെ മാവിഞ്ചോട്ടിലേക്ക് നടക്കലും കഴിഞ്ഞു! ഒടിഞ്ഞ തോട്ടീടെ കമ്പെടുത്ത് മാവിലേക്ക് ഒരേറ്! ആദ്യം വിജയിച്ചില്ലെങ്കിലും മൂന്നാമത്തെ ഏറിന് നാലെണ്ണം താഴെവീണു!
പിറകെ കൊച്ചമ്മ്വോമ്മ നടന്നെത്തുമ്പോഴേക്കും മാങ്ങയും കൊണ്ട് ആള് റെഡി!

"ങ്ങാ നീ പൊട്ടിച്ച്വോ?! ആവതില്ല്യ കുട്ട്യേ..അതോണ്ടാ ഇതിനൊന്നും നിക്കാത്തത്! ത്തിരി ചക്കക്കുരു അവടെ കെടക്ക്ണ്ട് ഞാന്‍ അതൊന്ന് നന്നാക്കിയെടുക്കാം!"

"നിക്കാന്‍ നേരല്ല്യ കൊച്ചമ്മൂ..എവിടെ തേങ്ങ?!" ചോദ്യത്തിനു പിറകേത്തന്നെ തെങ്ങയെടുത്ത് പൊതിച്ച് ഉടച്ച് ആ വെള്ളം കൊച്ചുപിള്ളേരെപ്പോലെ അങ്ങനെത്തന്നെ വായിലേക്ക് കമഴ്ത്തി!

"തേങ്ങ ഒരു മുറി എടുത്താപ്പോരേ?"

"പെണ്ണേ..നീ അതവടെ വച്ചേക്ക്..ഞാന്‍ ചെയ്തോളാം..ഇവടെ വീട്ടുപണിയെടുക്കാനാ നീയിങ്ങോട്ട് ഓടിവന്നത്?!" ചക്കക്കുരു നന്നാക്കല്‍ നിര്‍ത്തി കൊച്ചമ്മ്വോമ്മ എന്തോ നഷ്ടബോധത്തോടെ അവളെയും നോക്കിയിരുന്നു!

ഇത്തിരി അകന്ന ബന്ധമാണെങ്കിലും സ്ഥാനം കൊണ്ട് അവള്‍ തന്റേയും മോളുതന്നെ!. അവള്ടെയഛ്ചന്‍ ബാലനും, ജ്യേഷ്ഠന്‍ നാരായണനും, അനിയന്‍ കുഞ്ഞുകുട്ടനും ഭര്‍ത്താവിന്റെ പിതൃസഹോദരീ പുത്രന്മാരാണ്! നാരായണനും കുഞ്ഞൂട്ടനും സര്‍ക്കാരുദ്യോഗസ്ഥരായതുകൊണ്ട് അവരുടെ ജോലിക്ക് സൌകര്യമുള്ളിടങ്ങളില്‍ തന്നെയായിരുന്നു സ്ഥിരതാമസം നാരായണന്‍ പെന്‍ഷനാവേം ചെയ്തു! മക്കള്‍ടെയൊക്കെ കല്യാണോം കഴിഞ്ഞു. ആണ്ടിനും ചക്രാന്തിക്കും മാത്രായി നാട്ടില്‍ വരവ്! കുഞ്ഞൂട്ടന് ഇനീണ്ട് കുറച്ച് കൊല്ലങ്ങള്‍ കൂടി! മക്കളൊക്കെ ബാംഗ്ലൂരും വിദേശത്തുമൊക്കെയാണ് പഠിക്കുന്നത് എന്നാണ് കിഴുവീട്ടിലെ മാലതി വന്നപ്പോ പറഞ്ഞത്.

ബാലന്‍ ഒരു പൊട്ടനാ! പണ്ടേ ആരെങ്കിലും ഒന്ന് എരികേറ്റിക്കൊടുത്താ നിന്ന് തുള്ളിക്കോളും! ചേട്ടനും അനിയനും പഠിച്ച് ജോലിനേടിയപ്പോള്‍ പ്രമാണിയായ അഛനൊപ്പം പാടത്തേം പറമ്പിലേം കാര്യങ്ങള്‍ നോക്കാനും ഒക്കെയായി കൃഷിയുടെ പിന്നാലെ നടന്നു. അന്നത് വലിയകാര്യം തന്നെയായിരുന്നു. അതുകൊണ്ടുതന്നെയാണ് മറ്റുള്ളവര്‍ ഉദ്യോഗം മാത്രം നോക്കി സാധാരണയിടങ്ങളില്‍ നിന്നും കല്യാണം കഴിച്ചപ്പോള്‍ ബാലന് നാട്ടിലെ ഏറ്റവും പ്രമാണിത്തമുള്ള തറവാട്ടില്‍ നിന്നും പെണ്ണുകിട്ടിയത്! വെളുത്തു കുറുതായി ഐശ്വര്യവും സൌന്ദര്യവും ഒത്തിണങ്ങിയ സമൃദ്ധമായ ചുരുണ്ട മുടിയുമുള്ള ശാരദ! ആ ഭംഗി അത്രയ്ക്കില്ലെങ്കിലും അതുപോലെത്തന്നെ രമണിക്കും കിട്ടിയിട്ടുണ്ട്! സന്തോഷം നിറഞ്ഞ നാളുകള്‍ പെട്ടെന്നാണ് അവസാനിച്ചത്. ഭാഗം നടത്താതിരുന്നപറമ്പില്‍ അഛനുണ്ടാക്കി വച്ച ബാദ്ധ്യതയുടെ പേരും പറഞ്ഞ് പരാതിക്കാരും വക്കീലും കോടതിയുമായി നല്ലോരു ഭാഗം നഷ്ടപ്പെട്ടു! ബാക്കിവന്നത് ഇനിയും നഷ്ടപ്പെടാതിരിക്കാന്‍ സഹോദരങ്ങള്‍ തന്നെ ഭാഗം വച്ച് പിരിഞ്ഞു! മറ്റുള്ളവര്‍ക്ക് ജോലിയുണ്ടായിരുന്നതിനാല്‍ അതുകൊണ്ടൊരു പ്രശ്നവുമുണ്ടായില്ല! എന്നാല്‍ ബാലന്റെ കാര്യം പരിതാപകരമായി! വലിയൊരു കൂട്ടുകുടുംബമായിരുന്നതിനാല്‍ ഭാര്യവീട്ടില്‍നിന്നും പറയത്തക്ക വലിയ സഹായമൊന്നും ഉണ്ടായതുമില്ല! കൂനിന്മേല്‍ കുരു എന്നു പറഞ്ഞതുപോലെ രണ്ടാമത്തെ പ്രസവത്തില്‍ ശാരദയും അരങ്ങൊഴിഞ്ഞു! അന്ന് രമണിക്ക് നാലോ അഞ്ചോ വയസ്സുകാണും! പിന്നെ അവള്‍ക്ക് രണ്ട് അമ്മമാരായിരുന്നു! ശാരദയുടെ ചേച്ചി സരോജിനിയും മക്കളില്ലാതിരുന്ന താനും! ആശയക്കുഴപ്പമില്ലാതിരിക്കാന്‍ അവള്‍ തന്നെ കണ്ടുപിടിച്ചമാര്‍ഗ്ഗമാണ് ഈ പേരും ചേര്‍ത്തുള്ള വിളി! അതോണ്ട് ഒരലോസരം ഒട്ടിണ്ടായിട്ടില്ല്യേനും!

"ആ ചക്കക്കുരു ഒന്നിങ്ങട് കൊണ്ടര്ണ്ടോ? ന്നട്ട് ഇര്ന്ന് സ്വപ്നം കണ്ടോളോ..അല്ല ആരാ ആ കാമദേവന്‍?"

അവളുടെ പരിഹാസരൂപേണയുള്ള ശാസന കൊച്ചമ്മ്വോമ്മയെ ചിന്തയില്‍ നിന്നുണര്‍ത്തി!
ജാള്യതയോടെ മറുപടിയും പറഞ്ഞു.

"ന്റെ കാമദേവനെക്കുറിച്ചല്ല നിന്നെ കെട്ടാന്‍ വരണ കാമദേവനെക്കുറിച്ചാ ഞാന്‍ ആലോചിച്ചേര്‍ന്നത്..അല്ലെങ്കിലും അധികകാലം ഇവിടിങ്ങനെ വന്ന് നെരങ്ങാന്‍ നിനക്കിനി പറ്റില്ല്യാ..അതൊക്കെ ഇപ്പൊ നിക്കും"

അവളുടെ മുഖം കനത്തു! പല്ലുകടിച്ചുകൊണ്ട് അവളെന്തോ പിറുപിറുത്തു!

ഉച്ചയൂണും കഴിഞ്ഞ് ഉമ്മറത്ത് വന്ന് മുറ്റത്തെ തീവെയിലും നോക്കിയിരിക്കുമ്പോള്‍ കൊച്ചമ്മ്വോമ്മ രമണിയുടെ അടുത്തുവന്നിരുന്നു. വരണ്ട കാറ്റില്‍ മുറ്റത്തെ കരിയിലകള്‍ കരകരാ ശബ്ദമുണ്ടാക്കി നിരങ്ങി നീങ്ങിപ്പോയി! കിളയും നനയുമൊന്നുമില്ലാത്ത പറമ്പിലെ പാതിഉണക്കം ബാധിച്ച ചെറിയ ചെടിക്കള്‍ പ്രതിരോധമൊന്നുമില്ലാതെ കാറ്റിനു കീഴടങ്ങി ആടിക്കൊണ്ടിരുന്നു. ഇരതേടല്‍ നിർത്തിയ കോഴികൾ മുറ്റത്തെ മാവിൻ ചുവട്ടിലെ തണലില്‍ ചിറകു പരത്തി തല പൂഴ്ത്തിക്കിടന്നു. അമ്മണിയമ്മയുടെ പറമ്പിലെ കടപ്ലാവിന്റെ തണലില്‍ അയവിറക്കിക്കൊണ്ട് കിടന്ന പൂവാലി താനിവിടെയുണ്ട് എന്നറിയിക്കാനോ എന്തോ ചെറിയ ശബ്ദത്തില്‍ ഒന്നമറി!

കൊച്ചമ്മ്വോമ്മ അവളുടെ കയ്യെടുത്ത് പതുക്കെ തലോടിക്കൊണ്ട് പറഞ്ഞു.
"ന്റെ മോള്‍ക്ക് ദേഷ്യം വന്നുല്ലേ?! അമ്മ ദേഷ്യപ്പെടാന്‍ വേണ്ടിപ്പറഞ്ഞതല്ല. അങ്ങനെയാണ് ജീവിതം. കല്യാണൊക്കെക്കഴിഞ്ഞ് ഭര്‍ത്താവും മക്കളുമൊക്കെയായി പുതിയൊരു ലോകം! അപ്പോ ഈ കുസൃതീം ദേഷ്യോം ഒക്കെ മാറും. ഇപ്പൊ തല്‍ക്കാലം നീ പോയി തുന്ന്യേ ബ്ലൌസ് വാങ്ങിക്ക്! ന്നാ ദ് വച്ചോ" കയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന കുറച്ച് നോട്ടുകള്‍ അവളുടെ കയ്യിലേക്ക് പിടിപ്പിച്ചു!"

പെട്ടെന്ന് കൈവലിച്ചുകൊണ്ട് അവള്‍ പ്രതികരിച്ചു! " ന്റെ കയ്യില് ന്റെഛ്ചന്‍ തന്ന കാശ്ണ്ട്, തലക്കാല്ം ഇനിക്കിപ്പോ ദ് വേണ്ട! ഇതിനൊന്നും വേണ്ടീട്ടല്ല ഞാന്‍ ഇങ്ങട് വരണത്" ഞാന്‍ പൂവ്വാ"!! അവളെഴുന്നേറ്റു ഇറങ്ങാന്‍ ഭാവിച്ചപ്പോള്‍ അവളുടെ നിറഞ്ഞകണ്ണുകള്‍ ശ്രദ്ധിച്ചുകൊണ്ട് കൊച്ചമ്മ്വോമ്മ പറഞ്ഞു.

ചിരിച്ചോണ്ട് കേറിവന്ന കുട്ട്യേ ഞാന്‍ കരയിച്ചൂലോ ന്റെ കൃഷ്ണാ! ചിലനേരത്ത് അമ്മയിങ്ങന്യാ ന്റെ കുട്ട്യേ..ഇവിടത്തെയാളും മരിക്കണവരെ എപ്പഴും ഇതുതന്ന്യാ പറയാറ്; കൊച്ചമ്മ്വോ നീയെന്തൊക്ക്യാ പറയണേന്ന് നിന്‍ക്ക് വല്ല നിശ്ചയോണ്ടോന്ന്". ഇപ്പോ ദ് വേണ്ടെങ്കി വേണ്ട! ന്റെ കാലശേഷം ദൊക്കെ നിന്‍ക്ക് തന്ന്യാ.. അതിനും ഇനി താമ്സൊന്നൂല്ല്യാന്നാ തോന്നണേ. ചെറിയൊരു വിഷാദത്തോടെ പറഞ്ഞുനിര്‍ത്തി ഇളം തിണ്ണയിലേക്കിരുന്നു കൊച്ചമ്മ്വോമ്മ.

നിറഞ്ഞുവന്ന ഗദ്ഗദം വലിയൊരു കരച്ചിലാകാതിരിക്കാന്‍, തിരിഞ്ഞുനോക്കാതെ അവള്‍ പറഞ്ഞു " ഈ കരച്ചിലിനു വേണ്ടിത്തന്ന്യാ ഞാന്‍ ഇങ്ങോട്ട് നേരം കിട്ടുമ്പോ ഓടിവരണത്! ഇതിന്റെ സുഖം ഏതു ചിരിക്ക്ണ്ട്ന്നാ കൊച്ചമ്മ്വോമ്മ പറയണേ?!" എന്നിട്ട് കയ്യെത്തിച്ച് ഒരു കിളുന്നു ചാമ്പക്ക പൊട്ടിച്ചെടുത്ത് അടര്‍ത്തി വായിലേക്കിട്ടുകൊണ്ട് വേഗം നടന്നു പടിക്കല്‍ ചെന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.

"ഞാന്‍ എറങ്ങുണൂട്ടോ..!! അഛ്ചനോടിങ്ങട്ട് നാളെത്തന്നെ വരാമ്പറയാം"!

മിഴിനീരിനിടയിലൂടെ കൊച്ചമ്മ്വോമ്മ ഒന്നു മന്ദഹസിച്ചു! പിന്നെ പതിയെ അകത്തുകടന്ന് വാതിലടച്ചു!

പേരില്ലാത്തൊരു താടിക്കാരന്‍

മരം കോച്ചുന്ന തണുപ്പുള്ള ഒരു ഡിസംബര്‍മാസ രാത്രിയില്‍ അയാള്‍ ആ അനാഥാലയത്തിലേക്ക് കയറിച്ചെന്നു. സിസ്റ്റ്ര്‍ ആഞ്ജെല എന്ന തൊടുപുഴക്കാരി ലില്ലിക്കുട്ടിക്കായിരുന്നു ഇന്‍ചാര്‍ജ്ജ്!അവളാണ് അയാളെ അറ്റന്‍ഡ് ചെയ്തത്! അയാളുടെ മുഖത്തെ തൊട്ടാവാടിപ്പൂവിനെ അനുസ്മരിപ്പിക്കുന്ന ശ്മശ്രുക്കള്‍ അവളെ കുറച്ചൊന്ന് ഇറിറ്റേറ്റ് ചെയ്തെങ്കിലും "ഞാന്‍ മദറിനെ വിളിക്കാം" എന്നൊരു മറുപടിയില്‍ അയാളെ തെല്ലകലെ ഇട്ടിരുന്ന സെറ്റിയിലേക്ക് പറഞ്ഞയക്കാന്‍ അവള്‍ക്കു സാധിച്ചു! സത്യത്തില്‍ അയാളുടെ കയ്യിലിരുന്ന സഞ്ചിയില്‍ സാധാരണയില്‍ കവിഞ്ഞ വലിപ്പമുള്ള രണ്ടു മത്സ്യങ്ങളായിരുന്നു എന്നത് അവളുടെ കൌതുകം വര്‍ദ്ധിപ്പിച്ചു!

അഞ്ചുമിനിറ്റിന്റെ ഇടവേളയില്‍ മദര്‍ സുപ്പീരിയര്‍ റിസപ്ഷനിലെത്തി!അതുകണ്ടെന്നോണം ആഗതന്‍ സെറ്റിയില്‍ നിന്നും അവര്‍ക്കു മുന്നിലെത്തി! പക്ഷേ ഒന്നും പറയാതെ ചോദ്യങ്ങള്‍ക്കായി അയാള്‍ ചെവിയോര്‍ത്തു!

പ്രതീക്ഷിച്ച ചോദ്യങ്ങള്‍ പലതു കഴിഞ്ഞു. എല്ലാത്തിനും അയാള്‍ തൃപ്തികരമായ മറുപടിയും കൊടുത്തു. വന്ന ഉദ്ദേശം! അതൊഴികെ!

മദര്‍ വീണ്ടും ചോദിച്ചു! "നിങ്ങള്‍ ഈ സമയത്ത് ഇവിടെ വന്നത്?!!"

അയാളൊന്നു ചിരിച്ചു! എന്നിട്ടു തുടര്‍ന്നു! "ഞാന്‍ ഒരനാഥനാണമ്മേ!" അനാഥര്‍ക്കുള്ളതല്ലേ അനാഥാലയങ്ങള്‍?!

ചോദ്യം നൂറുശതമാനം ശരി! പക്ഷേ മദറിനതു പോര!

"അസമയത്ത് വന്ന് ഇങ്ങനെ വെറുതേ പറഞ്ഞാല്‍ അങ്ങനെയൊരാളെ അക്കോമൊഡേറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്" എന്നൊരു മറുപടിയില്‍ അയാളെ അവര്‍ നിസ്സഹായനാക്കി!

അതേ സമയം ഇടക്കിടക്കുള്ള വാച്ചിലേക്കുള്ള അയാളുടെ നോട്ടം അവരെ അസ്വസ്ഥയുമാക്കി!

അയാളുടെ മുഖം അല്പം കനത്തു!എങ്കിലും അയാള്‍ ശബ്ദം മൃദുവാക്കി അവരോടു പറഞ്ഞു!

"ഞാന്‍ നിങ്ങള്‍ ക്ഷണിച്ചിട്ടു വന്നയാളാണ്! സംശയമുണ്ടെങ്കില്‍ എന്നെ ക്ഷണിച്ചയാളെ വിളിച്ച് നിങ്ങള്‍ക്ക് ചോദിക്കാം!"

ഇംപോസ്സിബ്ള്‍!! ഞങ്ങള്‍ ആരെയും ഇന്നത്തെ രാത്രി ക്ഷണിച്ചിട്ടില്ല! പ്രാര്‍ത്ഥനയെത്തിക്കും മുമ്പ് ഞങ്ങള്‍ രജിസ്റ്റര്‍ ക്ലോസ് ചെയ്യുകയാണ് പതിവ്! അതില്‍ ഇങ്ങനെയാരേയും ഞങ്ങള്‍ ക്ഷണിച്ചതായോ വിളിച്ചതായോ ഇല്ല"! അതു സത്യമായിരുന്നു! പക്ഷേ ദുരൂഹതയേറുന്നു!

അയാള്‍ അപേക്ഷിച്ചു! "എന്റെ കയ്യില്‍ മീനാണുള്ളത് അത് കേടാവാതെ എവിടെയെങ്കിലും വയ്ക്കണം"!

നിങ്ങള്‍ വന്നതു തന്നെ ഞങ്ങള്‍ വിളിക്കാതെയാണ് അപ്പോള്‍ പിന്നെ നിങ്ങളുടെ മത്സ്യത്തിന് ഞങ്ങള്‍ക്കെന്തു ബാദ്ധ്യത?!

അയാളുടെ ശബ്ദത്തിലെ മൃദുത്വം മദറിനെ ആര്‍ദ്രയാക്കിയെങ്കിലും സാങ്കേതികമായ കാരണങ്ങളാല്‍ മദര്‍ നിര്‍വ്വികാരയായി അഭിനയിച്ചു!

അയാള്‍ വീണ്ടും അപേക്ഷിച്ചു! നിങ്ങളുടെ കുഞ്ഞുങ്ങള്‍ വിളിച്ചിട്ടാണ് ഞാന്‍ വന്നത്! അല്ലെങ്കില്‍ അവരോടു ചോദിക്കൂ!

"പാതിയുറക്കമായ കുഞ്ഞുങ്ങളോടെന്തു ചോദിക്കാന്‍! തന്നെയുമല്ല അവര്‍ക്കൊന്നും ഫോണ്‍ ഉപയോഗിക്കാന്‍ തന്നെയറിയില്ല! നിങ്ങള്‍ പറയുന്നത് മുഴുവന്‍ കള്ളമാണ്! നിങ്ങള്‍ പോയില്ലെങ്കില്‍ ഞങ്ങള്‍ക്ക് പോലീസിനെ വിളിക്കേണ്ടിവരും!" മദറിന്റെ ശബ്ദം കര്‍ക്കശമായി!

ശ്മശ്രുക്കള്‍ തടവി അയാള്‍ ചിരിച്ചു! "പോലീസ്! എനിക്കും കുഞ്ഞുങ്ങള്‍ക്കുമിടയില്‍ അവര്‍ക്കെന്തുകാര്യം"!

ലില്ലിക്കുട്ടിയ്ക്കെന്തോ കൌതുകം പെരുത്തുവന്നു! പണ്ട് കര്‍ത്താവ് പറഞ്ഞ ചില വചനങ്ങള്‍ അവള്‍ക്കോര്‍മ്മവന്നു! "കുഞ്ഞുങ്ങളെ എന്റെയരികില്‍ വരാനനുവദിക്കുവിന്‍!"

അവളെ ഞെട്ടിച്ചുകൊണ്ട് ക്ലോക്കില്‍ പന്ത്രണ്ടിന്റെ മണിമുഴക്കം തുടങ്ങി!

വീണ്ടും അയാളെ നോക്കുമ്പോള്‍ ലില്ലിക്കുട്ടിക്കൊരു കാര്യം മനസ്സിലായി! ഇദ്ദേഹത്തിന് കര്‍ത്താവിന്റെ മുഖഛ്ചായയുണ്ട്! ധര്‍മ്മസങ്കടത്തോടെ അവള്‍ തര്‍ക്കിച്ചുനില്‍ക്കുന്ന മദറിനു നേരെനോക്കി!

രണ്ടും കല്പിച്ചുകൊണ്ട് അവള്‍ മദറിനോടു പറഞ്ഞു! "രാത്രി ഇത്രവൈകിയ സ്ഥിതിക്ക്...ഒന്നൂടാലോചിച്ചൂടെ മദര്‍"?!

മദര്‍ അവളെ കനപ്പിച്ചൊന്നു നോക്കി! ആഗതന്‍ പ്രതീക്ഷയോടെ മദറിനെ നോക്കി!

കനത്തുവരുന്ന നിശ്ശബ്ദത ഒന്നിനും പരിഹാരമാകില്ലെന്നുകണ്ട് ലില്ലിക്കുട്ടി കല്പിച്ചു! നിങ്ങള്‍ ഔട്ട് ഹൌസിലേക്കു പോകു! ദേവസ്സി സൌകര്യങ്ങള്‍ ചെയ്തുതരും!

വിളര്‍ത്തുപോയ മദര്‍ അമ്പരപ്പോടെ അവളെനോക്കി! അവള്‍ വളര്‍ന്ന് തട്ടിട്ടമുറിയുടെ തട്ടേല്‍ ചെന്നു മുട്ടിനില്‍ക്കുന്നതുപോലെ മദറിനു തോന്നി!

ആഗതന്‍ നന്ദിയോടെ ലില്ലിക്കുട്ടിയെ നോക്കി ചിരിച്ചു! അവള്‍ ഭയപ്പടോടെ തിരിച്ചും ഒന്നിളിച്ചുകാട്ടി!
രാവിലെ മദറിന്റെ അന്ധാളിപ്പോടെയുള്ള വിളികേട്ടാണ് ലില്ലിക്കുട്ടി ഉണര്‍ന്നത്! നേരമങ്ങു വെളുത്തുപോയിരുന്നു!

"ഏഞ്ജലാ!..ഇന്നലെ നമ്മള്‍ ഔട്ഹൌസില്‍ തങ്ങാനനുവദിച്ചയാളെ കാണുന്നില്ല! എന്തൊക്കെ ചെയ്തേച്ചും പോയതാണോ എന്തോ! ഞാന്‍ പോലീസിനെ വിളിക്കട്ടെ!"

"അഴിഞ്ഞുപോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയതു എന്നു യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ പുകഴ്ചെക്കും തേജസ്സിന്നും മാനത്തിന്നുമായി കാണ്മാൻ അങ്ങനെ ഇടവരും"

ദേവസ്യേട്ടന്റെ ശബ്ദമാണല്ലോ?!!

ചെന്നുനോക്കുമ്പോള്‍ കാണുന്നകാഴ്ച്ച! പുതുവസ്ത്രങ്ങളണിഞ്ഞ കുട്ടികള്‍ അവര്‍ക്കുള്ള ഉച്ചഭക്ഷണം വരെ തയ്യാര്‍!

ദേവസ്സീ എന്താ ഇവിടെ നടക്കുന്നത്?! മദറിന്റെ സാഹിത്യം വഴിയുന്ന ചോദ്യത്തിന്
"മേലിൽ നിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവൻ ; ഭൂമിയിൽ നിന്നുള്ളവൻ ഭൌമികൻ ആകുന്നു; ഭൌമികമായതു സംസാരിക്കുന്നു; സ്വർഗ്ഗത്തിൽനിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനായി താൻ കാൺകെയും കേൾക്കയും ചെയ്തതു സാക്ഷീകരിക്കുന്നു;:" എന്ന യോഹന്നാന്‍ വചനമായിരുന്നു മറുപടി!

അന്തിച്ചു നില്‍ക്കുന്ന മദറിനോടും ലില്ലിക്കുട്ടിയോടും പരിശുദ്ധ ദേവസ്സി ഇപ്രകാരം പറഞ്ഞു!
"കര്‍ത്താവായിരുന്നു വന്നത്! കാലത്തുതന്നെ എവിടെനിന്നോ കുട്ടികള്‍ക്കുള്ള ഭക്ഷണത്തിനുള്ള സാധനങ്ങള്‍ ഇവിടെയെത്തി! അതുമുഴുവന്‍ കര്‍ത്താവ് പാകം ചെയ്തു! കുട്ടികള്‍ക്കുള്ള വസ്ത്രങ്ങളും അവന്‍ തന്നെ നല്കി! അവൻ വാരി വിതറി ദരിദ്രന്മാർക്കും കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനിലക്കുന്നു; അവന്റെ കൊമ്പു ബഹുമാനത്തോടെ ഉയർന്നിരിക്കും"

ലില്ലിക്കുട്ടി മദറിനെ നോക്കി! പിന്നെ പരിഭ്രമത്തോടെ ഓടി മുറിയിലെത്തി ബൈബിള്‍ എടുത്തു നിവര്‍ത്തി! അതില്‍ നിന്നും താഴെവീണ കടലാസ് എടുത്തു നിവര്‍ത്തി അവള്‍ വായിച്ചു!
"നിന്ദ എന്റെ ഹൃദയത്തെ തകർത്തു, ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു; വല്ലവന്നും സഹതാപം തോന്നുമോ എന്നു ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല; ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും-സങ്കീര്‍ത്തനങ്ങൾ/അദ്ധ്യായം 69"

പേരില്ലാത്തൊരു താടിക്കാരന്‍ ബസ്റ്റാന്‍ഡിലെ പെട്ടിക്കടയില്‍നിന്നും ഒരു ചായ വാങ്ങി ഊതിക്കുടിച്ചു! പിന്നെ തന്റെ ഡയറി തുറന്ന് പുതിയ ഒരു മേല്‍വിലാസം കണ്ടെത്തി അന്നു പോകേണ്ട ഇടം ഉറപ്പിച്ചു! പിന്നെ അങ്ങോട്ടുള്ള ബസ്സില്‍ക്കയറിയിരുന്ന് പത്രം എടുത്തു നിവര്‍ത്തി!

ചില പ്രത്യേക പരസ്യങ്ങള്‍

ദുഫായിലെ റേഡിയോ പരസ്യങ്ങള്‍ നമ്മളോട് വ്യംഗ്യമായി ചോദിക്കുന്നു "നാണോമ്മാനോണ്ടോ?"
ഓരോ വിഭാഗം പരസ്യങ്ങളും നമ്മെ വല്ലാതെ ലജ്ജിപ്പിക്കും.

1) ഹോട്ടല്‍-റെസ്റ്റോറന്റ്-ചായ-കാപ്പി

മിക്കവാറും എല്ലാ ഹോട്ടലുകളും പ്രവാസിയുടെ നൊസ്റ്റാള്‍ജിയയുടെ മൂന്നും കൂട്ടി പിടിച്ച് ഞെക്കുന്ന തരത്തിലുള്ള പേരുകളിലാണ് പരസ്യം! തറവാട്, പടിപ്പുര, നാലുകെട്ട്, തട്ടിന്‍പുറം, മച്ചകം, സ്രാംബി, അടുക്കള, പശുത്തൊഴുത്ത്, കഴുക്കോല്, പറ, എടങ്ങഴി, കോളാംബി എന്നിങ്ങനെ ഫ്യൂഡല്‍ മുദ്രകളും നാമങ്ങളും!(തക്കാരം, കറിച്ചട്ടി, കുഴുതല്, ആപ്പച്ചട്ടി, വെളിച്ചെണ്ണക്കുപ്പി എന്നിങ്ങനെ വേറൊരു വിഭാഗവുമുണ്ട്)

ഇവിടെ കിട്ടുന്ന ഭക്ഷണങ്ങളോ ഫീകരനാമങ്ങള്‍! 'അട്ടപ്പാടിച്ചിക്കന്‍, വരമ്പത്തെ പോത്ത്, ആടിനെ ഓടിച്ചിട്ട് വറ്റിച്ചത്, അമ്മച്ചിപ്ലേറ്റൂണ്, മുളകിടിച്ച കോഴി, കുട്ടനാട്ടില്‍ പട്ടിപിടിച്ച താറാവ്, മത്തി ആനചവിട്ടിയത്, ആടിന്റെ അദൃപ്പം, കടലിന്റെ കുദ്രത്ത്, പോത്തിന്റെ തിരുവാതിരക്കളി, അങ്ങനെയങ്ങനെ കുട്ടിക്കാലത്ത് എല്ലാപ്രവാസികള്‍ക്കും അവരുടെ വീടുകളില്‍ അമ്മമാര്‍ ഉണ്ടാക്കികൊടുത്തിരുന്ന കറികള്‍, കൂടെ പുലി ടീയുടെ ജിഞ്ചര്‍ ചായ, അതും മില്ല്യണ്‍സിന്റെ ബിസിനസ്സ് ഡീലാക്കി വരുന്ന പുങ്കന് ഭാര്യേടെ വക, "അമ്മണ്ടാക്യ ചായടെ രുച്യല്ല ദ് ഭാര്യണ്ടാക്ക്യ ചായടെ രുച്യാ" ന്നൊരു ഭീഷണിയോടെ.

2) ജ്വല്ലറി-ആഭരണ-വസ്ത്ര പരസ്യങ്ങള്‍

ഇതെപ്പോഴും രണ്ട് തായ്കുലമകുടങ്ങളായ പൊട്ടികളായിരിക്കും പറയുക! മഞ്ജുവാര്യര്‍ വന്നശേഷം വാരസ്യാരാണ് ഒരു ജ്വല്ലറിപാര്‍ട്ടിക്കുവേണ്ടി നിവേദനവും കൊണ്ടുവരുന്നത്! അതിങ്ങനെ " നമസ്കാരം ഞാന്‍ മഞ്ജുവാര്യര്‍! "കളിയാണ്" ജ്വല്ലറിയില്‍ നിന്നും 10000 ദിര്‍ഹത്തിന് സ്വര്‍ണ്ണം വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് മില്ല്യണയറ്‍ ആകാനുള്ള ചാന്‍സ് ലഭിക്കുന്നു! അതുകൊണ്ട് ഭക്ഷണത്തിനും താമസത്തിനും വീട്ടുചെലവിനും കൊടുത്ത് പണം വെറുതേകളയാതെ ഇന്നു തന്നെ "കളിയാണ്" ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം വാങ്ങി കോടീശ്വരന്‍മാരാകൂ!" (ഒരു ചാന്‍സേ!)

3) റിയല്‍ എസ്റ്റേറ്റ്-കാറ്

മുടിയ്ക്കാനുണ്ടായ പെണ്ണിന് മൂളയില്ല്ലാപ്പയ്യന്‍ എന്നമട്ടിലായിരിക്കും ഈ ദമ്പതികള്‍!
പെണ്ണു പറയും:-

"ചേട്ടാ നാളെയല്ലേ ചേട്ടന്റെ ബെര്‍ത്ഡേ ഞാന്‍ ചേട്ടന് ഒരു സര്‍പ്രൈസ് വച്ചിട്ടുണ്ട്,

അപ്പോള്‍ ചേട്ടന്‍: അതെന്താ ഡാര്‍ലിംഗ്? (ഡാര്‍ലിംഗ്! ഏതുവീട്ടില്‍ ഇങ്ങനെ വിളിക്കുന്നാവോ)

അപ്പോള്‍ ഡാര്‍ലിംഗ്: ചേട്ടാ കാക്കനാടിനോട് തൊട്ടടുത്തുള്ള കട്ടപ്പനയില്‍ കോണ്‍ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ പുതിയ ഗേറ്റ് കമ്മ്യൂണിറ്റി വരുന്നു! ഞാന്‍ ഒന്നും നോക്കിയില്ല ഉടനെതന്നെ നാലെണ്ണം ബുക്ക് ചെയ്തു! നെടുംബാശ്ശേരി എയര്‍പോര്‍ട്ടിന് തൊട്ടടുത്തായതിനാല്‍ ഒന്നു നമുക്കെടുത്തിട്ട് ബാക്കി മൂന്നെണ്ണം വെറുതേയിട്ട് മാസം അമ്പതിനായിരം രൂപയുടെ വരുമാനമുണ്ടാക്കാം (ഉണ്ട!) പിന്നെ കോണ്‍ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ പാരമ്പര്യം അതുമാത്രം പോരെ!!(വീട് കിട്ടിയില്ലെങ്കിലും)

അപ്പോള്‍ ചേട്ടന്‍: നീയാണെടി യഥാര്‍ത്ഥഭാര്യ! നീയും കോണ്‍ഫിനാന്‍ഷ്യല്‍ഗ്രൂപ്പുമാണ് എന്റെ ഐശ്വര്യം!!!
(ഡാര്‍ലിംഗും പോയി ഡൂര്‍ലിംഗും പോയി! ങ്ങ്ഹാ..പത്തിരുപത്തഞ്ച് കൊല്ലം കൊണ്ട് പട്ടിണികിടന്നുണ്ടാക്കിയതെല്ലാം കടുകുവറുത്തിട്ടു!)

അടുത്ത കുടുംബവിളക്ക്, കെട്ടിയ പ്രെഷ്യസ് സ്റ്റോണിനോട്(തലേക്കല്ലന്‍ എന്നു മലയാളത്തില്‍ പറയാം) : "ചേട്ടാ ഞാന്‍ റെഡി നമുക്ക് എവിടെയെങ്കിലും ഡിന്നറിന് പോകാം(പിന്നെ എവിടെപ്പോകാമെന്നു കരുതിയാണാവോ റെഡിയായത്?)

തലേക്കല്ലന്‍: അതൊക്കെ അവിടെ നിക്കട്ടെ, ഡിന്നറിന്റെ കാശിന് ഒരു പുതിയ കാര്‍ കിട്ടിയാലോ?

വിളക്ക്: വെറും ഒരു ഡിന്നറിന്റെ കാശിന് കാറോ? അങ്ങനെയെങ്കില്‍ നമുക്ക് രണ്ടെണ്ണം വാങ്ങാം ഒന്നെനിക്കും ഒന്ന് വേണമെങ്കില്‍ ചേട്ടനും! നമ്മള് മാസത്തില്‍ രണ്ടുതവണ ഡിന്നറിന് പോയെന്ന് കരുതിയാപ്പോരേ(ഈ ബുദ്ധി ട്യൂഷനുപോയാലൊന്നും കിട്ടില്ല!)

ഇനിയാണ് ക്ഷമപരീക്ഷിക്കുന്ന ഒന്ന്!

"ഒരു സകലകലാവല്ലഭന്റെ മോണോ ആക്ട്, (റേഡിയോ പരസ്യമാണെങ്കിലും ഇവന്‍ സംഭാഷണത്തിനനുസരിച്ച് അങ്ങോട്ടും ഇങ്ങോട്ടും മാറിനിന്നാണ് അഭിനയിക്കുന്നതെന്ന് ഉറപ്പ്!)

"ഇറങ്ങിയല്ലോ കാസനോവ, ലൈനടിക്കാന്‍! കണ്ണാടിയില്‍ മുഖം നോഖ്യോ"(ഇത് വലതുവശത്തു നിന്ന് അലപം ദേഷ്യത്തില്‍!)

"ഇന്റര്‍വ്യൂവിനൊന്നുമല്ലല്ലോ വെറുതേ ഒന്നിറങ്ങുകയല്ലേ
അതിനെന്തിനാ കണ്ണാടിയും മേക്കപ്പുമൊക്കെ!"(പാവം! അല്ലെങ്കില് നോക്കാറേയില്ല!(ഇതു ഇടതുവശത്തോട്ട് മാറിനിന്ന്)

ങ്ങാ സൌന്ദര്യം സംരക്ഷിക്കാന്‍ ഇതാ ഒരെളുപ്പവഴി, "പയര്‍ & മാംസം" (ഇത് മോളില്‍ കയറിനിന്നിട്ടാണെന്നു തോന്നുന്നു)

(പണ്ട് ഷാരൂഖ്ഖാനായിരുന്നു ഇതിന്റെ പരസ്യമോഡല്‍! പ്രോഡക്ടിന്റെ മികവുകൊണ്ടോ വില്പനയുടെ ഉഷാര്‍ കൊണ്ടോ ഇപ്പോള്‍ ഇതുപോലെയുള്ള മോണോ ആക്ട് പ്രതിഭകള്‍ കുബൂസ് തിന്നു ജീവിക്കുന്നു!)

ഇതുകൂടാതെ പലവിധ ചെറുവക പരസ്യങ്ങള്‍ നമ്മളെ...

ങ്ങാ ഒന്നുകൂടെ ഓര്‍മ്മവന്നു!

മരങ്ങോടന്‍: രാധേ...കറന്റുപോയി, ചൂടെടുത്തിട്ടുവയ്യ! ദേ കൊച്ച് കരയുന്നു..ആ റീചാര്ജ്ജബിള്‍ ഫാനിങ്ങൈടുത്തേ.......യ്!!! (പശ്ചാത്തലത്തില്‍ ഒരു കൊച്ചിന് നുള്ളുകിട്ടി! അതിന്റെ കരച്ചില്‍!)

രാധാമരങ്ങോടന്‍: അയ്യോ ചേട്ടാ! അതില്‍ ചാര്‍ജ്ജില്ലല്ലോ ചേട്ടാ! ഇനിയെന്തുചെയ്യും! (എന്തു ചെയ്യാന്‍, കൊച്ചിന് വീശിക്കൊടുക്കുകയല്ലാതെ!)

മരങ്ങോടന്‍: അതേയ് എന്റെ ശ്രീമതീ..ഇത് ഫോസ്ഫേറ്റ് എലക്ട്രോണിക്സിന്റെ ഫാനാ..ചാര്‍ജ്ജില്ലെങ്കിലും 30 മണിക്കൂര്‍ ലൈറ്റ് കത്തും(ഫാന്‍????!!) അതുകൊണ്ട് നോ പ്രോബ്ളം! പിന്നെ ഇടിവെട്ട് വരുന്നുണ്ടെങ്കില്‍ തിരിച്ചറിയാനുള്ള സംവിധാനവും ഇതിലുണ്ട്(വാങ്ങുന്നതിനുമുന്പേ ഇങ്ങനൊരു സംവിധാനം കയ്യിലുണ്ടായിരുന്നെങ്കില്‍ ഈ 'ഇടിവെട്ട്' ഒഴിവാക്കാമായിരുന്നു!)

രാധാമരങ്ങോടന്‍ : അങ്ങനെയാണെങ്കില്‍ ഇന്നു മുഴുവന്‍ കരണ്ടില്ലെങ്കിലും കുഴപ്പമില്ല അല്ലേ?

(ങ്ങാ..കാറ്റില്ലെങ്കിലും ലൈറ്റും കത്തിച്ചുവച്ച് ഒരു മുപ്പതുമണിക്കൂര്‍ ഉറങ്ങാമല്ലോ)
ഇതുകൂടാതെ പലവിധ ചെറുവക പരസ്യങ്ങള്‍ നമ്മുടെ ലജ്ജയുടെ തുമ്പില്‍ പിടിച്ച് വലിച്ച് വിട്ടോണ്ടിരിക്കും! അനുഭവി രാജാ അനുഭവി!!!

പ്രതിജ്ഞ

ഹരികുമാര്‍ എന്ന നിഷ്കളങ്കനോട് എനിക്ക് ആരാധന തോന്നുവാന്‍ രണ്ട് കാര്യങ്ങളുണ്ടായിരുന്നു!

1) ചട്ടമ്പികളായ സീനിയര്‍ പിള്ളേര്‍ക്ക്(തോറ്റു തോറ്റു കിടന്നിരുന്ന ഉസ്താദുമാര്‍ക്കും ഉയര്‍ന്ന ക്ലാസ്സുകളില്‍നിന്ന് തെമ്മാടിത്തരം പഠിച്ചു വരുന്നവര്‍ക്കും) ഇവന്റെ കൈക്കരുത്ത് കാണാപാഠമായിരുന്നു! എവിടെയൊക്കെ ഇടിവരും അത് എത്രയെത്ര അളവില്‍ വരും എന്നൊക്കെ കിറുകൃത്യമായി അറിയാം! ആ അസൂയാവഹമായ കഴിവുകൊണ്ട്.

2) അസംബ്ലിക്കിടയില്‍ ഇവന്‍ പ്രതിജ്ഞ പറഞ്ഞുകൊടുക്കുന്നത്, കുട്ടികളെല്ലാം ഷോക്കടിക്കുന്നപോലുള്ള ഒരു തരിപ്പോടെ എല്ലാ ആലസ്യവും മറന്ന് ചൊടിയോടെ അതേറ്റു ചൊല്ലുന്നത്, ഇംഗ്ലീഷും മലയാളവും ഒരേ ഒഴുക്കോടെ, അക്ഷരസ്ഫുടതയോടെ(ഇംഗ്ലീഷിനത് വേണ്ടെങ്കിലും!), അതും ഘനഗാംഭീര്യമുള്ള ശബ്ദത്തില്‍! ഈ മാസ്മര പ്രഭാവം കൊണ്ട്

കോലന്‍മുടി ഇടതു ചെന്നിക്കുമുകളില്‍ പകുത്ത് ചീകിവച്ച് മിക്കവാറും ദിവസങ്ങളില്‍ ഇളം നീല ഷര്‍ട്ടും ഖദറിന്റെ ഒറ്റമുണ്ടും ധരിച്ച് വന്നിരുന്ന എണ്ണമുഖനായ ഒമ്പതാം ക്ലാസ്സുകാരന്‍! അവനിരിക്കുന്ന ബഞ്ചിലും അവന്റെ പുസ്തകങ്ങളിലും ചോറ്റുപാത്രത്തിലും മാത്രം ഭൂലോകത്തിന്റെ സ്പന്ദനം കണ്ടിരുന്ന ഒരേകാന്ത പഥികന്‍!(ഒരു കൂട്ടുകാരന്‍ പോലും ഇവന്റെ കൂടെ നടക്കുന്നത് ഞാന്‍ കണ്ടിട്ടില്ല!)

നാട്ടില്‍ കയ്യെഴുത്തുമാസികകളുടെ സുവര്‍ണ്ണകാലമായിരുന്നല്ലോ എണ്‍പതുകളുടെ ഒരു പകുതിയോളം! അങ്ങനെ ഒരു കയ്യെഴുത്തുമാസികയുടെ ആവശ്യത്തിനാണ് എട്ടാം ക്ലാസ്സില്‍ പഠിച്ചിരുന്ന ഞാന്‍ ഈ പ്രതിഭാസത്തെ കാണാന്‍ പോകുന്നത്! ആര്‍ക്കും ഒരുപദ്രവവും ചെയ്യാത്ത പിള്ളേരെ ഞങ്ങള്‍ 'പശു' എന്നാണ് അക്കാലത്ത് വിളിച്ചിരുന്നത്! അക്കൂട്ടത്തില്‍ ഇവന്‍ ഒരു 'ആശ്രമപ്പശു'വാണെന്നറിയാമായിരുന്നിട്ടും, അവന്റെ ക്ലാസ്സ്ടീച്ചറും ഞങ്ങളുടെ ബയോളജിമാഷും ആയിരുന്ന ജോസഫ് മാഷുടെ ശുപാര്‍ശ ഉണ്ടായിരുന്നിട്ടും പ്രത്യേകിച്ച് ഒരു കാര്യവുമുണ്ടായിരുന്നില്ല! കാരണം ഞാന്‍ അവനേക്കാള്‍ വലിയ അന്തര്‍മുഖനും, നാലാള്‍ കൂടുന്നിടത്ത് എന്തെങ്കിലും ആരെങ്കിലും ചോദിച്ചാല്‍ 'തേവര്‍മകനി'ലെ രേവതി പാട്ടുപാടുന്നതുപോലെ "കാറ്റ് മട്ടും താന്‍ "വരുന്ന രീതിയില്‍ മറുപടി പറയുന്നവനുമായിരുന്നു.

കയ്യെഴുത്തുമാസികയിലെ എഴുത്തിന് ഒരു പ്രത്യേകതയുണ്ട്! എത്ര നല്ല കയ്യക്ഷരമുള്ളവരാണെങ്കിലും ഈ പണിക്ക് കൊള്ളണമെന്നില്ല! അതിന് അക്ഷരത്തിന്റെ തുടങ്ങുന്ന ഭാഗം നേര്‍വരയും ബാക്കിഭാഗം ഉരുട്ടിയും എഴുതുന്ന ഒരു രീതിയുണ്ട്! ഈ ബസ്സിലൊക്കെ "പുകവലിക്കരുത്! കയ്യും തലയും പുറത്തിടരുത്" എന്നൊക്കെ എഴുതിവയ്ക്കുന്നതുപോലൊരു രീതി(ഏതു ബസ്സില്‍ കേറിയാലും ഈ എഴുത്തുകള്‍ ഒരേ ശൈലിയിലുള്ളവയായിരിക്കും). അങ്ങനെയൊരു ശൈലി കയ്യെഴുത്തുമാസികകള്‍ക്കുമുണ്ട്!
ആ പണിയില്‍ ഇദ്ദേഹം ഒരു പുലിയാണെന്ന് വെളിപ്പെടുത്തിയത് ജോസഫ് മാഷാണ്. അക്കാലത്തുനടന്ന എന്തോ ഒരു സ്കൂള്‍ലെവല്‍ സാഹിത്യസദസ്സിലേക്ക് ഓരോ ക്ലാസ്സും എന്തെങ്കിലും ഒരു സാഹിത്യ സൃഷ്ടി നല്കണം എന്നൊരു നിബന്ധന വച്ചതും ഈ മാഷാണ്! അങ്ങനെയാണ് ഈ പുല്ല് എന്റെ തലയില്‍പെട്ടത്! ഞാന്‍ വല്ല്യ സാഹിത്യശിരോമണിയായിട്ടല്ല, മറിച്ച് മാസികയുടെ ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുക്കമോ എന്ന ചോദ്യം വന്നപ്പോള്‍, എപ്പോള്‍ വേണമെങ്കിലും ഈ പേരും പറഞ്ഞ് ക്ലാസ്സില്‍ നിന്നുമിറങ്ങിപ്പോകാമെന്ന അനന്തസാധ്യത മനസ്സിലാക്കി സ്വയം ഏറ്റെടുത്തതാണ് ഈ ത്യാഗം! അന്നും മലയാളത്തില്‍ ഞാന്‍ ഒരു സൂപ്പര്‍സ്റ്റാറായിരുന്നതിനാല്‍ എല്ലാവര്‍ക്കും അത് സമ്മതവുമായിരുന്നു!
അങ്ങനെ ക്ലാസ്സില്‍ മറ്റുള്ളവര്‍ കുത്തിയിരുന്നെഴുതിയുണ്ടാക്കിയ ചിരികളും ചിന്തകളും വേദനയും വിഢ്ഢിത്തങ്ങളും ചിത്രങ്ങളും അങ്ങനെ എന്തരൊക്കെയോ ഉള്ള ഒരു കെട്ട് പേജുമായി ഹരികുമാറിന്റെ മുഖദാവില്‍ എത്തി. കെട്ട് സമര്‍പ്പിച്ചു. ആവശ്യം അവന്‍ മനസ്സിലാക്കി(കൃത്യമായി പറയാന്‍ എനിക്കു കഴിഞ്ഞില്ല എന്നതാണ് സത്യം!).

നീ 'എട്ട് ഡി'യിലല്ലേ, നിന്‍ക്ക് ഈ പിരിയഡ് കണക്കല്ലേ?! ഞെട്ടിപ്പിക്കുന്ന; അതിനെക്കാള്‍, വെറുപ്പിക്കുന്ന ഒരു ചോദ്യം!

'അതെ'

ക്ലാസ്സീക്കേറാണ്ട് നടക്കാനാ നീ ഈ പണിയുമായിട്ട് എറങീത്? പരിക്ഷക്ക് എന്തൂട്ടാ ചെയ്യാന്‍ പോണേ?!

(ഹരിശ്രീ അശോകന്‍ ഏതോ പടത്തില്‍ പറഞ്ഞതാണ് സത്യമായിട്ടും എനിക്കും തോന്നിയത്‌) "ന്റമ്മോ....!!"

അന്ന് ഞങ്ങള്‍ക്ക് കണക്ക് പഠിപ്പിച്ചിരുന്ന ടീച്ചര്‍ക്ക് ഒരു ചെല്ലപ്പേരുണ്ടായിരുന്നു "......." അത്ര നല്ലപേരല്ലാത്തതുകൊണ്ട് പേര് ഞാന്‍ മുണുങ്ങുന്നു!

"......." ന്റെ ക്ലാസ്സാ...എനിക്ക് അതിന്റെ ക്ലാസ്സ് ഇഷ്ടല്ല!"(നിഷ്കളങ്കനായ എന്നെ വിളിച്ച് പ്ലാറ്റ്ഫോമില്‍ കയറ്റിനിര്‍ത്തി ഈ ലോകത്ത് ആര്‍ക്കും ചെയ്യാനറിയാത്ത ചിലകണക്കുകള്‍ എന്നെക്കൊണ്ട് ബോര്‍ഡില്‍ ചെയ്യിക്കുമായിരുന്നു ആ അദ്ധാപകതിലകം. പക്ഷേ എന്തുകൊണ്ടോ മറ്റുള്ളവര്‍ വളരെ ഈസിയായി അതെല്ലാം ചെയ്യുമായിരുന്നു)

"പഠിപ്പിക്കണ ടീച്ചര്‍മാരെയാ നീ ഇങ്ങനത്തെ പേരൊക്കെ വിളിക്കണേ, ഞാന്‍ ടീച്ചറെ ഒന്നു കാണട്ടെ!" ചുളിഞ്ഞ മുഖത്തോടെ ഒരു ശാസന!!

സത്യത്തില്‍ ഇവനും ആ ടീച്ചറുമായിട്ടുള്ള അന്തര്‍ധാര സജീവമായിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു. കണക്കില്‍ ഇവന്റെയത്ര കഴിവുള്ളവര്‍ ആ സ്കൂളില്‍ തന്നെ മൂന്നോ നാലോ പേരേ ഉണ്ടായിരുന്നുള്ളൂ, അതില്‍ തന്നെ രണ്ടോ മൂന്നോ പേര്‍ കണക്ക് പഠിപ്പിക്കുന്ന മാഷ്-ടീച്ചര്‍ വര്‍ഗ്ഗത്തില്‍നിന്നായിരുന്നു.(ഇത് പിന്നീട് കിട്ടിയ ബ്രേക്കിംഗ് ന്യൂസ് ആയിരുന്നു.)

ഇവന്‍ എനിക്കു തരാന്‍ പണി പാലും വെള്ളത്തിലേക്ക് കുടഞ്ഞിട്ട് കലക്കിക്കൊണ്ടിരിക്കുകയാണെന്ന് മനസ്സിലായപ്പോള്‍ പിന്നെ എനിക്ക് അവിടെനിന്ന് എങ്ങനെയെങ്കിലും എസ്കേപ്പിട്ട് ക്ലാസ്സില്‍ പോയി ഭജനമിരിക്കണം എന്നുള്ള ചിന്ത മാത്രമായി! ചെയ്ത പാപത്തിന് അതല്ലെയുള്ളൂ മാര്‍ഗ്ഗം! പറ്റുമെങ്കില്‍ ടീച്ചര്‍ക്ക് ബോര്‍ഡ് മായ്ച്ച് കൊടുത്ത് പ്രായശ്ചിത്തം ചെയ്യണം!

തികട്ടിവന്ന കലിപ്പിന് അവന്റെ മുഖമടച്ച് ഒന്നു..ദയനീയമായി നോക്കി, പിന്നെ "നിന്‍ക്ക് സൌകര്യണ്ടങ്ങ ചെയ്യ്, ജോസഫ്മാഷ് പറഞ്ഞിട്ടാ ഞാന്‍ കൊണ്ടന്നത് അല്ലാണ്ട് നിന്റെ പൊക്കിത്തരം കാണാനല്ല! ഒരു പഠിപ്പിസ്റ്റ് വന്നേക്ക്ണു!" എന്ന, കേള്‍ക്കുന്നവര്‍ക്ക് ചുണ്ടത്തു കുത്താന്‍ തോന്നുന്ന ഒരു കൊത്തിത്തരവും പറഞ്ഞ് സുരേഷ്ഗോപി തിരിഞ്ഞു നടക്കുന്നതുപോലെ സ്ലോമോഷനില്‍ നടന്ന് പുറത്തേക്ക് പോയി!

ഇനിയാണ് ഇവന്‍ എനിക്കു വച്ച പണിയുടെ ക്ലൈമാക്സ്!

കയ്യെഴുത്ത് മാസികയുടെ രണ്ടാമത്തെ പേജില്‍ പ്രതിജ്ഞയാണ്! ഹരികുമാര്‍ വിദ്യാഭ്യാസജില്ല മുഴുവന്‍ ഫേമസ് ആയ ഒരു പ്രതിജ്ഞിസ്റ്റ് ആയിരുന്നതുകൊണ്ട് അത് പുള്ളിയെത്തന്നെ എഴുതിവയ്ക്കാന്‍ ഏല്പ്പിക്കുകയായിരുന്നു!

ക്ലാസ്സിലെ തല്ലുകൊള്ളിയായിരുന്ന പി.ടി.പ്രസാദ് എന്ന ഒരു പൊരിഞ്ഞവിത്ത് മിമിക്രിയും മോണോആക്ടും പാട്ടുമൊക്കെയായി ഞങ്ങളെ വളരെയധികം വിനോദിപ്പിക്കുമായിരുന്നു.
അവന്‍ എപ്പോഴോ എഴുതിവച്ചിരുന്ന ഒരു പ്രതിജ്ഞ ഞാന്‍ വായിച്ചു നോക്കാതെ എടുത്ത് എന്റെ ബുക്കിനടിയില്‍ വച്ചിരുന്നു.

160 പേജിന്റെ റെക്കോര്‍ഡ് ബുക്ക് വാങ്ങി അതില്‍ ഭംഗിയായി ഹരികുമാര്‍ എഴുതിവച്ച മാഗസിന്‍ സ്കൂളിനു തന്നെ അഭിമാനമാകുമെന്നാണ് അസ്സംബ്ലിയിലെ വേദിയില്‍ അത് കൈപ്പറ്റിക്കൊണ്ട് ഹെഡ്മാസ്റ്റര്‍ അരവിന്ദാക്ഷന്‍ മാഷ് അഭിപ്രായപ്പെട്ടത്! അദ്ദേഹം ആ വേദിയില്‍ വച്ചുതന്നെ രണ്ടാം പേജിലെ പ്രതിജ്ഞയില്‍ ഒന്നു കണ്ണോടിച്ചു, പിന്നെ വച്ചിരുന്ന ഗ്ലാസ്സെടുത്ത് അതിലെ വെള്ളം മുഴുവന്‍ ഒറ്റയടിക്കു കുടിച്ച്, ചെറിയൊരു കിതപ്പോടെ ഓഫീസിലേക്കുപോയി!

സമയം രാവിലെ 10.20 മാണിക്ക്യേട്ടന്‍ ഒരുതുണ്ട് കടലാസുമായി വന്ന് അഷറഫ് മാഷോട് എന്തോ സ്വകാര്യം പറഞ്ഞു! അദ്ദേഹം ചോരക്കണ്ണോടെ എന്റെയടുത്തേക്ക് വന്ന് ഇത്രമാത്രം പറഞ്ഞു

"ചെല്ല്"

ഓഫീസ് റൂമില്‍ ഞാന്‍ ഉടനെ തന്നെ ഭയന്ന് മൂത്രമൊഴിക്കണോ വേണ്ടയോ എന്നു ശങ്കിച്ച് കടന്നു ചെല്ലുമ്പോള്‍ അവിടെ ഹെഡ്മാഷെക്കൂടാതെ ജോസഫ്മാഷും, ഹരികുമാറും പിന്നെ രാമന്‍കുട്ടിമാഷും നില്‍ക്കുന്നു. ഹരികുമാര്‍ മിഥുനത്തിലെ ഇന്നസെന്റിനെപ്പോലെ ഇതെന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്ന മട്ടിലും ജോസഫ്മാഷ് ചെറിയ നിരാശയിലും രാമന്‍കുട്ടിമാഷ് ചെറിയ ഒരു ചിരിയുടെ ലാഞ്ചനയോടെയും കടിച്ചു കീറാന്‍ നില്ക്കുന്ന ഒരു സിംഹത്തിനു മുന്നില്‍ നില്‍ക്കുന്നു!

ഭീകരനിമിഷങ്ങള്‍ക്ക് അന്ത്യം കുറിച്ചുകൊണ്ട് രാമന്‍കുട്ടിമാഷ് പുസ്തകം വാങ്ങി എന്റെ കയ്യില്‍ തന്നു! എന്നിട്ടു പറഞ്ഞു "പ്രതിജ്ഞ വായിക്ക്"

തൊണ്ടയില്‍ നിന്നും വന്ന കാറ്റിന്റെ തള്ളലില്‍ ഞാന്‍ എങ്ങനെയോ ആദ്യത്തെ രണ്ടു വരി വായിച്ചു.

ഇന്ത്യ എന്റെ രാജ്യമാണ്‌. അത് ഓക്കെ!

രണ്ടാമത്തെ വരി ഇങ്ങനെയല്ലല്ലോ കേട്ടിട്ടുള്ളത്?..ഇനീപ്പോ ഹരികുമാര്‍ എന്തെങ്കിലും പണി?

ഇതാ എന്നെ മരണമുഖം കാട്ടിത്തന്ന ആ രണ്ടാമത്തെ വരി!

"ഒരിന്ത്യക്കാരന്റെ ഭാര്യ മറ്റൊരിന്ത്യക്കാരന്റെ സഹോദരിയാണ്! തിരിച്ചും അങ്ങനെത്തന്നെയാണ്!"

ചെവിയില്‍ മുഴങ്ങിക്കേട്ട ഇരമ്പല്‍ ഹെലികോപ്ടര്‍ പോയതിന്റെയായിരുന്നില്ല! കണ്ണിലേക്ക് തള്ളിക്കയറിവന്ന ഇരുട്ട് കറണ്ട് പോയതുമായിരുന്നില്ല!

ലാബിലെ ഡെസ്കില്‍, അരണ്ട മഞ്ഞവെളിച്ചത്തിലേക്ക് കണ്ണു തുറക്കുമ്പോള്‍ പത്താം ക്ലാസ്സിലെ രെജിസ്റ്റര്‍ ബുക്കു കൊണ്ട് ലില്ലിടീച്ചര്‍ വീശിക്കൊണ്ടിരിക്കുന്നു. ആപത്ത് ഒഴിഞ്ഞുപോയ ആശ്വാസത്തില്‍ കുറേ അദ്ധ്യാപകമുഖങ്ങളും സതീര്‍ത്ഥ്യമുഖങ്ങളും!

പിന്നത്തെ സംഭാഷണങ്ങള്‍ക്കൊന്നും പ്രത്യേകിച്ച് വിഷയമോ അര്‍ത്ഥമോ ശബ്ദമോ ഉണ്ടായിരുന്നില്ല! ആരുടെയൊക്കെയോ കൂടെ ക്ലാസ്സിലേക്കുപോകുമ്പോള്‍ ഹരികുമാര്‍ ഒരു കെട്ട് കോംപോസിഷന്‍ ബുക്കുമായി ക്ലാസ്സിലേക്കുപോകുന്നു. മണിരത്നത്തിന്റെ അഗ്നിനക്ഷത്രം സിനിമയില്‍ പ്രഭുവും കാര്‍ത്തിക്കും കൂട്ടിമുട്ടാന്‍ പോകുന്നതുപോലെ തൊട്ടരികില്‍ വന്ന് അവന്‍ നിന്നു. എന്നിട്ട് പറഞ്ഞു,

 "ഞാന്‍ അത് എന്റിഷ്ടത്തിന് എഴുതിവച്ചതല്ല. നീതന്ന കെട്ടില്‍ അതുണ്ടായിരുന്നു. ആ പേപ്പറ് കാണിച്ചതോണ്ട് ഞാന്‍ തല്ല് കിട്ടാതെ രക്ഷപ്പെട്ടു!"

"അപ്പോ ഇത്രകാലം നീ മന:പാഠമാക്കി കൊണ്ടു നടന്ന പ്രതിജ്ഞ നിനക്ക് യാതോരു ഗുണവും ചെയ്തില്ലല്ലോ?" എന്ന എന്റെ ചോദ്യം മനസ്സിലാക്കിയിട്ടെന്നപോലെ, അവന്‍ തുടര്‍ന്നു.
"വെറുതേ രണ്ടാം പേജില്‍ പ്രതിജ്ഞ എന്നു മാത്രം എഴുതിയിരുന്നെങ്കില്‍ ഞാന്‍ ഭംഗിയായി എഴുതിയേനെ. ഇതിപ്പോ ഇങ്ങനെയൊന്ന് കണ്ടതോണ്ടാ അത് തന്നെ ഞാന്‍ എഴുതിവച്ചത്!
 എന്നെ തല്ലുകൊള്ളിക്കാനാണോ നീ ഇങ്ങനെ ചെയ്തത്?!"

നിഷ്കളങ്കമായ അവന്റെ ചോദ്യം കേട്ട് ഇത് എങ്ങനെ ഈ കെട്ടിനുള്ളില്‍ പെട്ടു എന്ന കണ്‍ഫൂഷനുമായി ഞാന്‍ ചെറിയൊരു തലചുറ്റലോടെ നടന്നു ക്ലാസ്സില്‍ എത്തി. അവിടെയതാ ഒരു മിമിക്രി നടക്കുന്നു! ഞാന്‍ കടന്നു ചെല്ലുന്നതും മാഷ് ചോദ്യം ചെയ്യുന്നതും തലചുറ്റിവീഴുന്നതും എല്ലാം!. അടുത്ത നിമിഷം എല്ലാം എനിക്കുമുന്നില്‍ തെളിഞ്ഞു. പ്രസാദ് എഴുതിയ പ്രതിജ്ഞ ഞാന്‍ തന്നെയാണ് ആ കെട്ടിലെടുത്തുവച്ച് മൊത്തം സീന്‍ ഡാര്‍ക്കാക്കിയത്!!

വര്‍ഷാവസാന പരീക്ഷക്കിടയിലെന്നോ ഹരി തന്നെയാണ് പറഞ്ഞത് അവന് ഒരു ജോഡി ഷര്‍ട്ടും മുണ്ടും മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതുകൊണ്ട് എന്നും വൈകീട്ട് ചെന്നാല്‍ അത് അലക്കിയിടുക എന്നത് അവന്റെ ഒരു പ്രധാന ജോലിയാണെന്ന്!

യക്ഷ്യാനെറ്റ് ന്യൂസ്

"ഞങ്ങള് യക്ഷികള് ഐസ്ക്രീം കഴിക്കില്ല്യാ!...പകരം ചുണ്ണാമ്പാ സ്പൂണോണ്ട് കോരിക്കോരിക്കഴിക്ക്വാ..!! കമലവിലാസിന്റെ ചുണ്ണാമ്പിന്റെ ആ നെറോം രുചീമൊക്കെ ആലോചിക്കുമ്പോ കൊത്യാവണു! ങ്ങാ..അതൊക്കെ ഒരുകാലം"!!

"കമലവിലാസ് പണി നിര്‍ത്തിയകാരണം കൊണ്ട് ഭൂമീല്‍ക്ക് വരാന്‍ ഇപ്ലത്തെ തലമുറേലെ യക്ഷിപ്പിള്ളേര്‍ക്കൊന്നും ഒരു താല്പര്യോല്ല്യ! അവര് പറയണത് "എത്രപാതിരയായാലും ഒറ്റയണ്ണം ഉറങ്ങില്ല! എല്ലാവഴീലും എപ്പഴും ആള്‍ക്കാരാ! മൂത്രൊഴിക്കാന്‍ പോലും ഒരൊഴിവുകിട്ടില്ല്യാന്നാ"! തന്നെയല്ല ചോര കുടിച്ചാ പിന്നെ രണ്ടീസത്തയ്ക്ക് തലപൊങ്ങില്ല്യ! ഭയങ്കര ഹാങ്ങോവറാ! അങ്ങനെ എന്തൊക്ക്യോണ്ട് ത്രേ ഇപ്ലത്തെ ആണുങ്ങടെ ചോരേല്! അബദ്ധത്തിലെങ്ങാനും ചില വീരന്മാരുടെ കയ്യില്‍ പെട്ടാല്‍ പിന്നെ എത്രപേരാ വന്ന് അര്‍ച്ചന നടത്തീട്ട് പോവാന്ന് പറയാനുംപറ്റില്ല! ഞങ്ങക്ക് കേസു നടത്താന്‍ കോടതിയൊന്നൂല്ല്യല്ലോ?! പിന്നെ ആകെള്ളൊരു ധൈര്യം പിടിച്ച് തറയ്ക്കാന്‍ പറ്റ്യേ വല്ല്യേ മരങ്ങളൊന്നൂല്ല്യാന്ന്ള്ളതാ! ഒരു സംവിധായകന്‍ എടയ്ക്കൊക്കെ കൊറച്ച് കാശ് അയച്ചുതരും. ഇപ്പോ അയാളേം ഗ്രൂപ്പീന്ന് പൊറത്താക്ക്യേ കാരണം അതും നിന്നു. പിന്നെയീ ടീവീടേം മൊബൈലിന്റേം റേഡിയേഷന്‍ കാരണം ഞങ്ങടെ മിക്ക വീടുകളിലും അംഗവൈകല്യമുള്ള ഓരോരുത്തരുണ്ട്! വല്ല്യ കഷ്ടപ്പാടാ! ന്നാലും ആന മെലിഞ്ഞാ തൊഴുത്തില്‍ കെട്ടാന്‍ പറ്റ്വോ? ! തെണ്ടീട്ടായാലും എന്തെങ്കിലും കിട്ട്വോന്ന് നോക്കാന്‍ പോയതാ വടക്കേ പനയിലെ മാളു. ചെന്ന് പെട്ടത് ചോറ്റാനിക്കര നടേലും! അന്ന് ഓട്യേ ഓട്ടം എവിടയ്ക്കാണെന്നൊരു നിശ്ശ്യോല്ല്യ!! ഞങ്ങക്കാരാ ഇതൊക്കെ പോയി നോക്കാനുള്ളത്! നിങ്ങളായിട്ട് തന്നെ എന്തെങ്കിലുമൊക്കെ ചെയ്തു തരണം!"

"ശിശുദിനം വനിതാദിനം പുരുഷദിനം ഹിജഡദിനം എന്നിങ്ങനെ ഇന്നാട്ടില്‍ എല്ലാത്തിനും ഓരോ ദിനങ്ങളുണ്ട്, അന്നെല്ലാം നമ്മള്‍ മറക്കുന്ന ഒരു വിഭാഗം നമുക്കിടയില്‍ ജീവിക്കുന്നുണ്ട്! യക്ഷികള്‍! ജനബാഹുല്യം കൊണ്ട് രാത്രി പുറത്തിറങ്ങാന്‍ പോലും പറ്റാതെ പട്ടിണിയും പരിവട്ടവുമായിക്കഴിയുന്ന ഇവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു എന്തങ്കിലും നടപടി ഉടനെ ഉണ്ടാവണമെന്നാണ് 80 കഴിഞ്ഞിട്ടും ഇന്നും വലിയൊരു കുടുംബത്തിന്റെ ചുമതല മുഴുവന്‍ ഏറ്റെടുത്ത് അവരുടെ വിശപ്പടക്കാനായി അലയേണ്ടിവരുന്ന നീലി എന്ന യക്ഷിമുത്തശ്ശിയെപ്പോലുള്ളവരുടെ ആവശ്യം!"

കുടപ്പനക്കുന്ന് യക്ഷിക്കോളനിയിലെ കരിമ്പനയ്ക്കല്‍ നീലിയുടെ വീട്ടില്‍ നിന്നും ക്യാമറാമാന്‍ ഭൂതനാഥിനൊപ്പം പ്രേതാനന്ദ് നരവംശം... യക്ഷ്യാനെറ്റ് ന്യൂസ്

സുപ്രഭാതം

ഡാ..വന്ന് കാപ്പി കുടിക്കടാ...!

പല്ലുതേപ്പും കഴിഞ്ഞ് മുഖം കഴുകിയ വെള്ളം ഒന്നു തോര്‍ത്തുകപോലും ചെയ്യാതെ പേപ്പറ്കാരനേയും കാത്ത് വേലിക്കല്‍ പോയിരിക്കുമ്പോള്‍ പിന്നീന്ന് അമ്മയുടെ വിളി.

അവടെപ്പോയിരുന്ന് ആ കൊതുകടി കൊള്ളണ്ടടാ കാല്ത്ത് തന്നെ...അഛ്ചനും അമ്മയെ പിന്താങ്ങി!

'ഇവര്‍ക്കിതെന്തൂട്ടിന്റെ കേടാ!'..എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് 'ഞാന്‍ കുടിച്ചോളാം' എന്ന് ഉറക്കെ ഞാന്‍ എന്റെ നയം വ്യക്തമാക്കി കാത്തിരിപ്പ് തുടര്‍ന്നു.

"ആ പേപ്പര്‍സായിവ് ബെല്ലുങ്കുടി അടിക്കില്ല! ഞാന്‍ കപ്പികുടിക്കാന്‍ പോയാലേ പേപ്പറ് ആമ്പിള്ളേര് ഇട്ത്തോണ്ടു പൂവും"...

ഞാന്‍ ന്യായീകരണം പോസ്റ്റ് ചെയ്തു!(ഈ ആമ്പിള്ളേര് എന്ന് ഞാന്‍ പുകഴ്ത്തിയത് എന്റെ ചേട്ടനേയും അനിയനേയും തന്നെയാണ്)

അഞ്ചാം ക്ളാസില്‍ പഠിക്കുന്ന എന്റെ പത്രവായനയോടുള്ള കമ്പം കണ്ട് അഛ്ചന്‍ അഭിമാനപൂര്‍വ്വം ചെറുമന്ദസ്മിതത്തോടെ തിലകനേപ്പോലെ വയറും തടവിക്കൊണ്ട് തൊട്ടടുത്ത ഇലക്ട്രിക് പോസ്റ്റിലേക്ക് നോക്കിക്കോണ്ടു നിന്നു. (ജോലി KSEB യിലായിരുന്നതുകൊണ്ടാകണം എവിടെപ്പോയാലും അഛ്ചന്റെ നോട്ടം ആദ്യം പോകുന്നത് തൊട്ടടുത്ത ഇലക്ട്രിക് പോസ്റ്റ്, അതിലെ കമ്പി,പിന്നെ അവിടെയെവിടെയെങ്കിലും ട്രാന്‍സ്ഫോര്‍മറ്‍ ഉണ്ടെങ്കില്‍ അത് എന്നിവയിലേക്കാണ് എന്നൊരു തമാശ ബന്ധുക്കള്‍ കൂടുന്ന സഭകളില്‍ അമ്മ അല്പം നാണം കലര്‍ന്ന പരിഹാസത്തോടെ അവതരിപ്പിച്ച് കയ്യടി നേടാറുണ്ട്)

"ഇവനിതിപ്പോ എന്തൂട്ട് വായിക്കാനാ കാലത്ത് തന്നെ!" തികച്ചും ന്യായമായൊരു ആത്മഗതം അമ്മയില്‍ നിന്നും.ഇന്നത്തെക്കാലമാണെങ്കില്‍ രാവിലെ തന്നെ പത്രത്തിലെ പ്രധാന വാര്‍ത്തകള്‍ എന്ന അശ്ളീലം വായിക്കാനാണെന്ന് അവര് തെറ്റിദ്ധരിച്ചേനെ.

അങ്ങനെ കാത്തിരിപ്പിനൊടുവിലതാ വേലിപച്ച്പ്പുകള്‍ക്കിടയിലൂടെ ഒരു ഖദര്‍നക്ഷത്രം ഇളം വെയിലില്‍ വെട്ടിത്തിളങ്ങിക്കൊണ്ട് എന്റെമുന്നിലേക്ക് നിരങ്ങി വന്ന് പേപ്പറ്‍ വലിച്ചെറിയാനാഞ്ഞ്,പിന്നെ എന്നെക്കണ്ടതുകൊണ്ട് ആക്ഷന്‍ മാറ്റി എന്റെ കയ്യിലേക്ക് പതിയെ വച്ചുതന്ന്, കാനായി കുഞ്ഞിരാമന്‍ കൊത്തിയ ശില്പം പോലെ(മുഖത്ത് യാതൊരു വികാരങ്ങളുമില്ലാതെ എന്ന് വ്യംഗ്യം) പതിയെ സൈക്കിളില്‍ നടന്നു പോയി.സൈക്കിളോടിച്ചു പോയി എന്നതില്‍ ഒരു ഓട്ടം ഇല്ലേ! അതില്ലാത്തതുകൊണ്ടാണ് സൈക്കിളില്‍ നടന്നു പോയി എന്നു പറയേണ്ടിവന്നത്. പക്ഷേ ഞാനിതൊന്നും കണ്ടില്ല. പേപ്പര്‍ കിട്ടിയതും ഞാന്‍ പറന്ന് ഉമ്മറത്തെ ബ്ളാക് ഓക്സൈഡ് ഇട്ട കറുത്ത തണുത്ത നിലത്ത് അത് നിവര്‍ത്തിവച്ചു.
പിന്നെ ബാക്ക് പേജില്‍ നിന്ന് ഫ്രണ്ടിലേക്ക് ഓരോ പേജായി മറയ്ക്കാന്‍ തുടങ്ങി. ഓരോ പേജ് മറയുമ്പോഴും എന്റെ മുഖത്തെ ഉദയസൂര്യനെ കാര്‍മേഘം മറച്ചുകൊണ്ടിരുന്നു.

ഇല്ല! ഒറ്റപ്പേജിലും ഫുള്‍പേജ് സിനിമാ പരസ്യം ഇല്ല. ഒരു പേജില്‍ നീളത്തില്‍ ഒരു പരസ്യം! 'ഇഷ്ടമാണ് പക്ഷേ!' അതിലും ചിത്രങ്ങള്‍ ഒന്നും ഇല്ല! പിന്നെ അവിടെയവിടെയായി ചെറിയ ചെറിയ ചില പരസ്യങ്ങള്‍! മേള, ആഗമനം, വൈകിവന്ന വസന്തം, ദീപം, കരിമ്പന അങ്ങനെ ഏതൊക്കെയോ! അതില്‍ തന്നെ ജയന്റെ പടങ്ങള്‍ രണ്ട്. ഒന്നില്‍ ചിത്രം ഇല്ല, അടുത്തതില്‍ ചെത്തുകാരന്റെ വേഷത്തില്‍ കറുത്തിരുണ്ട് ഒന്നും തെളിയാത്ത ഒരു രൂപം. കാരണം അത് വെളുത്ത പേജ് ആയിരുന്നില്ല വൈക്കോല്‍ അരച്ചുണ്ടാക്കിയത്പോലെ ചുടാത്ത ചപ്പാത്തിയുടെ നിറമുള്ള ഒരു പേജ് ആയിരുന്നു. അതു ജയനാണെന്ന് ഊഹിച്ചു. നിരാശയോടെ ഉമ്മറത്തെ മുരിങ്ങയുടെ കൊഴിഞ്ഞു വീണുകൊണ്ടിരിക്കുന്ന സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന ഇലകളെ നോക്കി ഇരിക്കുന്നനേരത്ത് പിന്നില്‍നിന്ന് അമ്മയുടെ ശബ്ദം.

"ഇന്നത്തെ പേപ്പറാ ട്ടാ ദ്! ആരും വായിച്ചട്ടുങ്കൂടില്ല്യാ, അതറ്റ വെട്ട്യാ അഛന്‍ നിന്റെ പൊറം പൊന്നാക്കൂട്ടാ! ഓര്‍ത്തോ"

പേപ്പര്‍ കൊണ്ടുപോയ ഞാന്‍ ചെയ്തേക്കാവുന്ന അപകടത്തെപ്പറ്റി ബോധവതിയായിട്ടോ എന്തോ എനിക്ക് മുന്നറിയിപ്പ് തന്നു!

അതെ! അതായിരുന്നു എന്റെ ലക്ഷ്യം! ഫുള്‍പേജ് സിനിമാപരസ്യം ഉണ്ടെങ്കില്‍ അതുകൊണ്ട് പുസ്തകം പൊതിയുക, ജയന്റെ പടം ഉണ്ടെങ്കില്‍ അത് പുസ്തകത്തിന്റെ ചട്ടയില്‍ വെട്ടി ഒട്ടിക്കുക! വെള്ളിയാഴ്ച്ചയായിട്ടുകൂടി ദൈവാധീനമില്ലാത്തതിനാല്‍ ഇതു രണ്ടും നടന്നില്ല!

ഇനീപ്പോ അമ്മ പറഞ്ഞപോലെ കാപ്പികുടിച്ചേക്കാം!

അമ്മേ!...എവിട്യാ ന്റെ കാപ്പി.

ദേ ആ ഡെസ്കുമ്മെ അടച്ച് വച്ചട്ട്ണ്ട്..ഇട്ത്ത് കഴിച്ചോ!

ഇഡ്ഡലിപ്രാന്തനായ ഞാന്‍ പൂപോലുള്ള ഇഡ്ഡലി കഴിക്കാനായി അടച്ചു വച്ച പാത്രം തുറന്നു.
ദൈവമേ! നീയെന്നെ ഇവിടെയും കൈവിട്ടോ?..ഉപ്പുമാവ്! ഈ ലോകത്ത് ആരെങ്കിലും കഴിക്കാന്‍ തന്നാല്‍ വേണ്ട എന്ന് മന്സ്സുറപ്പോടെ എനിക്ക് പറയാന്‍ കഴിയുന്ന ഒരേഒരു വസ്തു.

അമ്മേ...അപ്പോ ന്ന് വ്ടെ ഇഡ്ഡല്യല്ലേ?

അതേയ് ഉഴുന്ന്പരിപ്പ് ണ്ടായിര്ന്നില്ല്യ! മാസാവസാനായോണ്ട് ഇപ്പത് മേടിക്കണ്ടാന്ന്വച്ചു. ഒന്നാന്തി അഛ്ചന്‍ മറ്റ് സാധനങ്ങള് വാങ്ങണ് കൂട്ടത്തില്‍ വാങ്ങാമ്പറയാം...ഇപ്പോ മോനത് കഴിച്ചോട്ടാ..! അമ്മ സത്യാവസ്ഥ വെളിപ്പെടുത്തി.

ന്നാപ്പിന്നെ കാപ്പ്യെവടെ!.

ങ്ങാ! അതും ഞാന്‍ പറയാന്മറന്നു! കോമളേടെ പശൂന്ന് ചെന്യായോണ്ട് പ്പോ കറവ നിന്നു. നി പെറ്റട്ട് വേണം. അതോണ്ട് ന്ന് കട്ടനാട്ടാ.! ചൂടാക്കി തരട്ടേ!

അപ്പോള്‍ മനസ്സില്‍ തോന്നിയ ചോദ്യം ഇതായിരുന്നു...വന്ന് കാപ്പി കുടിക്കടാ..കാപ്പി കുടിക്കടാ ന്ന് അമ്മ ഇത് മറന്നിട്ടാണോ വിളിച്ചിരുന്നത്! എന്തായാലും എന്റെ കൃഷ്ണാ എന്തിനാ നീ എനിക്കിങ്ങനെ ഒരു പരീക്ഷണം തന്നത്!

"ഭഗവാന്‍ അങ്ങന്യാ...പരീക്ഷിക്കും പക്ഷേ ഉപേക്ഷിക്കില്ല" അഛ്ചന്റെ ശബ്ദം!

ഞെട്ടിപ്പോയി! തന്റെ മന്സ്സില്‍ ചോദിച്ചത് അഛ്ചന്‍ എങ്ങനെ കേട്ടു. ഓടി പടിക്കല്‍ ചെന്നു നോക്കുമ്പോ എന്തോ കഷ്ടകാല്ത്തെപ്പറ്റി ആവലാതിപറഞ്ഞ കണ്ടാല്‍(എനിക്ക്) തിരിച്ചറിയാവുന്ന ഏതോ ഒരു പൌരനെ അഛ്ചന്‍ സമാശ്വസിപ്പിച്ചതാണ്!

പക്ഷേ അതു തന്നെയായിരുന്നു എനിക്കുമുള്ള ഉത്തരം!

നേത്രദാനം മഹാദാനം

ഒരിക്കല്‍ രാജുമോന്‍ എന്നോടു ചോദിച്ചു!

അങ്കിളിന്റെ ഫാദര്‍ ആരാണെന്നല്ല...!

"അങ്കിളേ...എല്ലാവരും കാണുന്ന കാഴ്ച്ചകള്‍ ഒരുപോലെയാണോ? കണ്ണെല്ലാര്‍ക്കും ഒരുപോലെയല്ലേ?"...കുഴക്കുന്ന ചോദ്യം! വലിയ ക്ളാസ്സ് തന്നെ എടുക്കേണ്ടിവരും.

റിസ്ക്ക് എടുക്കണ്ട എന്നു കരുതി ഉത്തരം കൊടുത്തു! "അതേടാ കുട്ടാ"

"അപ്പോ ഉറങ്ങ്ങ്ങുമ്പോ നമ്മള് കണ്ണടക്കുന്നത് പോലെ എല്ലാജീവികളും കണ്ണടക്കുമോ"?..ദേ അടുത്ത ചോദ്യം!

"പിന്നേ!..എല്ലാ ജീവികളും ഉറങ്ങുമ്പോള്‍ കണ്ണടക്കും"!..ഇവിടേയും തടിതപ്പി!

"അപ്പോ മീനോ?! മീന്‍ കണ്ണടക്ക്വോ?..." "മിണ്ടാണ്ട് പോട ചെക്കാ" എന്നു മനസ്സില്‍ പറഞ്ഞെങ്കിലും അങ്ങനെ പ്രതികരിച്ചാല്‍ തോറ്റവന്റെ എസ്കേപ്പിസമാണെന്നു കരുതി അവന്‍ കൂവും!...എല്ലാവരോടും പറയുകയും ചെയ്യും..എന്തൂട്ടാ മൊതല്?!

"ങ്ങാ!...മീന്‍ കണ്ണടക്കില്ല! കാരണം മീന് ഉറങ്ങാന്‍ പറ്റില്ല! എപ്പോഴും വെള്ളത്തിക്കെടന്നാ എങ്ങന്യാ ഒറക്കം വര്വാ! രാജുമോന് വെള്ളത്തീക്കെടന്ന് ഒറങ്ങാമ്പറ്റ്വോ?!" ഇളിഭ്യതയോടെ മറുപടിനല്കി!

"അപ്പോ കണ്ണില്യാത്തോര്ക്ക് നേരം വെളുത്തൂന്ന് എങ്ങന്യാ അറിയാ? അവര്‍ക്ക് എപ്പോഴും ഇരുട്ടല്ലേ? അവര് കണ്ണില്ല്യാണ്ട് എങ്ങന്യാ ഒണര്വാ?"!...ചെക്കന്റെ സ്കോര്‍ മൂന്ന്..ഞാന്‍ പൂജ്യം.

ചോദിച്ചത് വളരെ സങ്കീര്‍ണ്ണവും, വേദനയുളവാക്കുന്നതുമായ ഒരു ചോദ്യമാണെങ്കിലും നിഷ്കളങ്കമായതിനാല്‍ ശരിയുത്തരം അനിവാര്യം!
പണ്ട് 'ദേ മാവേലി കൊമ്പത്ത്' എന്ന കോമഡി കാസറ്റില്‍ മാവേലിയുടെ ഡ്യൂപ്പായി വരുന്ന 'ജഗതി'യുടെ ശബ്ദം മദ്യപിച്ച് കൊണ്ടിരിക്കുന്ന നേരത്ത് കറണ്ട് പോയപ്പോള്‍ കണ്ണുപോയതാണെന്ന് തെറ്റിദ്ധരിച്ച് ചോദിക്കുന്ന ഒരു ചോദ്യമാണ് ആദ്യം മനസ്സില്‍ വന്നത്! അയ്യോ എന്റെ കണ്ണുപോയേ..ഇനി ഞാനെങ്ങനെ ഒറങ്ങും?!!

"കുട്ടാ!..അവര്‍ക്ക് കണ്ണുമാത്രമല്ലേ ഇല്ലാതുള്ളൂ! പഞ്ചേന്ദ്രിയങ്ങളിലെ മറ്റ് നാല് ഇന്ദ്രിയങ്ങളിലൂടെ അവര്‍ ഈ ലോകത്തെ എല്ലാ കര്യങ്ങളും അറിയുന്നുണ്ട്! ഒന്നും കാണാന്‍ പറ്റില്ല എന്നുമാത്രം!"

"കണ്ണുള്ളവര്‍ ഭാഗ്യവാന്മാരെന്ന് അവര്‍ കരുതുന്നു. എന്നാല്‍ നമ്മള്‍ ഭാഗ്യവാന്മാരാണോ? നമ്മുടെ കാലശേഷം അത് മറ്റൊരാള്‍ക്കു കൂടി വെളിച്ചമാകുമ്പോഴല്ലേ അത് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഭാഗ്യമാകുന്നുള്ളൂ? നമ്മുടെ കാലശേഷവും നമ്മുടെ കണ്ണുമാത്രം ലോകത്തങ്ങനെ ണ്ടാവ്വാന്ന് പറയണതല്ലേ ശരിക്കൂള്ള ഭാഗ്യം!.. അതോണ്ടാ വല്യ വല്യ ആള്‍ക്കാരൊക്കെ പറയണേ..നമ്മുടെ കാലം കഴിയുമ്പോള്‍ അതെല്ലാം മറ്റൊരാള്‍ക്ക് ഉപകരിക്കുമെങ്കില്‍ ദാനം ചെയ്യണമെന്ന്!"

സ്റ്റഡിക്ളാസ്സ് ചെക്കന്റെ പ്രായത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുകൊണ്ടാവണം അവന്റെ കുഞ്ഞുമുഖം മ്ളാനമായി! എന്റീശ്വരാ!..ഏതുനേരത്താ ഇങ്ങന്യൊരു ചോദ്യം ചോദിക്കാന്‍ തോന്നീത്? എന്ന് ഒരു ചിന്തകൂടി ഉണ്ടെന്നു തോന്നുന്നു!

"പാടത്തിരുന്നത് മതി! ന്നി മ്മക്ക് വീട്ടീപ്പൂവ്വാം!" ചെക്കന് മുഷിഞ്ഞു!

"ആയ്! മാമന്‍ പറഞ്ഞ് തന്നതൊക്കെ കാര്യായിട്ട്ള്ള കാര്യങ്ങളല്ലേ?..അപ്പളേക്കും വീട്ടീപ്പോവ്വായ്യാ!.....സൈക്കിളും തള്ളിക്കൊണ്ട് വാര്‍ഡ് മെമ്പര്‍ നകുലേട്ടന്‍ !"

"നിങ്ങള് പറഞ്ഞതൊക്കെ ഞാന്‍ കേട്ടൂട്ടാ!..നിങ്ങള് ചെറുപ്പക്കാര് വേണം ഇങ്ങനത്തെ കാര്യങ്ങളിലൊക്കെ മുന്‍കയ്യെടുക്കാന്‍ ! എന്തായാലും ഞാന്‍ ഒന്നു തീരുമാനിച്ചു! എന്റെ കണ്ണങ്ക്ട് ദാനം ചെയ്യാന്‍ ! മ്മടെ കാലശേഷം ചീഞ്ഞ് പോണ സാധനല്ലേ? അതോണ്ട് വേറൊരാള്‍ക്ക് വെളിച്ചം കിട്ട്വാണെങ്കി ആയിക്കോട്ടെ!"

"മ്മടെ കണ്ണ് മറ്റൊരാള്‍ക്ക് കാഴ്ച്ചനല്കീന്ന് കേട്ടട്ട് വേണം എനിക്ക് സമാധാനായിട്ട് കണ്ണടയ്ക്കാന്‍ !"

ഇപ്പോ ഞെട്ടിയത് ഞാന്‍ ! ഇദ്ദേഹം കാലശേഷം ദാനം ചെയ്യാന്‍ പോകുന്നോ അതോ ഇപ്പോ തന്നെ ഒരു ചേമ്പില പറിച്ച് അതില്‍ കണ്ണുരണ്ടും പൊതിഞ്ഞ് കയ്യില്‍ തന്നുവിടുമോ എന്ന കണ്‍ഫൂഷന്‍ ഉണ്ടായതോണ്ട് ചെക്കനേം വിളിച്ച് ഘര്‍ ലോട്ട് ചലാ!

ദീപാവലിയുടെ ഐതീഹ്യം

ഇന്നലെ ആരോ ദീപാവലിയുടെ ഐതീഹ്യം എന്നുപറഞ്ഞ് ഒരു കഥ പോസ്റ്റിയിരുന്നു! എന്നാല്‍ അത് തെറ്റാണെന്ന് ഈ ചരിത്ര സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ തെര്യപ്പെടുത്തിക്കൊള്ളുന്നു!

പണ്ട് നാട്ടുരാജ്യങ്ങള്‍ മാത്രമുള്ള, ഇന്ത്യക്കാര്‍ ഇന്ത്യ കണ്ടുപിടിക്കുന്നതിനുമുന്പുള്ള അതേ സ്ഥലത്ത് ത്രിഗര്‍ത്തം എന്നൊരു ദേശം ഉണ്ടായിരുന്നു. പ്രജാ വത്സലനായ ഇവിടുത്തെ രാജാവിന്റെ പേര് രോമകേതു എന്നായിരുന്നു. നാട്ടില്‍ ഡവലപ്പ്മെന്റ് കൊണ്ടുവരുന്നതിന്റെ ഭാഗമായി ചെറുകിട വ്യവസായങ്ങളെ ഇദ്ദേഹം വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഏക സ്വഭാവദൂഷ്യം എന്നു പറയാനുള്ളത് ബീഡിവലി ആയിരുന്നു.  ബീഡിവലിക്കും ബീഡിവ്യവസായപ്രോത്സാഹനത്തിനും വേണ്ടി എല്ലാ ദിവസവും കൊട്ടാരം സ്റ്റേഡിയത്തില്‍ ഇതിനായൊരു മത്സരം നടത്തിവന്നിരുന്നു. ആര് കൊണ്ടുവന്ന ബീഡി വലിച്ച് ഇദ്ദേഹം സംതൃപ്തനാകുന്നുവോ ആ ബീഡിക്കാരന് പട്ടും വളയും, പുട്ടും കടലയും പിന്നെ സ്വര്‍ണ്ണമെഡലും കാനായി കുഞ്ഞിരാമന്‍ ഉണ്ടാക്കിയ സണ്ണി ലിയോണിന്റെ ശില്പവും എല്ലാത്തിനും പുറമേ രണ്ടു വിളക്കും സമ്മാനമായി ലഭിച്ചിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് മഴുവെറിഞ്ഞ് കടല്‍ നികത്തി കരഭൂമിയാക്കിമാറ്റിയ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ നാട്ടിലെ മ്മടെ തൃശ്ശൂര് കണിമംഗലത്ത്ള്ള കുഞ്ഞറതേട്ടന്‍ ഈ മത്സരത്തെക്കുറിച്ച് കേട്ടത്! കേട്ടപാതി കേക്കാത്തപാതി കുഞ്ഞറതേട്ടന്‍ കണിമംഗലം ഓവര്‍ബ്രിഡ്ജിനടുത്തുള്ള ദീപം ബീഡിയുടെ മാനേജരച്ചനെ പോയിക്കണ്ട് സ്തുതിചൊല്ലി ഒരു ആറ് പായ്ക്കറ്റ് ബീഡീം വാങ്ങി മുണ്ടിന്റെ കോന്തലയില് ഒരു പാര്‍സലും ണ്ടാക്കി തൃശ്ശൂര് സ്റ്റേഷനീന്ന് നേരെ ത്രിഗര്‍ത്തത്തിലേക്ക് വണ്ട്യാ കേറി!

മൂന്നാം ദിവസം സന്ധ്യക്ക് കൊട്ടാരം സ്റ്റേഷനില്‍ ചെന്നിറങ്ങി ഓടിപ്പിടഞ്ഞ് കൊട്ടാരത്തിലേക്ക് പോയിക്കൊണ്ടിരിക്കേ ദേ ഒരു വിളി! "കുഞ്ഞറതേട്ടാ....ഞാന്‍ണ്! അയ്! ദ് ഞാന്‍ണ്ന്ന്...!! ലോനപ്പന്‍ണ്!" നോക്കുമ്പോ കൂള്‍ഷോഡ സര്‍വ്വത്ത് എന്ന് സ്പഷ്ടടമലയാളത്തിലെഴുതിവച്ചിരിക്കുന്ന ഓറഞ്ചു നിറത്തില്‍, വിക്ഷേപണത്തിന് നിര്‍ത്തിയിരിക്കുന്ന റോക്കറ്റു പോലുള്ള ഒരു പെട്ടിക്കടയിലിരിക്ക്ണു മ്മടെ വടക്കേത്തലേരെ ലോനപ്പന്‍ക്ടാവ്!

"നിക്കാന്‍ നേരല്ല്യര ക്ടാവേ...!!" എന്നൊരു മറുപടിയുമായി കുഞ്ഞറതേട്ടന്‍ നേരെ പോയി മത്സരത്തിന്റെ എന്റ്രിഫോം വാങ്ങി ഫില്‍ ചെയ്തു കൊടുത്ത് ചോദിച്ച ചോദ്യത്തിന് ആദ്യം തന്നെ ബസ്സറമര്‍ത്തി ഉത്തരം പറഞ്ഞ് ക്വാളിഫൈഡായി!

"ബീഡിത്തമ്പുരാന്‍ രോമകേതു പഥാരഹേ ഹേ ഹോ ഹൈം!!"

എന്നൊരു ഭീകരമുന്നറിയിപ്പോടെ ഒരു കുല ചെത്തലപ്പട്ടികളേയും (കൂട്ടത്തോടെ കയറിട്ട് കെട്ടിനിര്‍ത്തിയിരുന്നതിനാല്‍ ഒരു കുല പട്ടികള്‍ എന്നു തന്നെ പറയണം!) കൊണ്ട് "ലകലകലകലകലകലകലകലകല" എന്ന ക്ഷത്രിയമന്ത്രവും ഉരുവിട്ടുകൊണ്ട് സാക്ഷാല്‍ രോമകേതു മഹാരാജാവ് എഴുന്നെള്ളി ആസനാസക്തനായി..സോറി ആസനസ്ഥനായി! പിന്നെ ബീഡിക്കെട്ടിനായി കുഞ്ഞറതേട്ടനു നേരെ കൈ നീട്ടി! കുഞ്ഞറത് തന്റെ സിക്സ് പാക്ക് എടുക്കാനായി മുണ്ടൊന്നു ലൂസാക്കി ആറുപായ്ക്കറ്റു ബീഡിയും രാജാവിന് നേരെ നീട്ടി. അദ്ദേഹം പള്ളിക്കെട്ട് പൊട്ടിച്ച് പള്ളിബീഡിയെടുത്ത് പള്ളിവലിതുടങ്ങി അവിടെയെല്ലാം സമൃദ്ധമായ പള്ളിപ്പുകകൊണ്ട് നിറഞ്ഞു. അത്ഭുതം! രാജാവിന്റെ മിഴികള്‍ ആനന്ദ നിര്‍വൃതിയില്‍ അര്‍ദ്ധനിമീലിതങ്ങളാകുന്നു! ആരവിടെ ! ഈ കുഞ്ഞറത് കൊണ്ടുവന്ന ബീഡി നമ്മെ ഇന്ദ്രലോകത്തെത്തിച്ചിരിക്കുന്നു! നാം സംപ്രീതനായി!! ഇദ്ദേഹത്തിന് സമ്മാനങ്ങള്‍ നല്കി ആദരിച്ച് തൃശ്ശൂര് ശക്തന്‍ സ്റ്റാന്ഡിലേക്കുള്ള ബസ്സ് കേറ്റി വിട്ടിട്ടു വാടാ പിയൂണേ..ന്നൊരു ഓര്‍ഡറും കൊടുത്തു.

വിജയശ്രീ ലാളിതനായ കുഞ്ഞറതേട്ടന്‍ ഓണാഘോഷമത്സരത്തിന് പ്രതീക്ഷിക്കാതെ കപ്പു കിട്ടിയ ചെക്കനെപ്പോലെ ഒറ്റക്ക് ആര്‍പ്പ് വിളിച്ച് ചാടിക്കളിച്ച് വരുന്നവഴിക്ക് മ്മടെ ലോനപ്പന്റെ കടേലൊന്നു കേറി!

ലോനപ്പന് ഈ ബീഡിവലിമത്സരം, കൊട്ടാരഫുട്ട്പാത്തിലെ കടയിലിരിക്കുന്നതുകൊണ്ട് ഒരു സ്ഥിരം കാഴ്ച്ചയായിരുന്നതിനാല്‍ കുഞ്ഞറതേട്ടനോട് ഇപ്രകാരം ചോദിച്ചു

" ഇന്നെന്തൂട്ടാ 'വലി'?!

"ഇന്നാ...ഇന്ന് ദീപാ വലി..ഞാന്‍ കൊണ്ടന്ന് കൊട്ത്ത ദീപം ബീഡി! ഞാന്‍ കപ്പടിക്കേം ചെയ്തു!-കുഞ്ഞറതേട്ടന്‍.

ങ്ങാഹാ! ഇന്ന് ദീപാ വലി? വിശ്വാസം വരാതെ വടക്കേത്തലക്കാരന്‍!

അതേന്നേ!..ഇന്ന് ദീപാ വലി! ഞാന്‍ ഇതങ്ക്ട് ആഘോഷിക്കാന്‍ പോവ്വാ! ചീയ്യാരത്ത് പോയി ഉക്രാന്റെ പടക്കം വേടിച്ച് പൊട്ടിച്ച് തന്നെ ആഘോഷിക്കും! പിന്നെ ഈ രണ്ട് വെളക്കും അവിടെ കത്തിച്ച് വക്കും! ഇന്ന് മാത്രല്ല എല്ലാകൊല്ലോം ഈ ദീവ്സം ആഘോഷിക്കും! കുഞ്ഞറതേട്ടന്‍ നിശ്ചയദാര്‍ഢ്യത്തോടെ പറഞ്ഞു!

അന്ന് കുഞ്ഞറതേട്ടന്‍ തുടങ്ങിവച്ച ആ ആഘോഷം കണ്ട് അവിടെ കുബേര്‍ കുഞ്ചിയും ചീനപ്പടക്കവും വിക്കാന്‍ വന്ന ചൈനീസ് സഞ്ചാരിയായ "ഹെന്റ മോ നിക്ക് വയ്യാങ്ങ്" ആണ് പോകുന്ന വഴിയിലുള്ള ആളുകളോടൊക്കെ "ഇന്ന് ദീപാ വലി, അതോണ്ട് എല്ലാവരും പടക്കം പൊട്ടിച്ച് ആഘോഷിക്കിന്‍!" എന്നു പറഞ്ഞ് കയ്യിലെ പടക്കം മുഴുവന്‍ ഇന്ത്യയൊട്ടാകെ വിറ്റ് ഈ ആഘോഷത്തിന് തുടക്കം കുറിച്ചത്! കഷ്ടകാലത്തിന് തമിഴ്നാട് ബോര്‍ഡര്‍ കടന്ന് കേരളത്തില്‍ എത്തിയപ്പോഴേക്കും "ഹെന്റ മോ നിക്ക് വയ്യാങ്ങ്" ന്റെ പടക്കം മുഴുവന്‍ തീര്‍ന്നതിനാല്‍ കേരളത്തില്‍ അത് പണ്ട് അത്രവലിയ ഒരാഘോഷമായിരുന്നില്ലെന്ന് "ഹെന്റ മോ നിക്ക് വയ്യാങ്ങ്" തന്റെ "ചരിത്രബോധിനി" എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്!

ഗൃഹാതുരചിന്തകള്‍

നമ്മുടെ നാട്ടിലെ അതിപ്രശസ്തയായ ഒരു പാചകവിദുഷിയുടെ ഒരു പുസ്തകം നാട്ടില്‍ പോയ സമയത്ത് ഒന്നോടിച്ച് നോക്കാനിടയായി. അതില്‍ കേരളീയ വിഭവങ്ങളുടെ ഭാഗത്ത് 'മുളകുഷ്യം' എന്നൊരു വിഭവത്തെക്കുറിച്ച് വായിക്കാനിടയായി. വായിച്ചു വന്നപ്പോള്‍ മനസ്സിലായി തൃശ്ശൂര്‍ ഭാഗത്തൊക്കെ മൊളോഷ്യം എന്ന നാടന്‍ പേരിലറിയപ്പെടുന്നവനാണിവന്‍. ഒരു പേരിലെന്തിരിക്കുന്നു എന്ന് ന്യായമായും സംശയം തോന്നുന്നവര്‍ക്കായി, ഇതുകൊണ്ട് ഞാന്‍ തന്നെ മറന്നുപോയ ഒരു കാലത്തെക്കുറിച്ചും ഈ പേരിനെക്കുറിച്ചുള്ള ഒരു വിശദീകരണത്തെപ്പറ്റിയും ഓര്‍മ്മിപ്പിക്കാന്‍ ഈ വായന ഇടയാക്കി എന്ന സത്യം ഇവിടെ ബോധിപ്പിച്ചുകൊള്ളുന്നു.

ഇത് തുടങ്ങുമ്പോള്‍ കമലഹാസനൊക്കെ സകലക്ലാവല്ലഭന്‍ എന്ന പേരെടുക്കുന്നതിനൊക്കെ വളരെ മുന്പുതന്നെ ആ പേരിന് ഔദ്യോഗികമായിത്തന്നെ അര്‍ഹനായിരുന്ന, ഞങ്ങള്‍ കുട്ടികള്‍ മാത്രമല്ല വലിയവരും 'അച്ചാച്ചന്‍' എന്നു വിളിച്ചിരുന്ന, സ്ഥാനംകൊണ്ട് ഞങ്ങള്‍ വല്ല്യമ്മാവന്‍ എന്നു വിളിക്കേണ്ടിയിരുന്ന, ശ്രീ നാഗത്ത് ശങ്കരന്‍ നായര്‍ എന്ന അസാധാരണ പ്രതിഭയെക്കുറിച്ച് പറയേണ്ടി വരും. സ്കൂള്‍ വിദ്യാഭ്യാസം എന്ന അഭ്യാസമൊഴികെ മറ്റെല്ലാ അഭ്യാസത്തിലും എന്നു വച്ചാല്‍, കല, സാഹിത്യം, സംഗീതം, ടെക്നോളജി, വൈദ്യം, വൈദ്യത്തില്‍ തന്നെ ഓര്‍ത്തോപീഡിക് സ്പെഷ്യലൈസേഷന്‍, കൃഷി, കന്നുകാലി വളര്‍ത്തല്‍ എന്നു വേണ്ടാ ഒരു മനുഷ്യന്‍ ഒരുമിച്ച് വശമാക്കേണ്ടതില്ലാത്ത എല്ലാ വിദ്യകളും സ്വായത്തമാക്കിയിരുന്ന അതുല്യ പ്രതിഭയായിരുന്നു കക്ഷി. ഇതിനൊക്കെ പുറമേ 'കുട്ടന്‍' 'കുട്ടി' എന്ന പേരുകളില്‍ അക്കാലത്ത് വിഖ്യാതരായിരുന്ന എന്റെ അഛന്റെയും വല്ല്യഛന്റേയും പെങ്ങന്മാരില്‍ മൂത്ത പെങ്ങളായ, മുതുക്കന്മാര്‍ മുതല്‍ കുഞ്ഞുകുട്ടി പരാധീനങ്ങള്‍ വരെ 'അമ്മ്വേച്ചി' എന്നു വിളിച്ചിരുന്ന അമ്മു ഇളയന്നയുടെ, 'ദേ'.. അല്ലെങ്കില്‍ 'ഇങ്ക്ട് നോക്ക്വോ' ആയിരുന്നു വിദ്വാന്‍! മനസ്സിലായില്ല അല്ലേ?. അന്നത്തെകാലത്ത് കെട്ട്യോനെ ആരും ചേട്ടാ എന്നോ പേരോ വിളിച്ചിരുന്നില്ല!! കക്ഷിയെക്കുറിച്ച് പറയാന്‍ ഇനിയുമേറെയുണ്ടെങ്കിലും വിസ്താരഭയത്താല്‍ ചുരുക്കുന്നു.

കക്ഷിയാണ് ഈ 'മുളകുഷ്യം' എന്നതിന്റെ യഥാര്‍ത്ഥ പേര് ഒരിക്കല്‍ പറഞ്ഞുതന്നത്. പഞ്ഞമാസത്തില്‍ അല്ലെങ്കില്‍ ഏതെങ്കിലും അടിയന്തിര ഘട്ടത്തില്‍ പെട്ടെന്നുണ്ടാക്കിയിരുന്ന ഒരു കൂട്ടാനായിരുന്നു അന്നത്തെക്കാലത്ത് മുളക് പിഴിഞ്ഞ് (ഉടച്ച്)ഒഴിച്ച് ഉണ്ടാക്കിയിരുന്ന ഈ വിഭവം. ഇന്നത്തെപ്പോലെ പരിപ്പ് ഇതില്‍ പാര്‍ട്ടിസിപ്പേറ്റ് ചെയ്യുന്നത് അതിനും വളരെ കാലങ്ങള്‍ക്കു ശേഷമാണ്. തൊടിയില്‍ സുലഭമായിരുന്ന പപ്പായ(ഓമയ്ക്ക)അല്ലെങ്കില്‍ കുമ്പളങ്ങ ആണ് ഇതിലെ താരം. വേവിച്ചെടുത്ത 'താരത്തില്‍' മുളക് ഉടച്ച് പിഴിഞ്ഞ് ചേര്‍ത്ത് പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തെടുക്കുക എന്നതായിരുന്നു അന്നത്തെ റെസിപ്പി. ഈ മുളകു പിഴിയന്‍ ആണ് നാവുനാവാന്തരം കടന്ന് ലോപിച്ച് മുളകുപിഷിയന്‍ എന്നും പിന്നീട് മുളകുപിഷിയം എന്ന പേരിലൂടെ മൊളോഷ്യം എന്നും ആയിത്തീര്‍ന്നത് എന്നാണ് ചരിത്രം.

നാഗത്ത് ശങ്കരന്‍ നായര്‍ ചരിതം എനിക്ക് സമയം കിട്ടുന്നതനുസരിച്ച് ഖണ്ഡശ്ശ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. അദ്ദേഹത്തിന്റെ എല്ലാ അഭ്യാസക്കഥകളും വളരെ ഇന്ററസ്റ്റിംഗ് ആണ്.

വേതാള കഥകള്‍ -വിരേചനപര്‍വ്വം

വിക്രമാര്‍ക്കന്‍ മരത്തില്‍ക്കയറി ശവമിറക്കി തോളിലിട്ടുകൊണ്ട് ശ്മശാനം ലക്ഷ്യമാക്കി നടന്നു. അപ്പോള്‍ ശവത്തില്‍ സ്ഥിതിചെയ്തിരുന്ന വേതാളം ഇപ്രകാരം പറഞ്ഞു. "രാജന്‍ , ഒരാള്‍ ജീവിതകാലം മുഴുവന്‍ അദ്ധ്വാനിച്ച്, പരസഹായമൊന്നുമില്ലാതെ തന്നെ ഉണ്ടാക്കിയെടുക്കുന്ന ഒരു കാര്യത്തിന് ഫലസിദ്ധി കൈവരുന്നത് അത് മറ്റുള്ളവര്‍ അംഗീകരിക്കുമ്പോഴാണ്. എന്നാല്‍ ഈ അംഗീകാരത്തിന് പകരം അവര്‍ നല്കുന്നത് തെറ്റായ വിലയിരുത്തലാണെങ്കിലോ?..അത് എത്ര വലിയ സംഭവമാണെങ്കിലും ദുഷ്പേര് ഒരിക്കലും വിട്ടുപോകില്ല! ഉദാഹരണത്തിന് ഈ കഥകേള്‍ക്കൂ..


തൃശ്ശൂര്‍ ജില്ലയിലെ പാലക്കല്‍ എന്ന ദേശത്ത് ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തി ഒമ്പതിലാണെന്നു തോന്നുന്നു ഈ കഥ നടന്നത്. അന്ന് കേരളത്തിന്റെ ഗവര്‍ണ്ണറായി വെറുതേയിരുന്നിരുന്നത് ബീഹാറില്‍ നിന്നുള്ള ഒരു മഹിളാ മണിയായിരുന്നു. (അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അന്നും കേരളത്തില്‍ വലിയ ഡിമാന്‍ഡായിരുന്നു)കോണ്‍ഗ്രസ്സിന്റെ ടിക്കറ്റില്‍ തലങ്ങും വിലങ്ങും മല്‍സരിച്ച് 1952 മുതല്‍ പല പല സ്ഥാനങ്ങളും അലങ്കരിച്ച് (കേന്ദ്രമന്ത്രി വരെയായിട്ടുണ്ട്!..ഡിങ്ക ഡിഗാ!..)ഒടുവില്‍ ദേശാടനപക്ഷിപോലെ കേരളത്തിലെത്തിയതാണ് ശ്രീമതി. ഇവരാണ് ഈ കഥയിലെ നായിക!

കയ്യിലുണ്ടായിരുന്ന പുളിങ്കുരു വരെ പെറുക്കി വിറ്റ്, കണ്ടാല്‍ ആരും ഒരു പത്തുമിനിറ്റ് അങ്ങനെതന്നെ വായ്പൊളിച്ച് നോക്കിനിന്നുപോകുന്ന തരത്തിലുള്ള ഒരു മനോഹരസൌധം പണിതുണ്ടാക്കിയ ഒരു പാവത്താനാണ് ഈ കഥയിലെ ദുരന്തകഥാപാത്രമായ നായകന്‍ എന്നു വേണമെങ്കില്‍ പറയാം. ഈ വീട് അക്കാലത്ത് സത്യത്തില്‍ ഒരു സംഭവം തന്നെയായിരുന്നു.

അങ്ങനെയിരിക്കുന്ന കാലത്തിങ്കല്‍ ഗവര്‍ണ്ണര്‍ക്ക് തൃശ്ശൂര്‍ രാമനിലയത്തില്‍ എന്തോ ഒരു മീറ്റിംഗ് സമാഗതമായി. മുന്നില്‍ മൂന്ന് പി.സി യും ഒരു എസ്.ഐ യുമായി 78 മോഡല്‍ ഒരു വില്ലീസും, പിന്നില്‍ രണ്ട് പിസിയും പിന്നെ ഒറ്റനോട്ടത്തില്‍ പള്ളിപ്പെരുന്നാളിന് ബാന്ഡ് വായിക്കുന്നവനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ വേഷഭൂഷാദികളും (കാക്കി തന്നെ!), അക്കാലത്ത് കടകളില്‍ സുലഭമായിരുന്ന കളര്‍ഫുള്‍ പ്ളാസ്റ്റിക് ടങ്ക് ക്ളീനര്‍ ഒടിച്ചെടുത്ത് മൂന്നാലുവരിയായി പോക്കറ്റിനു മുകളില്‍ കുത്തിയ പോലെയുള്ള പോക്കറ്റുമുള്ള ഒരു കിരാതനുമായി പുത്തന്‍ മാര്‍ക്ക് ഫോര്‍ നോവ അമ്പാസഡറും, അതിനു നടുവില്‍ സി.വിദ്യാധരന്‍, മഞ്ജുളാ ബേക്കറി, ആലപ്പുഴ എന്നെഴുതിവക്കാത്ത ഒരു കോണ്ടസ്സയില്‍ ഒരു പി.ഏ.യും, ബ്ളഡ് ടെസ്റ്റ് ചെയ്യാന്‍ കൊണ്ടുപോകുന്ന കുട്ടിയുടെ മുഖഭാവമുള്ള വിളറിയ നിറമുള്ള ഒരു ഡ്രൈവറും പിന്നെ അല്ലിമലര്‍ക്കാവില്‍ വേലകാണാന്‍ പോകുന്ന 'തുമ്പോലാര്‍ച്ച'യിലെ ഷീലയുടെ മുഖഭാവത്തോടെ ഗവര്‍ണ്ണര്‍ മാഡവും!.

കാലത്ത് എറണാകുളം ടൌണ്‍ഹാളില്‍ എന്തോ പരിപാടിയുടെ ഉല്‍ഘാടനവും പ്രസംഗവുമൊക്കെക്കഴിഞ്ഞ് പുറപ്പെട്ട് പറവൂരെത്തുമ്പോള്‍ തന്നെ ഏകദേശം രണ്ടുമണിയായിരുന്നു. അതുകൊണ്ട് തന്നെ പി.എ.യുടെ അറേഞ്ച്മെന്റ് പ്രകാരം പറവൂര്‍ ഗവണ്‍മെന്റ് ഗസ്റ്റ്ഹൌസിലോ മറ്റോ ലഞ്ചും കൂടെ കഴിഞ്ഞാണ് സംഘം തൃശ്ശൂരേക്ക് പുറപ്പെട്ടത്! കൊടുങ്ങല്ലൂരും ഇരിങ്ങാലക്കുടയുമൊക്കെപിന്നിട്ട് പെരുമ്പിള്ളിശ്ശേരി എന്ന സ്ഥലത്തെത്തിയപ്പോഴാണ് ഒരു വീടിന് തീരാക്കളങ്കം സമ്മാനിച്ച സംഭവത്തിന് തുടക്കം!

യാദൃശ്ചികമായി റിയര്‍വ്യൂ മിററിലൂടെ നോക്കിയ ഡ്രൈവര്‍ കാണുമ്പോള്‍ തുമ്പോലാര്‍ച്ചയുടെ മുഖഭാവത്തിന് ഒരു ചെറിയ മാറ്റം! തുമ്പോലാര്‍ച്ചയിലെ ഷീല ഇപ്പോള്‍ തുലാഭാരത്തിലെ ശാരദയായിരിക്കുന്നു. വിങ്ങിപ്പൊട്ടുന്ന മുഖഭാവം! പരിചയസമ്പന്നനായ ഡ്രൈവര്‍ക്ക് സംഗതി പിടികിട്ടി. പറവൂരിലെ ലഞ്ച് ചതിച്ചു! ഉത്തരേന്ത്യക്കാര്‍ക്കുണ്ടോ കേരളത്തിലെ കായല്‍പ്രദേശത്തെ വെള്ളം പിടിക്കുന്നു?! പ്രോട്ടോക്കോള്‍ പ്രകാരം ഡ്രൈവര്‍ ഗവര്‍ണ്ണറോട് തൂറാന്‍ മുട്ടുന്നുണ്ടോ എന്ന് ചോദിക്കാന്‍ പാടില്ല! അതേ പ്രോട്ടോക്കോള്‍ തിരിച്ചിട്ടാല്‍, അതായത് ഗവറ്‍ണ്ണര്‍ക്ക് ഡ്രൈവറോടോ പി.എ.യോടോ ഇതേകാര്യം പറയാമോ എന്നു അറിയുകയുമില്ല. ഡ്രൈവര്‍ ധര്‍മ്മസങ്കടത്തിലായി. എവിടെയെങ്കിലും നിര്‍ത്താമെന്നു വച്ചാല്‍ ഇനി കൂര്‍ക്കഞ്ചേരി വരെ കൊള്ളാവുന്ന ഹോട്ടലോ കടകളോ ഒന്നുമില്ല! അതിലും ദു:ഖിപ്പിച്ച കാര്യം, റോഡിനിരുവശത്തും ഓടിട്ട വീടുകളും അതിനൊക്കെ കക്കൂസ് എന്ന മഹാപ്രസ്ഥാനം ഒരു അമ്പതുമീറ്റര്‍ അകലെയുമാണ് എന്നതാണ്. അവിടെയൊന്നും സംഗതി നടപ്പില്ല എന്നത് പകല്‍പോലെയുള്ള സത്യവുമാണ്. മജ്ബൂരി കാ നാം മഹാത്മാ ഗാന്ധി! ഗവര്‍ണ്ണര്‍ക്ക് ഇങ്ങനെ എന്തോ ഓര്‍മ്മവന്നെന്നു തോന്നുന്നു. ഡ്രൈവറോട് പ്രോട്ടോക്കോള്‍ ലംഘനം നടത്താം എന്നു ചിന്തിച്ച് ഒന്നു കൂടെ മുന്നോട്ട് കയറിയിരുന്ന് പുറത്തേക്ക് നോക്കുമ്പോള്‍ അതാ മുന്നില്‍ ലോകാത്ഭുതം പോലെയൊരു മനോഹര സൌധം.

വണ്ടി നിര്‍ത്താന്‍ ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം കിട്ടി. പി.എ. പുറത്തിറങ്ങി വാതില്‍ തുറക്കുന്നതിനു മുന്പേ മാഡം വീടിന്റെ സിറ്റൌട്ടിലെത്തി കാളിംഗ് ബെല്‍ അമര്‍ത്തിക്കഴിഞ്ഞു. ഉള്ളില്‍ പോയി കാര്യം സാധിച്ച് അവശയായി പുറത്തേക്ക് വന്നതും "വീടിന്റെ ഭംഗികണ്ട് ഒന്നു കാണാന്‍ കയറിയതാണെന്നേ പറയാവു എന്ന കര്‍ശനമായ ഒരു ഓര്‍ഡറും പുറത്തിറക്കി." ഇതിനിടയില്‍ സിഗരറ്റ് വലിക്കാന്‍ പുറത്തേക്ക് പോയ ഡ്രൈവറില്‍ നിന്നും ഒരു കടക്കാരനും രണ്ടുമ്മൂന്ന് സി.ഐ.ടി.യു. യൂണിയന്‍കാരും മൊഴിയെടുത്ത് കാര്യം മനസ്സിലാക്കി കൃതാര്‍ത്ഥരായി. അങ്ങനെ ഗവര്‍ണ്ണര്‍ വന്നു, കേറി, തൂറി, പോയി.

ഗൃഹനാഥന്‍ അഭിമാനത്തോടെ നെഞ്ചിലെ രോമം തടവി വീട്ടുമുറ്റത്തുകൂടി വെറുതേഒന്ന് അങ്ങോട്ടുമിങ്ങോട്ടും നടന്നു. അദ്ദേഹത്തിന്റെ ഭാവനപ്രകാരം അന്ന് റോഡിലൂടെപോയവരെല്ലാം "ദേ ഇതാണ് ഗവര്‍ണ്ണര്‍ സന്ദര്‍ശിച്ച വീട്, ആ ചേട്ടനെ സമ്മതിക്കണം." ഇതാണ് സംസാരിച്ചിരുന്നത്.

പിറ്റേന്ന് മുതലാണ് യഥാര്‍ത്ഥ ചിത്രം ആ പാവം മനസ്സിലാക്കുന്നത്. പാലക്കല്‍ എന്ത് കാര്യം ചോദിച്ചാലും പെട്ടെന്ന് മനസ്സിലാക്കാനുള്ള ഒരു ലാന്ഡ് മാര്‍ക്കായി ഈ വീട്! ഉദാഹരണത്തിന് പാലക്കല്‍ ഒരാക്സിഡന്റ് നടന്നു എന്ന് കരുതുക. ആളുകള്‍ പറയുക, "ഗവര്‍ണ്ണര്‍ തൂറിയവീടിന്റെവിടന്ന് മൂന്നാമത്തെ വീടിന്റെ മുന്നിലാ ആക്സിഡന്റ് നടന്നത്" എന്നാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഗവര്‍ണ്ണറുടെ വിരേചനസുഖത്തിന്റെ സില്‍വര്‍ജൂബിലി ആഘോഷിക്കുന്ന ഈ വേളയിലും നാട്ടുകാര്‍ ഈ പേര് ഇപ്പോഴും അനുസ്യൂതം ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. അതിലും ഞെട്ടിപ്പിക്കുന്ന ഒരു കാര്യമെന്താണെന്നു വച്ചാല്‍ ഇപ്പോള്‍ ഈ റോഡിലൂടെ കളക്ടറോ എം എല്‍ എ യോ എംപിയോ മന്ത്രിയോ ആരെങ്കിലും കടന്നുപോകുന്നു എന്നു കേട്ടാല്‍ ഇവര്‍ കുടുംബസമേതം അന്ന് വീടും പൂട്ടി ജോര്‍ജ്ജേട്ടന്‍സ് രാഗത്തില്‍ പോയി പടം കാണും! പിന്നെ ആരും വീടുതേടിവന്ന് വിസര്‍ജ്ജിക്കില്ലല്ലോ?!

രാജന്‍ , ഇതാണ് ഞാന്‍ മുന്‍പേചോദിച്ച കാര്യം! ഇതിനുത്തരം അറിഞ്ഞിട്ടും പറയാതിരുന്നാല്‍ അങ്ങയുടെ തല ഛിന്നഭിന്നമായിപ്പോകും!

മിഷ്ടര്‍ വേതാള്‍ജി, ഞാന്‍ ഈ പണി നിര്‍ത്തി സബ്കോണ്ട്രാക്ട് കൊടുക്കാന്‍ പോവ്വ്വാ! എന്റെ തോളില്‍ സുഖായിട്ടിരിക്കുമ്പോളല്ലേ നിനക്ക് എന്റെ തലക്ക് പടക്കം വക്കണ കഥപറയാന്‍ തോന്നണത്! വല്ല സി.ഐ.ടി.യു ക്കാരും വന്ന് അരിച്ചാക്കിനിട്ട് പിടിക്കണ കൊളുത്തിട്ട് നിന്റെ പള്ളക്ക് പിടിക്കുമ്പോ നീ ഒരു പാഠം പഠിക്കും.

വിക്രംജി, ഒരു തമാശപറഞ്ഞപ്പോളേക്കും അത് സീരിയസ്സാക്ക്യാ?! എന്നെ ഇവിടെ ഡ്രോപ് ചെയ്തോളൂ. ഞാന്‍ വല്ല ഓട്ടോയും പിടിച്ച് മുരിങ്ങമരത്തിലെ ഫ്ളാറ്റിലേക്ക് പൊയ്ക്കോളാം!

ന്നാപ്പിനെ അങ്ങനന്നെ! രാത്രീല് യാത്രേല്ല്യാ!

'സ്മൃതിഭ്രംശ'ത്തിന്റെ വീഥിയില്‍

ചാറ്റല്‍ മഴ പെയ്യുന്ന ഒരു സന്ധ്യക്ക് കുടയെടുക്കാതെ പ്രഹ്ളാദന്‍ ഇറങ്ങി നടന്നു. നെറ്റിയുടെ ചെരിവില്‍ കുത്തിവീണ് നൊമ്പരമുണ്ടാക്കി ചിതറിപ്പോകുന്ന മഴത്തുള്ളികള്‍ കണ്ണിലേക്കൊഴുകി കാഴ്ച്ചമറക്കുമ്പോള്‍ അയാള്‍ അത് വലം കൈപ്പത്തി ചുരുട്ടി ചൂണ്ടുവിരലിന്റെ വശം കൊണ്ട് തൂത്ത് കണ്ണുകളെ സ്വതന്ത്രമാക്കി. മഴക്കുമാത്രം ഒന്നും നല്കാനായിട്ടില്ല ഇതുവരെ. തന്നെ നോവിച്ചു നനക്കുന്നതിന്റെ സംതൃപ്തി മഴയെ സന്തോഷിപ്പിക്കുന്നെങ്കില്‍ അതല്ലേ മഴക്കു നല്കാവുന്ന ഏറ്റവും നല്ല സമ്മാനം!

മഴ മാറി!....

നാളെ ഇന്നായി!...അടച്ചിട്ട ഫ്ളാറ്റിനുള്ളില്‍ സി എഫ് എല്‍ സൂര്യനും!

പുറത്ത് കോറിഡോറില്‍ ആരോ വീടുപൂട്ടി പോകുന്നതിന്റെ ശബ്ദങ്ങള്‍. അതോ വന്നു കയറിയതിന്റേയോ?! ശരിക്കും നിശ്ചയമില്ല. പക്ഷേ ഒരു കാര്യം അറിയാം ഇന്നിപ്പൊ ഇതൊമ്പതാമത്തെ തവണയാണ് ആരെയോ പ്രതീക്ഷിക്കുന്നതുപോലെ വാതിലിന്റെ ചെറിയ ലെന്‍സിലൂടെ,ഓരോ ശബ്ദങ്ങള്‍ കേള്‍ക്കുമ്പോഴും ആകാംക്ഷയോടെ പോയി നോക്കുന്നത്. അസ്വസ്ഥബാധിത പ്രദേശമായ മനസ്സ് നമ്മളെക്കൊണ്ട് എന്തൊക്കെയോ ചെയ്യിക്കുന്നു! ഒരെതിര്‍പ്പുമില്ലാതെ നാമത് ചെയ്യുന്നു. മനസ്സിന് സന്തോഷമാവട്ടെ!

വീണ്ടും സന്ധ്യ!...ഇന്ന് നാളെയാകാന്‍ പോകുന്നു!

കൂടണയാന്‍ പോകുന്ന പക്ഷികളെ കാണാനും അവയുടെ ബഹളത്തിലലിയാനും വേണ്ടി അയാള്‍ ടാക്സി വിളിച്ചു! 180 രൂപ! പക്ഷേ അയാള്‍ മറന്നുവച്ച് പോന്ന മനോഹരമായ ആ സായാഹ്നങ്ങള്‍ ഒരു വികൃതിക്കുട്ടിയെപ്പോലെ അയാളില്‍ നിന്നും വളരെ വളരെ അകന്നു കഴിഞ്ഞിരുന്നു.

ഇന്നും നാളെയും നാളെയും ഇന്നും മാത്രമുള്ള ആ ജീവിതത്തില്‍ നിന്ന് ഇന്നലെകള്‍ ചാര്‍ജ്ജ് പോയ ടോര്‍ച്ചിന്റെ ക്ഷയിച്ച വെളിച്ചം പോലെ മങ്ങിക്കൊണ്ടിരിക്കുന്നത് അയാള്‍ മാത്രം അറിയുന്നുണ്ടായിരുന്നു. പക്ഷേ അതോര്‍ത്തെടുക്കാന്‍ അയാള്‍ക്ക് അറിയില്ലായിരുന്നു!!

വേലുക്കുട്ടി എന്ന ജന്മം

കാത്തു കാത്തിരുന്ന് ഒരു മഴക്കാറ് ഇപ്പൊ പെയ്യും എന്ന ലാസ്റ്റ് മൊമെന്റിലാണ് വേലുക്കുട്ടി കൈ നെറ്റിക്കുമേലെ വച്ച് ആകാശത്തേക്ക് നോക്കി തല ഒന്നു ചെരിച്ചു പിടിച്ച് ഒരവലോകനം നടത്തിയത്.

"എയ്! ഭയങ്കര മഴ്യണ്ല്ലോ വര്ണത്. ഇതൊരു മൂന്നൂസത്തക്ക് പെയ്യാന്ണ്ടല്ലോ! രാവുണ്ണ്യേട്ടാ...സാധനങ്ങളെന്തെങ്കിലും വേണച്ചാ ഇന്നന്നെ വാങ്ങി വച്ചോട്ടാ...ഇന്ന്യോര് മൂന്നീസത്തക്ക് പൊറത്തക്കെറങ്ങാമ്പറ്റീന്ന് വരില്ല്യാ!!...അമ്മാതിരി വരവാ വരണത്..തോര്‍ന്ന് കിട്ടാന്‍ വെഷമിക്കൂട്ടാ!!"


ഞങ്ങളുടെ തൊട്ടടുത്ത പഞ്ചായത്തില്‍ ജീവിച്ചിരുന്ന, വേണമെങ്കില്‍ ഇന്ത്യന്‍ ആര്‍മിക്ക് പാക്കിസ്ഥാനെതിരെ പ്രയോഗിക്കാന്‍ തക്ക പ്രഹരശേഷിയുള്ളഒരു കരിങ്കണ്ണനായിരുന്നു വേലുക്കുട്ടി എന്ന ജന്മം. മറ്റുള്ള കരിങ്കണ്ണന്മാര്‍ക്കും കരിനാക്കന്‍മാര്‍ക്കും വിരുദ്ധമായി ഇദ്ദേഹം പറയുന്നതിനെതിരെയുള്ള കാര്യങ്ങളാണ് കൂടുതലും സംഭവിക്കുക പക്ഷേ ഉടനെ സംഭവിക്കുമെന്നത് മൂന്നരതരം. ആ മഹാനാണ് മഴക്കാറ് കണ്ടപ്പോള്‍ പ്രവചനം നടത്തിയിരിക്കുന്നത്.ആ മഴക്കാറ് അതുപോലെത്തന്നെ മാറിപ്പോയി വേറെ എവിടെയോ, ഒരുപക്ഷേ അറബിക്കടലില്‍ തന്നെയോ പോയി പെയ്ത് ദേഷ്യം തീര്‍ത്തു!.


മറ്റൊരിക്കല്‍ മാഷടെ പറമ്പില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന പ്രിയോര്‍ മാവ് കണ്ട് " ആയ്! ദെന്തൂട്ട് പൂക്കലാ ഈ പൂത്തേക്കണേ?!! ഈ കൊല്ലം മാഷ് ഇതോണ്ട് പണക്കാരനാവൂട്ടാ!" എന്നനുഗ്രഹിച്ചു. അന്നു വൈകീട്ട് തന്നെ പ്രതീക്ഷിക്കാത്ത ഒരു മഴ പെയ്ത് ഒന്നു പോലും ബാക്കി നില്‍ക്കാതെ മാമ്പൂ മുഴുവന്‍ സ്വാഹാ!.


പക്ഷേ ഇദ്ദേഹത്തെ കണ്ടാല്‍ കാണുന്നവര്‍ ഓടിയൊളിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ച ഒരു സംഭവമുണ്ടായി. ചെത്തുകാരന്‍ ആനന്ദന്റെ പെങ്ങളെ കല്യാണം കഴിച്ച് കൊടുത്തിരിക്കുന്നത് തൃശ്ശൂരിനടുത്ത് അമ്മാടം എന്ന സ്ഥലത്തേക്കാണ്. സ്വര്‍ണ്ണപ്പണിക്കാരനായ അളിയന്‍ കോയമ്പത്തൂരിലേക്ക് പോകുന്ന ദിവസങ്ങളില്‍ അതിന്റെ ഒരു പ്രിവിലേജ് എന്ന
പോലെ പെങ്ങള് രണ്ട് ദിവസത്തേക്ക് സ്വന്തം വീട്ടില്‍ വന്ന് സുഖിക്കല്‍ പതിവുണ്ട്. അങ്ങനെയൊരു കോയമ്പത്തൂര്‍ യാത്രാദിനത്തില്‍ പ്രിയതമനോട് രണ്ടുദിവസം കഴിഞ്ഞ് തിരിച്ചെഴുന്നെള്ളാം എന്ന് ഉപചാരം ചൊല്ലിപ്പിരിഞ്ഞു വന്നത് കുടുംബത്തില്‍ നാലുമാസം മുമ്പ് റിലീസായ 'ന്യൂ ജെനറേഷനുമായിട്ടാണ്'. കുറ്റം പറയരുതല്ലോ കുഞ്ഞ് ജന്മനാ എന്തൊക്കെയോ അസുഖക്കാരിയായിരുന്നു.


പിറ്റേന്ന് രാവിലെ ഒരു പത്തുമണിയോടു കൂടി ആനന്ദന്റെ മദര്‍ ഇന്ത്യ കുഞ്ഞിനെ സ്വന്തം കാലുകള്‍ നിവര്‍ത്തിവച്ച് അതില്‍ കിടത്തി കുളിപ്പിച്ച് തോറ്‍ത്തി നെറുകയില്‍ രാസ്നാദി പൊടിയൊക്കെയിട്ട് കുഞ്ഞിന്റെ അമ്മക്ക് കൈമാറിയശേഷം, കുളിപ്പിക്കുമ്പോള്‍ ഇരിക്കാനുപയോഗിച്ച ചെറിയ മരക്കട്ടയും കുഞ്ഞിന്റെ ദേഹത്തു പുരട്ടുന്നതിനു എന്തോ കൊണ്ടുവന്ന് വച്ച ഒരു വാഴയിലക്കഷണവും ചെറിയ പച്ചബക്കറ്റും ചൂടുവെള്ളം പകര്‍ത്താനുപയോഗിച്ച അലുമിനിയപ്പാത്രവുമെല്ലാം എടുത്തു മാറ്റുന്ന നേരത്താണ് നമ്മുടെ അപകടകാരിയുടെ വരവ്. ഇത്യാദി കാര്യങ്ങള്‍ അവിടെ ഒരു സ്ഥിരം കാഴ്ചയല്ലാത്തതിനാലും, ഇന്ദിരയും കുഞ്ഞും വന്നകാര്യം ചിന്തയില്‍ പോലുമില്ലാത്തതിനാലും, വേലിയില്‍ നായ നൂണ്ട് പോയപ്പോള്‍ ഉണ്ടായ ചെറിയ കഴയിലൂടെയുള്ള കാഴ്ചയായതിനാലും, സര്‍വ്വോപരി കല്ല്യാണി പുഴമീന്‍ നന്നാക്കുകയായിരുന്നുവെന്ന് തെറ്റിദ്ധരിച്ചതിനാലും തന്റെ കടമ നിര്‍വ്വഹിക്കാനുള്ള ആ ഒരവസരം വേലുക്കുട്ടി കൃത്യമായി ഉപയോഗിച്ചു.


"കല്ല്യാണ്യേട്ത്ത്യേ...നല്ല പൊഴമീനാണ്ന്ന് തോന്ന്ണല്ലോ?..എന്തൂട്ടാ സാദനം..ബ്രാലാ അത്യാ വാള്യാ..ഉം..ആഘോഷിച്ചോളേന്‍..ആഘോഷിച്ചോളേന്‍" എന്നു പറയലും കുനിഞ്ഞ് പാത്രമെടുത്ത് നിവര്‍ന്ന് വരികയായിരുന്ന കല്ല്യാണി "പണ്ടാറക്കാലന്‍ ചതിച്ചൂലോ" എന്നും പറഞ്ഞ് തലയില്‍ കയ്യും വച്ച് അതേ പോലെ തന്നെ നിലത്തേക്കിരിക്കലും ഏകദേശം ഒരു രണ്ടു സെക്കന്റ് വ്യത്യാസത്തിലായിരുന്നു.


വേലുക്കുട്ടിയുടെ കരിങ്കണ്ണിന്റ വീര്യം കൂടിയതു കൊണ്ടോ അതോ സ്വന്തം ആയുസ്സിന്റെ ബലം കുറഞ്ഞതു കൊണ്ടോ കുഞ്ഞിന് വൈകുന്നേരം മുതല്‍ ഒരു മഞ്ഞനിറം വ്യാപിച്ചു. ഒന്നര ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ആ കുഞ്ഞുജീവന്‍ ഈ ഭൂമി വിട്ടു പോയി. ജന്മനാ പിത്താശയത്തിന്റെയോ കരളിന്റെയോ മറ്റോ പ്രവര്‍ത്തനം തകരാറിലായിരുന്ന കുഞ്ഞിന് വേലുക്കുട്ടിയുടെ കരിങ്കണ്ണിലൂടെ മോക്ഷം കിട്ടിയെന്നു വേണമെങ്കില്‍ പറയാം.


കോപാകുലരായ നാട്ടുകാരുടെ മുഴുവന്‍ പ്രതികരണം ഏറ്റുവാങ്ങാന്‍ കൃശഗാത്രനായ വേലുക്കുട്ടിയുടെ ശരീരത്തിന് സ്റ്റാമിന ഇല്ലായിരുന്നു. അവശനിലയിലായ വേലുക്കുട്ടിയെ ആരൊക്കെയോ ചേര്‍ന്നാശുപത്രീലാക്കി. പതിനഞ്ച് ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം തിരിച്ചെത്തിയ വേലുക്കുട്ടി അതിനു ശേഷം വീടിനു പുറത്തിറങ്ങാതായി. ഇനി അബദ്ധവശാലെങ്ങാന്‍ മുടിവെട്ടാന്‍ പോകുമ്പോഴോ ഡോകടറെക്കാണാന്‍ പോകുമ്പോഴോ മറ്റോ ആരെങ്കിലും മുന്നില്‍ വന്നുപെട്ടാല്‍ പേടിച്ചിരുന്നത് ആ ആളെക്കാള്‍ വേലുക്കുട്ടിയായിരുന്നു എന്നതായിരുന്നു സത്യം!

അഭ്യുദയകാംക്ഷികള്‍

ആദരണീയനായ ഒരു മാസ്റ്റര്‍ ഒരിക്കല്‍ വഴിപോക്കര്‍ക്കൊരു തണലായിക്കോട്ടെ എന്നു കരുതി സ്വന്തം വേലിക്കരികില്‍ ഒരു പുങ്കുമരം(പുന്നമരം)നട്ടു. മരം വളര്‍ന്ന് തണലേകിത്തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ മാസ്റ്റര്‍ക്ക് ഒരു പേരുനല്കി പരോപകാരം ചെയ്തു! "പുങ്കന്‍ മാഷ്"!.

പിന്നെ നാട്ടിലെ കൊച്ചുകുട്ടികള്‍ മുതല്‍ തെക്കുവശത്തെ കുഴിയില്‍ ബര്‍ത്ത് റിസര്‍വ്വ് ചെയ്ത കിഴവന്മാര്‍ വരെ പുങ്കന്‍മാഷ് എന്നു വിളിക്കാന്‍ തുടങ്ങി. സഹികെട്ട മാസ്റ്റര്‍ മരം പകുതിക്ക് വച്ച് മുറിച്ചു കളഞ്ഞു. അപ്പോള്‍ ദാ വരുന്നു അടുത്ത പേര്! "മുറിപ്പുങ്കന്‍"!

വല്ലാത്ത ഗതികേട് തന്നെ! അദ്ദേഹം ബാക്കിയുള്ള തടികൂടി അവിടെ നിന്ന് മുറിച്ചു കളഞ്ഞു. ഉടനെ കിട്ടി അടുത്ത പേര്! "കുറ്റിപ്പുങ്കന്‍"!

കാരണം തടി മുറിച്ചു കളഞ്ഞ ഭാഗത്ത ഒരു കുറ്റി നിന്നിരുന്നു. ഹതാശനായ അദ്ദേഹം അവസാനം ആ കുറ്റികൂടി പിഴുതു കളഞ്ഞു. നല്ലവരായ നാട്ടുകാര്‍ പക്ഷേ മാഷ് ചെയ്ത ഉപകാരത്തെ അങ്ങനെ മറക്കുന്നവരായിരുന്നില്ല! മരം നിന്നിരുന്ന സ്ഥലത്ത് ഒരു കുഴിമാത്രം അവശേഷിച്ചിരുന്നതുകൊണ്ട് 'കുഴിപ്പുങ്കന്‍' എന്ന് മാസ്റ്റര്‍ക്ക് നാമകരണം നടത്തി.

ആ നാടുപേക്ഷിച്ച് പോകുന്നതുവരെ ആ അദ്ധ്യാപകന്‍ കുഴിപ്പുങ്കന്‍ എന്ന പേരില്‍ അറിയപ്പെട്ടു. പ്രീഡിഗ്രീ കാലഘട്ടത്തില്‍ വായിച്ച ഏതോ ഒരു പുസ്തകത്തിലുള്ളതാണ് ഈ ചിന്താശകലം('ഒരു ദേശത്തിന്റെ കഥ'യാണെന്നാണ് ഓര്‍മ്മ). ഇത് സത്യത്തില്‍ നമ്മുടെ നാട്ടുകാരുടെ ഒരു സ്വഭാവമാണ്. ഒരു സമാന സംഭവം പറയാം!

കഥയിലെ നായകന്‍ കുറ്റിക്കാടന്‍ ജോസേട്ടന്‍ ആണെന്ന് ഇവിടെ വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.കാരണം പുള്ളിക്ക് ഇനി അതോണ്ട് ഒരു പ്രശ്നം വേണ്ട! മര്യാദക്ക് RIP ആയി ഇരുന്നോട്ടെ! കക്ഷിയെ ഒരിക്കല്‍ പോലീസ് പിടിച്ചു. കുറ്റം പരസ്ത്രീ സംസര്‍ഗ്ഗം! ആദ്യമേ പറഞ്ഞോട്ടെ കക്ഷി ഈ കേസില്‍ നിരപരാധികള്‍ക്കൊരു മാതൃകയാണ്. പക്ഷേ മാന്യന്‍മാര്‍ താമസിക്കുന്ന ഒരു പ്രദേശത്തെ ഒരു വീട്ടില്‍ അനാശ്യാസമോ അസന്‍മാര്‍ഗ്ഗിക പ്രവര്‍ത്തനമോ അങ്ങനെയെന്തൊക്കെയൊ കുന്ത്രാണ്ടം നടക്കുന്നൂന്ന് വിവരം കിട്ടിയതനുസരിച്ച് പോലീസ് എത്തിനോക്കാന്‍ പോയപ്പോള്‍ കിട്ടിയതാണ് മതിലിന്റെ ചാരെ മൂത്രിക്കാന്‍ ഇരുന്ന 'നിരപരാധിയെ'!. കുറച്ച് അപരാധികളെ വീടിന്റെ ഉള്ളില്‍നിന്നും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഉച്ചക്ക് ഒരു മൂന്നുമണിയായപ്പോഴേക്കും പ്രാദേശിക ലേഖകന്മാര്‍ പ്രക്ഷേപണമാരംഭിച്ചു.

"മ്മടെ കുറ്റിക്കാടന്‍ ജോസേട്ടനെ പോലീസ് പൊക്കീട്ടാ...പെണ്ണ്കേസ്! ഇയ്യാള് ഇങ്ങനത്തൊര്ത്തനാണ്ന്ന് മ്മളറിഞ്ഞില്ല്യല്ലോ?! കണ്ടാ എന്തൂട്ടാ മാന്യന്‍?!"
എന്ന രീതിയില്‍ പോയി കവല ചാനല്‍ ചര്‍ച്ചകള്‍.

വൈകുന്നേരം പിടിച്ചുകൊണ്ട് പോയ ഉദ്യോഗസ്ഥന്‍തന്നെ ഒരു ജാള്യതയോടെ ഇദ്ദേഹത്തെ തിരിച്ച് വീട്ടില്‍കൊണ്ടാക്കി. കാരണം ഇദ്ദേഹം നിരപരാധിയണെന്നും നിരുപാധികം വിട്ടയക്കണമെന്നും അപരാധികള്‍ തന്നെ മൊഴികൊടുത്തു. പിന്നെ കുറച്ചു നാളത്തേക്ക് ജനങ്ങള്‍ അദ്ദേഹത്തിന്റെ പേരിലെ 'കുറ്റിക്കാടന്‍' എന്ന വീട്ടുപേര് എടുത്തു കളഞ്ഞ് പകരം "പെണ്ണ്കേസ്" എന്ന് സ്നേഹത്തോടെ പതിപ്പിച്ചു നല്കി. 'പീഢനം' എന്ന വാക്ക് അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ തന്നെയായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നെ എവിടെയെങ്കിലും ജോസ് എന്ന പരാമര്‍ശമുണ്ടായാല്‍ ഉടനെ ആളുകള്‍ ചോദിക്കും " ഏത് മ്മടെ പെണ്ണ്കേസാ?".

ഗതികെട്ട ജോസ് സ്റ്റേഷനില്‍ പോയി തന്നെ പൊക്കിയ ഏഡേണ്‍ഷേബ്ലിനോട് തന്നെ പറഞ്ഞു ഈ അവസ്ഥാന്തരത്തെപ്പറ്റി! ധര്‍മ്മസങ്കടത്തിലായ ഹെഡ്കോണ്‍സ്റ്റബിള്‍ ഇനി അങ്ങനെ പറയുന്നവരുടെ പേരില്‍ പരാതി തന്നാല്‍ നടപടിയെടുക്കാമെന്ന് ഉറപ്പുനല്കുകയും യുദ്ധകാലാടിസ്ഥാനത്തില്‍ മൂന്നാലുപേരെ പൊക്കി നന്നായിട്ടൊന്ന് കുടയുകയും ചെയ്തു. അനന്തരഫലം!..പെണ്ണ്കേസ് ജോസ് എന്നപേര് അല്പം കൂടി നീണ്ട് 'പെണ്ണ് കേസില്‍ പൊക്ക്യേ ജോസ്' എന്ന ഒരു മുന്‍കൂര്‍ജാമ്യം കൂടി അടങ്ങിയ രീതിയില്‍ വിളിക്കാന്‍ തുടങ്ങി.

വിഷണ്ണനായ ജോസ് തന്റെ സങ്കടം പള്ളീലച്ചനോടും മറ്റു പൌരപ്രമുഖരോടും ഉണര്‍ത്തിക്കുകയും അവരെല്ലാം കൂടി കാര്യമായ ഒരു ബോധവല്ക്കരണ കാംപയിന് തുടക്കം കുറിക്കുകയും ചെയ്തു. ജനങ്ങള്‍ പിന്നെ അങ്ങനെ വിളിക്കാതായി എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാകും!. അത്രപെട്ടെന്ന് ഒന്നും മറക്കുന്നവരല്ലല്ലോ അവര്‍! എന്നാലും ഈ പരാമര്‍ശത്തിന് അല്പം കുറവുവന്നു! കുറച്ചു കാലങ്ങള്‍ക്കുശേഷം "പഴുവില്‍" എന്ന സ്ഥലത്തുനിന്നും വന്ന ഒരു കാറിലിരുന്നവര്‍ ജോസേട്ടനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് അവിടെ നിന്നവര്‍ക്ക് "ആ പഴയ, പ്രത്യേക ഐഡന്റിറ്റി ഓര്‍മ്മവന്നത്. ഉടനെത്തന്നെ അവര്‍ ഓര്‍മ്മ പുതുക്കി. ങ്ങാ..മ്മടെ ജോസേട്ടന്‍! പെണ്ണ്കേസില് പോലീസ് പൊക്കീട്ട് വെറ്തേവിട്ട ജോസേട്ടന്‍!

മുഴുവനായി വിവരിച്ചുകൊടുക്കുന്നതിനുമുന്‍പ് വന്നവറ്‍ കാറ് അവിടെത്തന്നെയിട്ട് തിരിച്ച് വന്നവഴിക്ക് മടങ്ങിപ്പോയി. ജോസേട്ടന്റെ മോളെ പെണ്ണുകാണാന്‍ വന്നവരായിരുന്നു അവര്‍! പിന്നെ മൂന്ന് മാസങ്ങള്‍ക്കു ശേഷം അതേമോളുടെ കല്യാണത്തിന് എല്ലാം മറന്ന് യാതൊരു ഉളുപ്പുമില്ലാതെ ബിരിയാണി അകത്താക്കിക്കൊണ്ട് അവര്‍ ഇതേകാര്യം പറഞ്ഞ് ഉറക്കെച്ചിരിച്ചു. ഒന്നുരണ്ടു വര്‍ഷത്തിനു ശേഷം ഒരു പെരുന്നാളിന്റെ തലേന്ന് അമിതമായി ബ്രാണ്ടിയും പോര്‍ക്കും അകത്താക്കി ജോസേട്ടന്‍ കര്‍ത്താവില്‍ നിദ്രപ്രാപിച്ചു.

ധൃതിയില്‍ നടന്നുപോകുന്ന ഒരു അഭ്യുദയകാംക്ഷിയോട് വഴിവക്കത്തെ ഒരു പറമ്പില്‍ വേലികെട്ടിക്കൊണ്ടിരുന്ന സുബ്രന്‍ ചോദിച്ചു! "ദെവടയ്ക്കാ കാലത്തന്നെ ത്ര ധിറ്തീല്?" മറുപടി ഉടനെ വന്നു! "മ്മടെ പെണ്ണ്കേസ് ജോസേട്ടന്‍ മരിച്ചു..ഒന്ന് പോയീല്ലിങ്കെ മോശല്ല്യേ?!". അതാണ് നാട്ടുകാര്‍! അവര്‍ എല്ലാം പെട്ടെന്ന് മറക്കുമെന്ന് പറയണത് വെറുത്യാ! അങ്ങനെ പെട്ടെന്നൊന്നും അവരൊരുകാര്യോം മറക്കില്ല്യാ!

പനിക്കാലസ്മരണകള്‍

ആറാം ക്ലാസ്സിലും ഏഴാംക്ലാസ്സിലും ഒക്കെ പഠിക്കുമ്പോള്‍ പനിച്ചു കിടന്നപോലെ ഒന്നു പനിച്ചുകിടക്കാന്‍ തോന്നുന്നു! മൂക്കില്‍ നിന്ന് അഗ്നി പോലെ വമിക്കുന്ന ചൂടുശ്വാസവുമായി!. അമ്മ ഉണ്ടാക്കിത്തന്ന ചൂടന്‍ ചുക്കുകാപ്പിക്കും, അരച്ചിട്ടുതന്ന നെറ്റിയിലെ ചന്ദനലേപനത്തിനും തണുപ്പിക്കാനാവാതെ കടുത്ത പനിച്ചൂടില്‍ മയങ്ങിപ്പോകുന്ന പകല്‍നേരം.

വീടിനു മുന്‍പിലൂടെ ധൃതിയില്‍ നടന്നു പോകുന്ന അല്‍ഫോണ്‍സ ടീച്ചറോടോ, വളരെ പതിയെ ഒരു പിള്ളേര്‍ സമൂഹത്തോടൊപ്പം നടന്നുപോകുന്ന കമലടീച്ചറോടോ അമ്മ ഉറക്കെ വിളിച്ചുപറയുന്നതു കേള്‍ക്കാം!
"ടീച്ചറേ!..മോന്‍ ഇന്നില്ല്യാട്ടാ...ഭയങ്കര പന്യാ ചെക്കന്! ഇന്നലെ സ്കൂള് വിട്ട് വന്നപ്പോ തന്നെ കേറി കെടന്നതാ! ഔ!..രാത്ര്യൊക്കെ ചെക്കന്‍ പനിച്ച് തുള്ള്വായിരുന്നു ! ഇന്നുങ്കുടി നോക്കീട്ട് കൊറഞ്ഞില്ലെങ്കി ഡേക്ടറ്‍ടടുത്ത് പൂവാന്നാ വിചാരിച്ചേക്കണേ"

വല്ലാത്തൊരു ആത്മവിശ്വാസമായിരുന്നു അക്കാലത്ത് അമ്മക്ക്. പിന്നെ പനികളും ഇന്നത്തെ അത്ര അപകടകാരികളല്ലായിരുന്നു അന്ന്. ഒരു പത്തരയാവുമ്പോഴേക്കും പാത്രം കഴുകലും മുറ്റം അടിച്ചുവാരലും ചോറുവക്കലുമൊക്കെ കഴിഞ്ഞ്, ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളുടെയടുത്തേക്കു വരുന്ന തള്ളപ്പൂച്ച പതിഞ്ഞ ശബ്ദത്തില്‍ കുറുകുന്ന പോലെ അമ്മ പതുക്കെ വിളിക്കും

" മോനേ!..ഒറങ്ങ്വാ..അമ്മ അല്‍ഫോണ്‍സടീച്ചറോട് പറഞ്ഞട്ട്ണ്ട് ട്ടാ!"

എന്നിട്ട് പാത്രം കഴുകിയതുകൊണ്ട് വല്ലാതെ തണുത്തുപോയ കൈ നെറ്റിയിലും കഴുത്തിലും വച്ച് ഒട്ടും കുറവില്ല പനിയെന്ന് തിരിച്ചറിഞ്ഞ്, അത് ഭാവിക്കാതെ അല്പം മങ്ങിയ മുഖത്തോടെ പറയും..

"ങ്ങ!..കൊറഞ്ഞൂലോ...അമ്മ ഇത്തിരി കഞ്ഞി ചൂട്ടോടെ കൊണ്ടുവരട്ടെ?! അത് കുടിച്ച് കഴിഞ്ഞാ ഒന്നു വിയര്‍ക്കും..അപ്പോ പനീം പൂവും".

അതു സത്യമാണ്! ആ കഞ്ഞികുടിയില്‍ ഒന്നു വിയര്‍ത്ത് കടുത്ത പനിയില്‍ നിന്ന് ആശ്വാസം ലഭിക്കും. പിന്നെ പതുക്കെ എഴുന്നേറ്റ് ഉമ്മറത്തെ കറുത്ത നിറമുള്ള തണുത്ത നിലത്തിരുന്ന് പേപ്പര്‍ വായിക്കാന്‍ ശ്രമിച്ച് തലയുടെ കനം മൂലം അതിനു സാധിക്കാതെ ശ്രമം ഉപേക്ഷിച്ച് മുറ്റത്തേക്കുള്ള ഉമ്മറത്തെ ചവിട്ടുപടിയുടെ അവസാനത്തേതില്‍ ആകാശവും നോക്കിയിരിക്കുമ്പോള്‍ വീടിനകം അടിച്ചുവാരുന്ന അമ്മ പണിക്കിടയിലൂടെ ഒരു ശാസനയോടെ അകത്തേക്ക് വിളിക്കും..

" ങ്ങാ! തലപൊക്കാറായി ല്ലേ!..ആ തണുപ്പടിക്കാണ്ട് ഇവിടെ വന്ന് കെടന്നേ!..കൊറച്ച് കഴിഞ്ഞാ അമ്മ കൊറച്ചുംകൂടി കഞ്ഞിതരാം! അതും കുടിച്ച് പകുതി അള്‍ട്രാജിനും കഴിച്ച് കെടന്നോ! ഒന്നുങ്കുടി ഒറ്ങ്ങ്യാ പനിവിട്ടോളും".

ഉറക്കം കഴിഞ്ഞെണീക്കുന്ന നേരമാണ് എന്റെ പനിക്കാലത്തിന്റെ ഏറ്റവും മനോഹരമായ നേരം. അയല്‍വക്കത്തെ വീടുകളിലെ സ്കൂള്‍ വിട്ടു വന്ന കുട്ടികള്‍ കളിക്കുന്നതിന്റെ ശബ്ദകോലാഹലങ്ങള്‍, ഉറക്കെയുള്ള ഗാനാലാപനങ്ങള്‍, പോക്കുവെയില്‍ മഞ്ഞനിറം പൂശിയ വൃക്ഷത്തലപ്പുകള്‍,കൂടണയാറായ പക്ഷികളുടെ ലാസ്റ്റ് മിനിറ്റ് ഷോപ്പിംഗ്, ആട് മാടുകളുടെ സന്ധ്യാവന്ദനങ്ങള്‍, അമ്മ വെള്ളം കോരുന്നതിന്റെ ബക്കറ്റ് കിലുക്കങ്ങള്‍, പണികഴിഞ്ഞുപോകുന്ന തൊഴിലാളികളുടെ കുശലാന്വേഷണങ്ങള്‍, ക്ലോക്കിനു പകരമായി നാട്ടുകാര്‍ കണ്ടെത്തിയ, അതിലും കൃത്ര്യതയുള്ള ബസ്സുകളുടെ ഹോണ്‍ മുഴക്കങ്ങള്‍ എന്നു വേണ്ട എന്തിലും ഏതിലും മനോഹാരിത മാത്രം ദര്‍ശിക്കാവുന്ന വൈകുന്നേരങ്ങള്‍.

അവസാനത്തെ വെയില്‍ നാളവും അണഞ്ഞുകഴിയുമ്പോഴാവും അഛ്ചന്റെ വരവ്. സൈക്കിളും എടുത്തുയര്‍ത്തി പടിപ്പുരയുടെ മൂന്നു പടിക്കെട്ടും കടന്ന് ഗൌരവഭാവത്തോടെയുള്ള ആ വരവ് മറക്കാനേ കഴിയാത്തൊരു കാഴ്ചയാണ്.

"ആ കൊതുകടി കൊള്ളാണ്ട് അകത്തു പോയി കെടക്കടാ!.."

എന്ന ശാസനയോടെയാണ് അഛ്ചന്റെ സുഖാന്വേഷണം(അസുഖാന്വേഷണം!)ആരംഭിക്കുക. പിന്നെ സൈക്കിള്‍ നിന്നെടത്തുതന്നെ സ്റ്റാന്ഡിട്ട് വച്ച് നേരെവന്ന് നെറ്റിയിലും കഴുത്തിലും കവിളിലും ഒക്കെ കൈവച്ച് നോക്കി തലകുലുക്കി "കൊറഞ്ഞു! കൊറഞ്ഞു" എന്ന് സ്വയം സമാധാനിച്ച് സൈക്കിളും തള്ളി പടിഞ്ഞാപ്രത്തേക്ക്.

നാല്പതു വാട്ട് ബള്‍ബിന്റെ മങ്ങിയ മഞ്ഞവെളിച്ചത്തില്‍ ഒരു ബനിയനുമീതെ രണ്ടു ഷര്‍ട്ടുമിട്ട് ഒരു ക്വിന്റല്‍ ഭാരമുള്ള തലയും സ്വന്തം ശബ്ദം തന്നെ വിദൂരതയില്‍ നിന്നു കേള്‍ക്കുന്ന പോലുള്ള അവസ്ഥയുമായി ഇരിക്കുമ്പോള്‍ അമ്മ മേല്‍ക്കഴുകലും നാമം ചൊല്ലലും കഴിഞ്ഞ് അടുത്തു വന്നിരിക്കും. പിന്നെ ആശ്വസിപ്പിക്കലാണ്! അതില്‍ സഹതാപവും വാത്സല്യവും ഉപദേശവും ശാസനയും വേവലാതിയുമെല്ലാമുണ്ടായിരിക്കും. മിക്കവാറും അത് തുടങ്ങുക ഇങ്ങനെയായിരിക്കും

" പറഞ്ഞത് കേക്കാത്തോണ്ടല്ലേ നിന്‍ക്ക് ഇങ്ങനെയൊക്കെ വരണത്! കുളിച്ചാ തല ശരിക്ക് തോര്‍ത്താന്‍ സമ്മതിക്കില്ല്യ, ന്നാ ഒരു മിനിറ്റ് വെറ്തേ ഇരിക്കൂല്യ! ആ വെള്ളോം വെയര്‍പ്പൂം താന്നട്ടല്ലേ ഇങ്ങന്യൊക്കെ ണ്ടാവണത്? മറ്റ് രണ്ടാള്‍ക്കും വരണ പോലെയല്ല നിന്‍ക്ക് എന്തെങ്കിലും വന്നാ! നിന്‍ക്ക് ശ്വാസം മുട്ടല്ള്ളതാ! അതാ ന്റെ പേടി, അനുഭവിക്കണോരേക്കാളും വെഷമാ അത് കണ്ട് നിക്കണോര്ക്ക്!".(ഇതിനിടയില്‍ ഒരു രഹസ്യം! ഒന്‍പതാം ക്ലാസ്സ് വരെ എന്റെ തലതോര്‍ത്തി തന്നിരുന്നതും മുടിചീകിത്തന്നിരുന്നതും എന്റമ്മയാണ്).

ഇതു തീരുമ്പോഴേക്കും ഒരു പ്ലേറ്റില്‍ ചൂടുകഞ്ഞിയും പപ്പടം ചുട്ടതും എന്തെങ്കിലും ഉപ്പിലിട്ടതുമായി അഛ്ചന്‍ റെഡി. രാത്രിയില്‍ മൂന്നുപേര്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കും. പകല്‍ മുഴുവന്‍ കിടന്നുറങ്ങിയതുകൊണ്ട് ഞാനും, രാത്രിയില്‍ എപ്പോഴാണ് ചെക്കന്‍ കാപ്പിയോ വെള്ളമോ ചോദിക്കുക എന്നാലോചിച്ച് അഛ്ചനും, പനിതിരിഞ്ഞ് അത് ശ്വാസം മുട്ടലാകുന്നുണ്ടോ എന്ന വേവലാതിയുമായി അമ്മയും! ഇനി ഒരിക്കലുമില്ല എന്നറിയുമ്പോഴും അറിയാതെ മോഹിച്ചുപോകുന്നു, ഒന്നുകൂടി ഈ സാന്ത്വനം അനുഭവിച്ച് ഒന്നു പനിച്ച് വിറച്ച് കിടക്കാന്‍.

നല്ല സ്വപ്നങ്ങളുടെ രാത്രികള്‍

"അമ്മാള്വോമ്മേ!...ദേ നിങ്ങടെ തയ്യിന്റെ തലമുഴോന്‍ ഈ പക്കടാവ് തിന്നു തീര്‍ത്തൂട്ടാ!... കെട്ടഴിഞ്ഞ് പോന്നതാന്നാ തോണേ!.."

പണിയെല്ലാം ഒതുക്കി ഊണും കഴിഞ്ഞ്, പാത്രമൊക്കെ കഴുകിവച്ച് ഒരുച്ചമയക്കത്തിന് തയ്യാറെടുക്കുകയായിരുന്നു അമ്മാളു അമ്മ! അപ്പഴാ തെക്കോറത്ത്ന്ന് ശങ്കരന്റെ വിളി!.

"നിന്ന് വിളിച്ചുകൂവാണ്ട് പിടിച്ച് മാറ്റിക്കെട്ട് ശങ്കരാ..! ഞാന്‍ ദേ വരണൂ..!"

വയ്യാത്ത വലതുകാല്‍ പതിയെ എടുത്ത് കട്ടളപ്പടി കടത്തിവച്ച് കൊണ്ട് അമ്മാളുഅമ്മ മറുപടി കൊടുത്തു!.

"ഇവ്റ്റ്യെ നോക്കാന്ള്ള ആവത് ഇല്ല്യാത്തോണ്ടാ ഇണ്ടായിര്ന്ന രണ്ടണ്ണത്തിനെ നെല്ലനാട്ടെ ഗോയിന്നാര്ക്ക് പിടിച്ച് കൊടുത്തേ" അപ്പഴാ ഈയൊരടങ്ങല്!...ദ് ആര്ടേയാണാവോ?!" അനുബന്ധമെന്നോണം പതിഞ്ഞ ശബ്ദത്തില്‍ ഒരു ആവലാതി പോലെ പറഞ്ഞു നിര്‍ത്തി.

മയക്കം നഷ്ടപ്പെട്ട അലോസരത്തില്‍ വന്നു നോക്കുമ്പോള്‍ കണ്ട കാഴ്ച ആ ദേഷ്യത്തിലും അമ്മാളുഅമ്മയില്‍ ചിരിയുണര്‍ത്തി. പശുക്കിടാവിനെ പിടിച്ചുകെട്ടാന്‍ കയറില്‍ പിടിച്ചു വലിച്ചനേരത്ത് പാതി മുണ്ടഴിഞ്ഞ് ഊര്‍ന്നുവീണ്, ഒരു കൈത്തണ്ട കൊണ്ട് മുണ്ടമര്‍ത്തിപിടിച്ച് അല്പം മുന്നോട്ട് വളഞ്ഞ് മറുകയ്യില്‍ പശുക്കുട്ടിയുടെ കയറുമായി കിണറ്റിന്‍ കരയിലെ പുഷ്കരമൂലത്തിന്റെ പിന്നില്‍ മറഞ്ഞു നിന്ന് നാണം മറക്കാന്‍ പാടുപെടുന്ന ശങ്കരന്‍!

ശങ്കരാ.. ക്ടാവിനെ വിട്ടോളോ..ഞാ‌ന്‍ പിടിച്ചോളാം ഇല്ലിങ്കെ ഇന്നു മുഴോന്‍ നീയവ്ടെ നിക്കും!.

നിങ്ങള് ദെവടെ പോയിക്കെട്ക്കാ ന്റെ മ്മാളൂമ്മേ!..വന്നുവന്ന് ഒന്നും നോക്കില്ല്യാന്നായേക്കണു. ഞാങ്കണ്ടില്ലിങ്ങൈ പ്പോ കാണായിരുന്നു! എല്ലാം തീര്‍ത്തേനെ ക്ടാവ്! ശങ്കരന്റെ ശബ്ദത്തില്‍ ദേഷ്യത്തിന്റെ അലകള്‍.

"പിന്ന്യോ!...തെങ്ങുംതൈ ഒരെണ്ണത്തിന്റെ തല ഒരു പയ്യ് കടിച്ചൂന്ന് ച്ചട്ട് പ്പെന്ത്ണ്ടാവാനാ?...
അല്ലെങ്കിത്തന്നെ ഇതൊക്കെ തെങ്ങായിട്ട് ഇനി എന്നക്കാ?!...എപ്പഴാ വരണേ മറ്റ്യാള് പോത്തുമ്പൊറത്ത്ന്ന് വിചാരിച്ചിരിക്കുമ്പഴാ..ഒരു തെങ്ങും തയ്യ്!" ലോഹത്തകിട് ഉലക്കുന്ന ശബ്ദത്തില്‍ അമ്മാളുഅമ്മ ചിരിച്ചു.വൃശ്ചികക്കാറ്റില്‍ അവരുടെ നരബാധിച്ച തലമുടി ചെറുതായി പറന്ന് വീണ്ടും തല്‍സ്ഥാനത്ത് വന്നുകിടന്നു. ആരോ കോതിക്കൊടുക്കുന്നപോലെ!

ശങ്കരന്റെ ദേഷ്യം പെട്ടെന്ന് ആവിയായി, മനസ്സ് ആര്‍ദ്രമായി. "ന്റെമ്മാളുമ്മേ..നിങ്ങളോട് വന്നുവന്നു ഒന്നുമ്പറയാമ്പറ്റില്ല്യാന്നായേക്ക്ണു. ചങ്കിക്കുത്തണ വര്‍ത്താനല്ലേ പറയൂ! ന്നെ പട്ടിണിക്കിട്ട് കൊല്ലാന്‍ നിങ്ങക്ക് ധിറ്ത്യായീന്ന് തോന്നുണു!" അതു പാതി സത്യവും പാതി അസത്യവുമായിരുന്നു. തലക്ക് സ്ഥിരതയില്ല എന്ന് മുദ്രകുത്തി വെറുതേ ആളുകള്‍ ഭയപ്പെട്ടിരുന്ന ശങ്കരന് അഭയവും ഭക്ഷണവും നല്കി കൂടെ നിര്‍ത്തിയത് അമ്മാളുഅമ്മയായിരുന്നു. തന്റെ ഭക്ഷണപ്രശ്നത്തേക്കാള്‍,ശങ്കരന് അമ്മാളുഅമ്മയുടെ നിരന്തര സാമീപ്യം നല്കിയിരുന്ന ആശ്വാസം, അത് ഒരു കുഞ്ഞിന് അമ്മയുടെ സാമീപ്യത്തില്‍ നിന്നു ലഭിക്കുന്നതു തന്നെയായിരുന്നു. പശുക്കുട്ടിയെ വിട്ട് ശങ്കരന്‍ മുണ്ടുടുത്ത് മറയില്‍ നിന്ന് പുറത്തുവന്നു. സംഭവിച്ചതിന്റെ ജാള്യതയില്‍ വായപൊത്തിക്കുലുങ്ങിച്ചിരിച്ചു! ശങ്കരന്‍ അങ്ങനെയാണ്. സന്തോഷമായാലും സങ്കടമായാലും കോപമായാലും ശങ്കരന് അങ്ങനെയേ പ്രതികരിക്കാനറിയൂ. ആരെങ്കിലും ചീത്തപറഞ്ഞാലും ശങ്കരന്‍ കുലുങ്ങിച്ചിരിക്കും. സ്കൂള്‍ കുട്ടികള്‍ മൂക്കുചൊറിഞ്ഞു കാട്ടിയാലും ശങ്കരന്‍ ചിരിക്കും. നരച്ച കൃഷ്ണമണികളുള്ള കണ്ണെഴുതിയപോലെതോന്നുന്ന മിഴികളുള്ള, സദാ പാതി തുറന്നുപിടിച്ച,ഒറ്റപ്പല്ലുപോലും നല്ലതില്ലാത്ത വായുമുള്ള ശങ്കരന്റെ മുഖം കണ്ട് ആളുകള്‍ പേടിക്കാതിരിക്കാന്‍ ദൈവം കൊടുത്ത അനുഗ്രഹമാണിതെന്നാണ് അമ്മാളുഅമ്മയുടെ പക്ഷം.

അമ്മാളു അമ്മയേക്കാള്‍ നാലുവയസ്സിനി‌ളപ്പമുള്ള നെല്ലിക്കലെ മീനാക്ഷിക്ക് നാലുമക്കള്‍! ഏറ്റവും താഴെയുള്ള രാധ എന്ന പെണ്‍കുട്ടിയൊയൊഴികെ മറ്റു മൂന്നുപേരും ദൈവം നേരിട്ട് ഏതൊക്കെയോ 'നട്ട്' ലൂസാക്കിവിട്ടവരാണ്. അതില്‍ രാധക്ക് നേരെ മൂത്തയാളാണ് ശങ്കരന്‍! മീനാക്ഷിയെക്കുറിച്ചാലോചിക്കുമ്പോള്‍ അമ്മാളു അമ്മക്ക് കണ്ണുനിറയും. സുന്ദരിയായിരുന്ന മീനാക്ഷിക്കു പുടവകൊടുത്തത് നാട്ടിലെ പേരെടുത്ത ഒരു തറവാട്ടിലെ ആണഴകന്‍ തന്നെയാണ്! പക്ഷേ ഏതു മുജ്ജന്മ പാപഫലമാണോ എന്നറിയില്ല മക്കള്‍ ജനിച്ചപ്പോള്‍ ഇങ്ങനെയായിപ്പോയി! പിള്ളേര്‍ക്കൊരു പത്തു പന്ത്രണ്ട് വയസ്സായപ്പോള്‍ കുട്ട്യോള്‍ടെ അഛ്ചനെ ദൈവം തിരിച്ചു വിളിച്ചു. വിഷജ്വരം! തരക്കേടില്ലാത്തൊരു വീടും കുറച്ചു സ്ഥലവും സ്വന്തം പേരിലാക്കിക്കൊടുത്ത് 'തറവാട്ടുകാര്‍' പയ്യെ ഇവരുടെ ജീവിതത്തില്‍ നിന്നൊഴിവായി! സുഖമില്ലാത്ത മക്കളെ വളരെ ശ്രദ്ധയോടെ തന്നെ ആ പാവം വളര്‍ത്തി പക്ഷേ ക്രമേണ മക്കള്‍ നാട്ടുകാര്‍ക്കൊരു ബാദ്ധ്യതയായിത്തുടങ്ങിയപ്പോള്‍ നിയന്ത്രണത്തിന്റെ ചരട് അവരുടെ കയ്യില്‍ നില്ക്കാതായി. കോയമ്പത്തൂരിലെ ഒരു ഹോട്ടലില്‍ ജോലിക്കാരനായ മാധവന്‍ രാധയെ കല്യാണം കഴിച്ച് കൊണ്ടുപോയപ്പോള്‍ മീനാക്ഷിയമ്മയും ആണ്‍മക്കളും തനിച്ചായി. മനസ്സിന്റെ ആധികൊണ്ടോ അതോ ശരീരത്തിനുണ്ടായിരുന്ന വ്യാധികള്‍ കൊണ്ടോ, ഒരു തുലാമാസിലെ കറുത്തവാവിന്‍നാള്‍ മഴ ചാറിക്കൊണ്ടിരുന്ന സന്ധ്യക്ക് അവര്‍ക്കും മോക്ഷം ലഭിച്ചു! ഭൂമിയിലവശേഷിച്ചിരുന്ന ആ ഒരു സ്നേഹം കൂടി ഇല്ലാതായപ്പോള്‍ മക്കള്‍ മൂന്നുപേരും മൂന്നുവഴിക്കു പിരിഞ്ഞു പരസ്പരമെവിടെയെന്നറിയാതെ! വരരുചിയുടെ മക്കളെപ്പോലെ ശ്രാദ്ധത്തിനല്ലെങ്കിലും വല്ലപ്പോഴും ഇവര്‍ ഒത്തുകൂടാറുണ്ട്. അങ്ങനെ ഒരുത്തുകൂടലിന്റെ പിറ്റേന്ന് വികൃതിപ്പിള്ളേര്‍ നടുറോഡില്‍ നഗ്നനാക്കിനിര്‍ത്തി വിളിച്ചുകൂവുമ്പോഴാണ് അമ്മാളു അമ്മ ശങ്കരനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയത്! ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് ഭര്‍ത്താവ് ശങ്കുണ്ണി മേനോനും അമ്മാളുഅമ്മയുടെ പാതയിലേക്കു വന്നു! അട്ടയെപ്പിടിച്ച് മെത്തയില്‍ കിടത്തിയാല്‍ കിടക്കില്ല എന്നു തെളിയിച്ചുകൊണ്ട് ശങ്കരന്‍ പുലര്‍ച്ചക്ക് തന്നെ തെണ്ടാനിറങ്ങും. ഉച്ചക്ക് ഊണുകഴിക്കാന്‍ കൃത്യസമയത്ത് വടക്കുപുറത്തെത്തും. അതു കഴിഞ്ഞാല്‍ പിന്നെ ഭൂമിതന്നെ ശാന്തമായി മയങ്ങുന്ന ഉച്ചനേരത്ത നട്ടപ്പറവെയിലത്ത് പറമ്പില്‍ മുഴുവന്‍ കറങ്ങിനടക്കും. അങ്ങനെയാണ് തെങ്ങിന്‍തയ്യിന്റെ തല കടിച്ച പശുക്കിടാവിനെ അറസ്റ്റ് ചെയ്തത്!

സന്ധ്യക്ക് മേലുകഴുകലും പ്രാര്‍ത്ഥനയും കഴിഞ്ഞ് കഴുക്കോലില്‍ കെട്ടിത്തൂക്കിയിട്ട ഭസ്മത്തൊട്ടിയില്‍ നിന്ന് അല്പം എടുത്ത് നെറ്റിയിലു‌ം മറ്റുഭാഗങ്ങളിലും ലേപനംചെയ്തുകൊണ്ട്, നാമം ജപിച്ചു കൊണ്ടിരുന്ന അമ്മാളുഅമ്മയെ നോക്കി, അവരുടെ അവശത ശ്രദ്ധിച്ചുകൊണ്ട്, നാമജപം തീര്‍ന്നശേഷം ശങ്കുണ്ണിമേനോന്‍ ചോദിച്ചു.

"ആ ശങ്കരന്റെ പിന്നാലെ പറമ്പു മുഴുവന്‍ കെടന്നോടി ഓരോന്ന് വരത്തിവയ്ക്കണ്ടാട്ടാ അമ്മാളുമ്മേ"!(മേന്‍ന്നും അവരെ അങ്ങനെ തന്നെയാണ് വിളിക്കുക!) നിങ്ങടെ പ്രായം അതല്ലാന്നോര്‍ത്തോളോ, കൊണ്ടോടാന്‍ നമ്മക്കാരൂല്ല്യാന്നോര്‍ത്താ നന്ന്". പിന്നെ അബദ്ധം പിണഞ്ഞതുപോലെ തലവെട്ടിച്ചുകൊണ്ട് കസേരയിലേക്കിരുന്നു! ഒരിക്കലും പറയരുതെന്ന് കരുതിയത് തന്നെ പിന്നെയും എഴുന്നെള്ളിച്ചിരിക്കുന്നു!

"പിന്നാലെ കെടന്നോട്യൊന്നൂല്ല്യാന്നേ! ഒറങ്ങാന്‍ കെടന്നയാളെ ഉച്ചയൊറക്കത്തീന്ന് വിളിക്കണ്ടാന്ന്ച്ച് ഞാന്‍ തന്ന്യങ്ക്ട് പോയീന്നേള്ളൂ!" മ്മടെ കുട്ടന്‍ ണ്ടായിര്ന്നെങ്കില് ശങ്കരന്റെ അതേ പ്രായാ! അതോര്‍ക്കണതോണ്ടാ അവന്‍ കെടന്നു വിളിക്കുമ്പോ അപ്പോത്തന്നെ പോയി നോക്കണേ! ഇതേപോലന്നെ പറമ്പില് കളിച്ചോണ്ട് നിക്കുമ്പഴല്ലേ പാമ്പിന്റെ രൂപത്തില്‍ വന്ന് അവനെക്കൊണ്ടോയേ! ആരെങ്കിലും ഒറക്കെ വിളിക്കുമ്പൊ അതാ പെട്ടെന്നോര്‍മ്മവര്വാ!" അമ്മാളു അമ്മ തികട്ടിവന്ന സങ്കടം അടക്കി നെടുവീര്‍പ്പിട്ടു.

പിന്നെ ആത്മഗതമെന്നോണം പറഞ്ഞു; "മാമ്പൂക്കള് കണ്ടും മക്കളെക്കണ്ടും കൊതിക്കരുതെന്നു പണ്ടുള്ളവര് പറഞ്ഞിട്ടുള്ളതെത്ര ശര്യാ!. ഒരാള് പോയേന്റെ സങ്കടം ജീവന്‍ള്ള കാലം തീരില്ല്യ, അപ്പോ നാലു പെറ്റിട്ട് അതില് മൂന്നും സുഖല്ല്യാണ്ടായിപ്പോയത് മീനാക്ഷി എങ്ങനെ സഹിച്ചട്ട്ണ്ടാവും?! കുളിപ്പിച്ച്
കണ്ണൊക്കെ എഴുതിച്ച് കൊണ്ട്കിടത്തിയൊറക്കുമ്പോ അവളും എത്ര മോഹിച്ച്ട്ട്ണ്ടാവും. അതിലൊന്നിനെപ്പോലും ദൈവം അവള്‍ക്ക് നേരെചൊവ്വേ കൊടുത്തില്ലില്ലോ?! വിധീന്ന് പറഞ്ഞ് ആശ്വസിച്ചാ ആശ്വാസം കിട്ട്വോ?!

മനസ്സ് യൌവ്വനകാലത്തേക്കും മാതൃത്വത്തിന്റെ മനോഹരനിമിഷങ്ങളിലേക്കും അതുവഴി വീണ്ടും ദു:ഖത്തിന്റെ ഒരു തീരാരാത്രിയിലേക്കും യാത്രയാവുന്നു എന്നു മനസ്സിലാക്കി അതൊഴിവാക്കാനായി അവര്‍ പറഞ്ഞു

" ഞാന്‍ കഞ്ഞി ഇട്ത്ത് വക്കാം. വന്ന് കഴിച്ചോളോ,പൊറത്ത് നല്ല തണുപ്പ്ണ്ട് ഞാനും വല്ലോം കഴിച്ച് വേഗം കെടക്കാം! ഇല്ലിങ്ങിപ്പോ തൊടങ്ങും കാലുമ്മലെ വേദന! വാതം കോപിച്ചാപ്പിന്നെ രാത്രി ഒറക്കോം കഷ്ട്യാവും!"

എന്നിട്ട് പുറത്തേക്ക് നോക്കി ഉറക്കെപ്പറഞ്ഞു "ശങ്കരാ..ആയീച്ചാ വന്നോളൂ..."

പിന്നെ നല്ല സ്വപ്നങ്ങള്‍ നിറഞ്ഞ ഒരു രാത്രിയുടെ പ്രതീക്ഷയുമായി അകത്തേക്കു നടന്നു!

ഒരു ചരമക്കുറിപ്പ്

ഈ. മ. യൌ

ഞങ്ങളുടെ വന്ദ്യപിതാവ് ചിറക്കേക്കാരന്‍ ഡേവിഡ് ആന്റണി ആത്മത്തിനു വേണ്ടുന്ന അന്ത്യകൂദാശകള്‍ എല്ലാം സ്വീകരിച്ച് കര്‍ത്താവില്‍ നിദ്രപ്രാപിച്ചവിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. പരേതന്റെ അന്ത്യകര്‍മ്മങ്ങള്‍ കരാഞ്ചിറ സെന്റ് ഫ്രാന്‍സീസ് പള്ളി സെമിത്തേരിയില്‍...

പൂര്‍ണ്ണമായും വായിക്കുന്നതിനു മുന്‍പ് ആരെന്നു വ്യക്തമാക്കാന്‍ കാര്‍ഡ് കൊണ്ടുവന്ന പയ്യനെ തല ഉയര്‍ത്തിനോക്കി. അവന്‍ അടുത്തവീട്ടിലെ വിതരണവും കഴിഞ്ഞ് വലിയ ശബ്ദത്തോടെ സൈക്കിള്‍ സ്റ്റാന്‍ഡ് തട്ടി മുന്നോട്ട് കുതിക്കുന്നു!.സാധാരണയില്‍ കവിഞ്ഞ പ്രാധാന്യമൊന്നുമില്ലാത്ത ഒരു മരിച്ചറിയിപ്പ് എന്ന നിലയില്‍ കാര്‍ഡ് അമ്മക്ക് കൈമാറി. പാത്രം കഴുകിയിരുന്നിടത്തുനിന്ന് നടുപൂര്‍ണ്ണമായും നിവര്‍ത്താതെ എണീറ്റ് രണ്ടുകയ്യും അല്പം കയറ്റികുത്തിയ നരച്ച സാരിയുടെ രണ്ടു കാലുകളിലും തുടച്ച് അമ്മ കാര്‍ഡ് കൈപ്പറ്റി, വായനയും കഴിഞ്ഞു.
അമ്മയുടെ കണ്ണുകളില്‍ ഒരു പരിചയത്തിന്റെ തിളക്കം! പിന്നെ ഒരു നഷ്ടബോധത്തിന്റെ നിഴലാട്ടം.അമ്മ അങ്ങനെയാണ്. നാട്ടില്‍ ആരു മരിച്ചാലും അമ്മക്ക് അതൊരു നഷ്ടം തന്നെയാണ്. അവരെപ്പറ്റി എന്തെങ്കിലും ഓര്‍മ്മകള്‍ അമ്മക്ക് പറയാനുണ്ടാകും! അഛ്ചന്റെ നിഴല്‍ പറ്റിയല്ലാതെ പുറത്തിറങ്ങിയിരുന്നില്ലാത്ത അമ്മക്ക് എങ്ങനെ ഇത്രയധികം ആളുകളെ അറിയുന്നു എന്നത്ഭുതപ്പെട്ടിട്ടുണ്ട്! നാട്ടുപ്രമാണിയായിരുന്ന മുത്തഛ്ചന്റെ പരിചയക്കാരുടെ ഡാറ്റാബേസിന്റെ ബാക്കിപത്രം എന്ന് അതിനുത്തരവും കിട്ടിയിട്ടുണ്ട്. പിന്നെ പാറു, കല്യാണി, അമ്മിണി എന്നിങ്ങനെ നാട്ടിന്‍പുറ റിപ്പോര്‍ട്ടര്‍മാരുടെ വലിയൊരു സൌഹൃദ ശൃംഖലയും.

"ഡാ മക്കളേ!..ഇതാരാന്നറിയോ?!..നമ്മ്ടെ ഡേവീസ് മാഷ്!" (അമ്മക്ക് മാത്രമല്ല ഞങ്ങളുടെ നാട്ടുകാര്‍ക്ക് മുഴുവന്‍ ഇദ്ദേഹം ഡേവിഡ് അല്ല ഡേവീസ് മാഷ് ആണ്)

അമ്മ തുടര്‍ന്നു.."നല്ലോരു മാഷായിര്ന്നു...നല്ലോരു മനുഷ്യനും. സ്കൂള് സ്കൂളാക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടണ്ട് ട്ടാ..പാവം!...ആരാ ദ് കൊണ്ട് തന്നേ?!"

മനസ്സിലേക്ക് ഒരു ആറടിപൊക്കവും കറുത്ത നിറവും തൂവെള്ള പോളിയെസ്റ്റര്‍ ഷര്‍ട്ടും മുണ്ടും കടന്നുവന്നു.നിശ്ചയദാര്‍ഢ്യം സ്പുരിക്കുന്ന കറുത്ത മുഖത്ത് തീഷ്ണതയുള്ള കണ്ണുകളും ഇമ്മിണി ബല്യ ഒരു മൂക്കും മുഴങ്ങുന്ന ശബ്ദവും!. ഡേവീസ് മാഷ് ഞങ്ങളുടെ ഹെഡ് മാസ്റ്റര്‍ ആയിരുന്നു. ഞങ്ങള്‍ക്കാര്‍ക്കും അദ്ദേഹം ഒരിക്കല്‍പോലും ക്ലാസ്സെടുത്തിട്ടില്ല. പിന്നെ വല്ലപ്പോഴും ഒന്നിലധികം ടീച്ചര്‍മാര്‍ അവധിയെടുക്കുന്ന വേളകളില്‍ ഹാജര്‍ബുക്കുമായി, മുന്നോട്ട് സാവധാനത്തിലുള്ള ഒരു ആട്ടത്തോടെ അദ്ദേഹം ക്ലാസ്സിലെത്തും. വന്നതിനു ശേഷം അദ്ദേഹം മുന്‍ബഞ്ചിലിരിക്കുന്ന ആരെയെങ്കിലും വിട്ട് ആരെയും ഭയാക്രാന്തനാക്കാന്‍ പോന്ന, ഒരറ്റത്ത് കറുത്ത ടേപ്പ് ചുറ്റിയ അദ്ദേഹത്തിന്റെ ചൂരല്‍ ഓഫീസ് റൂമില്‍ നിന്നെടുപ്പിക്കും! അത് അദ്ദേഹത്തിന്റെ ഒരു ട്രിക്ക് ആയിരുന്നു. ക്ലാസ്സില്‍ കടന്നുവരുന്ന നേരത്ത് ബഹളത്തിനിടെ ചിലപ്പോള്‍ ചൂരല്‍ ചിലരുടെയെങ്കിലും കണ്ണില്‍പ്പെടാതെയിരിക്കാന്‍ ചാന്‍സുണ്ട്. ഇതാവുമ്പോള്‍ എല്ലാവരും കാണുമല്ലോ?! പിന്നെ മുഖത്ത് സിംഹത്തിന്റെ ഭാവമാണെങ്കിലും ചൂരല്‍ കൊണ്ടു നടക്കാത്ത മാഷ് എന്ന ഒരു സല്‍പ്പേരും അദ്ദേഹം ആഗ്രഹിച്ചിരിക്കണം. ഇദ്ദേഹത്തിന്റെ ക്ലാസ്സില്‍ ഇരിക്കേണ്ടിവന്നിട്ടുള്ള കുട്ടികള്‍ക്കെല്ലാം ഒരേമുഖഭാവമായിരുന്നു. ചിക്കന്‍ സെന്ററിലെ കോഴികളുടെ മുഖഭാവം. എപ്പോഴാണ് കശാപ്പിന് പിടിക്കുക എന്നറിയില്ലല്ലോ? പോരാത്തതിന് ചൂരല്‍ കണ്ടപ്പോഴുണ്ടായ മൂത്രശങ്ക വേറെയും!

ഇദ്ദേഹം ഒരിക്കല്‍ പോലും പരിചയക്കാരുടേയോ സഹപ്രവര്‍ത്തകരുടേയോ മുഖത്ത് നോക്കി ചിരിച്ച് ഞാന്‍ കണ്ടിട്ടില്ല. ഒരിക്കലും ചിരിക്കാത്ത മനുഷ്യന്‍ എന്നായിരുന്നു എന്റെ ധാരണ! ഒരിക്കല്‍ ആധാരണ തെറ്റി. എന്റെ മുഖത്തുനോക്കി അദ്ദേഹം പല്ലുകള്‍ മുഴുവന്‍ കാട്ടിച്ചിരിച്ചു. അത് പക്ഷേ വളരെ വൈകിയ വേളയിലായിരുന്നു എന്നു മാത്രം. സ്കൂള്‍ ആനിവേഴ്സറിയോടൊപ്പം ഇദ്ദേഹം റിട്ടയര്‍ ചെയ്യുന്നതിന്റെ ഒരു സെന്റ് ഓഫ് ആഘോഷവും ഒരുമിച്ചാണ് നടത്തിയത്. ആഘോഷങ്ങള്‍ക്കും മത്സരങ്ങള്‍ക്കും ശേഷം സമ്മാനദാനച്ചടങ്ങ് ഇദ്ദേഹമായിരുന്നു നടത്തിയിരുന്നത്! സാമാന്യം നല്ലരീതിയില്‍
തന്നെ പടം വരച്ചിരുന്ന എന്റെ ചേട്ടന്റെ പേര്‍ അനൌണ്‍സ് ചെയ്തു. പെന്‍സില്‍ ഡ്രോയിംഗ് ഒന്നാം സ്ഥാനം! അതായിരുന്നു മത്സരങ്ങളുടെ സമ്മാനങ്ങളില്‍ അവസാനത്തേത്. സ്കൂളില്‍ അങ്ങനെ പ്രത്യേക ആക്ടിവിറ്റീസൊന്നുമില്ലാത്ത, ഒരു മത്സരങ്ങളിലും പങ്കെടുക്കാത്ത ഒരു തികഞ്ഞ അന്തര്‍മുഖനായിരുന്നു ഞാന്‍. ആ എന്നെ ഞെട്ടിച്ചുകൊണ്ട് അതാ എന്റെ പേര്‍ അനൌണ്‍സ് ചെയ്യുന്നു!. അവിശ്വസനീയതയുടെ നിമിഷങ്ങള്‍!...ചെവിയില്‍ ട്യൂണ്‍ ചെയ്തിട്ട് കിട്ടാത്ത റേഡിയോ പോലെ ഒരു മൂളല്‍ മാത്രം. വെറുതേ നടന്നവനും വിളിച്ചു സമ്മാനം കൊടുക്കുന്നോ?! ആരൊക്കെയോ എന്നെ സ്റ്റേജിലേക്ക് കയറ്റിവിട്ടു. സ്വബോധം നഷ്ടപ്പെട്ടവനേപ്പോലെ നില്ക്കുന്ന എന്റെ അടുത്തേക്ക് ഡേവീസ് മാഷ് നടന്നു വരുന്നു. നിറഞ്ഞ ചിരിയോടെ എനിക്ക് ഒരു സര്‍ട്ടിഫിക്കറ്റും ഒരു പേനയും (അന്നത്തെക്കാലത്ത് ഏകദേശം ഒരു പത്തുരൂപയോളം വിലയുള്ളത്)സമ്മാനിക്കുന്നു. പിന്നെ ഞാന്‍ അദ്ദേഹത്തെ തൊഴും എന്ന മുന്‍ധാരണയില്‍ അദ്ദേഹം എന്നെ നോക്കിതൊഴുന്നു! പക്ഷേ എലിപ്പെട്ടിയില്‍ നിന്ന് രക്ഷപ്പെട്ട എലിയപ്പോലെ കിട്ടിയതും വാങ്ങി മറ്റൊന്നും ശ്രദ്ധിക്കാതെ ഞാന്‍ പുറത്തേക്ക് പായുന്നു! സദസ്സില്‍ കൂട്ടച്ചിരിയുയരുന്നു.

"എന്തൂട്ടാലോചിച്ചട്ടാ ഈ ഇരിക്കണേ..പോയി ആ റേഷന്‍കടേല് മണ്ണെണ്ണ വന്നണ്ടോന്ന്
അന്വേഷിച്ച്ട്ട് വന്നേടാ!" അമ്മയുടെ സ്നേഹരൂപേണയുള്ള ശകാരം ചിന്തയുടെ ഡിസ്‌പ്ലേ കാര്‍ഡ് ഡിസെബ്ള്‍ ആക്കി!

"അമ്മേ ആ വയലറ്റ് കളറുള്ള പേന അമ്മ എവ്ടെങ്കിലും കണ്ടോ?! എനിക്ക് സ്കൂളില് പഠിത്തത്തില് ഒന്നാമതായേന് കിട്ടീത്!" മാഷ്‌ടെ ഓര്‍മ്മയില്‍ നിന്നും യഥാര്‍ത്ഥ്യത്തിലേക്കുള്ള ഒരു ചോദ്യം!

"അതഛ്ചന്‍ എവ്ട്യോ ഭദ്രായിട്ട് എടുത്ത് വച്ചട്ട്ണ്ട്!..നീ പോയി പറഞ്ഞ പണി ചെയ്യ്!" മരിച്ചറിയിപ്പില്‍ നിന്നും ഓര്‍മ്മവന്ന ആ "പത്രാസിന്റെ" പരിപ്പ് ഇവിടെ വേവില്ല്യടാ..എന്ന ഭാവം ഒളിപ്പിച്ചു വച്ച ചിരിയോടെ അമ്മ ചൂലെടുത്ത് ഉമ്മറം അടിച്ചുവാരാന്‍ നടന്നു.

ഐതീഹ്യമാലയിലില്ലാത്ത അല്‍ഫോന്‍സ

എങ്കിലോ പണ്ട്....ഞാനൊക്കെ റിലീസായി തൊള്ളതുറന്നു കീറുന്നതിനും വളരെ മുമ്പ് നടന്ന കഥയാണ്! എന്നാലും ഐതീഹ്യമാലയിലൊന്നും കാണാന്‍ വഴിയില്ല! ഇനി കഹാനി!

ഞങ്ങളുടെ പക്കത്ത് ഊരില്‍ എന്നുവച്ചാല്‍ ഒരേഴെട്ട് കിലോമീറ്റര്‍ അപ്പുറത്ത് അക്കാലത്തെ യുവജനങ്ങളെ വല്ലാതെ മോഹിപ്പിച്ചിരുന്ന ഒരു പച്ചക്കരിമ്പ് വിളഞ്ഞ്ന് നിന്നിരുന്നു. പേര് അല്‍ഫോണ്‍സ! പാലത്തിങ്ങല്‍ ഔസേപ്പ് ഇട്ട്യാര അഥവാ ഔസേപ്പാപ്ല എന്ന ഔസേപ്പേട്ടന്റേയും തോട്ടുമ്പറമ്പില്‍ ത്രേസ്യാ വര്‍ഗ്ഗീസ് എന്ന ത്രസ്സ്യേടത്തീടേം പ്രഥമ സംരംഭം. തിരുവാതിര ഞാറ്റുവേലക്ക് പാകിയ വിത്ത് പോലെ, മുള പൊട്ടിയ അന്നു മുതല്‍ തന്നെ തഴച്ച് വളര്‍ന്ന് എട്ടാം ക്ലാസ്സു കഴിഞ്ഞപ്പോഴേക്കും നാട്ടിലെ പൂവാലന്‍മാരുടേയും വിശിഷ്യാ സ്വന്തം തന്തയുടേയും തള്ളയുടേയും ഉറക്കം, സമാധാനം എന്നീ സ്ഥാവര ജംഗമവസ്തുക്കള്‍ ജപ്തിചെയ്തുകൊണ്ട് വീട്ടിലും നാട്ടിലും ഒരുതരം മാനസിക അരക്ഷിതാവസ്ഥ സൃഷ്ടിച്ചുകളഞ്ഞു ഈ മൊതല്! "കാർത്തിക കാലിൽ കാക്കക്കാൽ നനഞ്ഞാൽ മുക്കാലിൽ മുക്കും" എന്ന് കാര്‍ന്നോമ്മാര് പറഞ്ഞപോലെതന്നെ സ്കൂള്‍ കാലഘട്ടത്തില്‍ തന്നെ സ്വന്തം സ്റ്റാര്‍വാല്യൂ തിരിച്ചറിഞ്ഞ അല്‍ഫോണ്‍സ പത്താംക്ലാസ്സു കഴിഞ്ഞപ്പോഴേക്കും നാട്ടിലെ കൌമാരക്കാരായ ആമ്പിള്ളേരുടെ മനസ്സില്‍ ഒരു മധുരനൊമ്പരക്കാറ്റായി വീശാന്‍ തുടങ്ങി. മനസ്സിലെ ഇളം കാറ്റ് കൊടുങ്കാറ്റായി മാറിയ ചില സാഹസികര്‍ അതടക്കാന്‍ കഴിയാതെ പാലത്തിങ്ങല്‍ തറവാട്ടിലെ വിശാലമായ മൂന്ന് സെന്റ് പറമ്പിന്റെ വടക്കു കിഴക്കേമൂലയില്‍ ഓലമെടഞ്ഞ് മറച്ച് കെട്ടിയിരുന്ന ബാത്‌റൂമില്‍ സ്പൈ ക്യാമറവച്ചു. നാലാമത്തെ പേറ് കഴിഞ്ഞ് ദേഹചികിത്സയുടെ ഭാഗമായി മഞ്ഞളും ആര്യവേപ്പിലയും മറ്റെന്തൊക്കെയോ മരുന്നുകളും ചേര്‍ത്ത ഇളം ചൂടുവെള്ളത്തില്‍ ത്രസ്യേടത്തി നീരാടുന്ന നേരത്താണ് ഈ പേഷ്യന്റ്സ് തങ്ങളുടെ അസുഖത്തിന് ആശ്വാസം പകരുന്നതിനായി ഓലമറയുടെ ദ്വാരാന്തരേ ദര്‍ശനത്തിനെത്തിയത്. മത്സ്യകന്യകയെ പ്രതീക്ഷിച്ച് വന്നിട്ട് മുന്നില്‍ ഹിപ്പൊപ്പൊട്ടാമസ് പ്രത്യക്ഷപ്പെട്ടതുപോലെയായി പിള്ളേരുടെ കാര്യം! എന്നാപ്പിന്നെ റിസ്ക്കി ഗെയിം ഉപേക്ഷിച്ച് മടങ്ങാം എന്നു കരുതി തിരിഞ്ഞുനോക്കുമ്പോള്‍ തേങ്ങപൊതിക്കുന്ന പാരയുമായി തൊട്ടുമുന്നില്‍ ഔസേപ്പേട്ടന്‍! അന്നു രാത്രി തന്നെ നാടുവിട്ട് പിള്ളേര്‍ കുടുംബത്തിന്റെ മാനം കാത്തു. മാനത്തിന്റെ പേരില്‍ അതിലേറെ ആശ്വസിച്ചത് ത്രസ്യേടത്തി തന്നെയായിരുന്നു. അതിനു കാരണം പെണ്ണു കുളിക്കുമ്പോള്‍ വന്ന് ഒളിഞ്ഞുനോക്കി വേണ്ടാത്തതൊന്നും പിള്ളേര് കണ്ടില്ലല്ലോ എന്നതുകൊണ്ടാണോ അതോ ഔസേപ്പേട്ടന്‍ മാത്രം ലൈക്കിയിട്ടുള്ള തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ച പിള്ളേര്‍ നാടുവിട്ടതുകൊണ്ടാണോ എന്നത് ഇന്നും അജ്ഞാതം!

ഔസേപ്പേട്ടന്‍ കഠിനാദ്ധ്വാനിയും എല്ലാക്കാര്യങ്ങളും നേരെവാ നേരെപോ എന്ന മട്ടില്‍ കാണുന്ന ഒരു സാധുവുമായിരുന്നു. അദ്ദേഹം വലിച്ചിരുന്നതും സാധു തന്നെയായിരുന്നു...സാധുബീഡി! സ്വന്തം വരുമാനത്തെക്കുറിച്ച് ഉത്തമ ബോദ്ധ്യമുണ്ടായിരുന്നതുകൊണ്ട് അദ്ദേഹം ആഗ്രഹമുണ്ടായിരുന്നിട്ടും മദ്യപിക്കുമായിരുന്നില്ല! വല്ല പെരുന്നാളിനോ ക്രിസ്തുമസ്സിനോ മറ്റോ ആരെങ്കിലും സല്‍ക്കരിച്ചാല്‍, അതും ഒരുകുപ്പി കള്ള്, അതും കുടിച്ച് കമ്പനിപിരിഞ്ഞ് ആരോടും മിണ്ടാതെ വീട്ടിലെത്തി നിശ്ശബ്ദനാകുമായിരുന്നു ആ പുവര്‍ ഗയ്. അതുകൊണ്ടുതന്നെ ആ കുടുംബത്തില്‍ വല്ലാത്തൊരു ശാന്തിയും സമാധാനവും പരസ്പരസ്നേഹവും അതുകൊണ്ടുള്ള സന്തോഷവും കളിയാടിയിരുന്നു. വടക്കേത്തലക്കാരുടെ പറമ്പില്‍ തേങ്ങ പൊതിക്കലും ഉടക്കലും പിന്നീടത് മാണിയുടെ കൊപ്രക്കളത്തില്‍ കൊണ്ട് വെട്ടിത്തൂക്കം വില്‍ക്കലും, പണം ജോര്‍ജ്ജേട്ടന്റെ കയ്യില്‍ ഏല്പിക്കലും കഴിഞ്ഞ് സന്ധ്യേടെ മൂട്ടില്‍ വീട്ടിലേക്ക് തളര്‍ന്ന് കേറി വരുമ്പോഴാണ് ബാത്‌റൂം പരിസരത്ത് ആളനക്കം കണ്ട് പ്രസ്തുത പിള്ളേരെ കയ്യോടെ പിടിച്ചത്! കാരിരുമ്പൊത്ത കൈകൊണ്ടുള്ള താഢനവും പ്രതീക്ഷിച്ച് നിന്ന പിള്ളേര്‍ക്ക് നേരെ കയ്യിലിരുന്ന പാരക്കോല്‍ നീട്ടി ഔസേപ്പേട്ടന്‍ ഒറ്റ ഡയലോഗ്! " എല്ലാം കണ്ട് കഴിഞ്ഞൂന്ന് ച്ചാ ദേ ഇതോണ്ട് ഞങ്ങളെ അങ്ക്ട് കൊന്നട്ട് പൊക്കോ നിങ്ങള്, ല്ലിങ്കെ നാളെ ഞങ്ങള് ചത്തേന് നിങ്ങളന്നെ ഉത്തരം പറയണ്ടിവരും!. പോരേ പൂരം! സുനാമീന്ന് രക്ഷപ്പെടാന്‍ ഓടിക്കേറീത് അഗ്നിപര്‍വ്വതത്തിലേക്കെന്ന് പറഞ്ഞപോലെയായി പിള്ളേരുടെ കാര്യം! അല്ലെങ്കിലും പത്തുപതിനാറ് വയസ്സുള്ള പിള്ളേര്‍ക്ക് കൊടുക്കാവുന്ന ചെറിയ വല്ല ഭീഷണിയുമാണോ ഔസേപ്പിതാവ് കൊടുത്തത്! പണി പാലുംവെള്ളത്തില്‍ കിട്ടിയതോണ്ട് പിള്ളേര് അതേസീനില്‍ത്തന്നെ കോയമ്പത്തൂര്‍ക്ക് സ്ലീപ്പര്‍ക്ലാസ്സ് ടിക്കറ്റെടുത്തു. വീട്ടിലെ സുഖം റോട്ടിലില്ല, അതും പാണ്ടിനാട്ടില്‍ തീരെയില്ല എന്നു മനസ്സിലാക്കിയ പിള്ളേര്‍ നാലാം ദിവസം സല്‍സ്വഭാവികളായ 916കളായി ഗംഗേട്ടന്റെ പച്ചക്കറിലോറിയില്‍ വാപ്പസ് ഘര്‍ ആഗയാ. പിള്ളേരെ കാണാതായതില്‍ ഉള്ളുകാളി നടന്നിരുന്ന ഔസേപ്പേട്ടനും ഹാപ്പിയായി. പക്ഷേ അന്നു വൈകുന്നേരം പ്രാര്‍ത്ഥന എത്തിച്ചതിനു ശേഷം ഔസേപ്പെന്ന പിതാവ് കുടുംബത്തിനു മുന്പില്‍ ഒരു നിവേദനം സബ്മിറ്റ് ചെയ്തു! "ത്രസ്സ്യേ..ക്ടായിനെ ഇനിവ്ടെ നിര്‍ത്തണത് പന്ത്യല്ല! വെറ്തേ ആളോളെക്കൊണ്ട് അതൂമിതൊക്കെ പറയിക്കാന്‍! ഒന്നിലൊ കെട്ടിച്ച് വിടണം..അതിന് അയിന്ള്ള പ്രായോം ആയിട്ടില്ല്യ അയിനിപ്പൊരു പാങ്ങുല്ല്യ! ല്ലിങ്കിപ്പിന്നെ കൊറച്ചൂസം മ്മടെ കുഞ്ഞ്മേരിരവടെ പോയി നിക്കട്ടെ! അവട്യാവുമ്പോ എന്തെങ്കിലും പഠിക്കണച്ചാ പഠിക്കാനും പറ്റും!" ത്രസ്സ്യേടത്തീടെ പുന്നാരചേച്ചിയാണ് കുഞ്ഞുമേരി എന്ന മേരിച്ചേടത്ത്യാര്! പ്രായത്തില്‍ വലിയ അന്തരമൊന്നുമില്ലെങ്കിലും ഒരമ്മക്ക് മകളോടുള്ള വാത്സല്യമായിരുന്നു ചേടത്ത്യാര്ക്ക് ത്രേസ്യേടത്തിയോട്. അതെല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യവുമാണ്! പൊറത്തിശ്ശേരി എന്ന മനോഹരമായ ഗ്രാമപ്രദേശത്ത് വസിച്ചിരുന്ന ഇവര്‍ ഒരേഒരു മകന്‍ ജോയിയുടെ ജോലി സംബന്ധമായി ഒല്ലൂര്‍ എന്ന സിറ്റിയിലേക്ക് മൈഗ്രേറ്റ് ചെയ്യുകയായിരുന്നു. തന്നെയുമല്ല മരുമോള്‍ റോസിലിക്കുമുണ്ട് ജോലി. അക്കാലത്ത് തറവാട്ടില്‍ പിറന്നവര്‍ ഒന്നുമുഖം ചുളിക്കുന്ന ജോലി! മിഷനാസ്പത്രിയില്‍ നേഴ്സ്!. രണ്ടുപേര്‍ക്കും ജോലിയുള്ളതുകൊണ്ട് സാമ്പത്തികമായി ഇവരല്പം ക്രീമിലെയര്‍ സെറ്റപ്പായിരുന്നു. അവിടേക്കുള്ള പെണ്ണിന്റെ പറിച്ചുനടലിന്റെ കാര്യമാണ് പ്രിയതമന്‍ മൊഴിഞ്ഞത്! ഭര്‍ത്താവിലും മക്കളിലും മാത്രം ലോകമൊതുക്കി വച്ചിരുന്ന ത്രേസ്യേടത്തിക്ക് രണ്ടാമതൊന്ന് ആലോചിക്കാനില്ലായിരുന്നു! അങ്ങനെ അല്‍ഫോണ്‍സ എന്ന പത്താം ക്ലാസുകാരി എസ്.എസ്.എല്‍സി പരീക്ഷ തീര്‍ന്നതിന്റെ പിറ്റേന്ന് ഒല്ലൂര്‍ക്ക് ബസ്സുകയറി!

നിശ്ശബ്ദ കാമുകന്മാരുടെ നെഞ്ച്പൊട്ടിയ ശബ്ദം അങ്ങ് വടക്ക് കരൂവന്നൂപ്പുഴയില് മണല് വാരിയിരുന്നോരു വരെകേട്ടു എന്നൊരു പ്രയോഗം, പില്‍ക്കാലത്ത് പോര്‍ണ്‍ സ്റ്റോറി റൈറ്റിങ്ങിന് ഒരു വാഗ്ദാനമാകുന്ന തരത്തില്‍ ആളുകളെപ്പറ്റി തെറിക്കഥകള്‍ എഴുതി തല്ലുവാങ്ങിയിരുന്ന, ഒരു ഗ്രാമീണകവി എന്ന് സ്വയം പരിചയപ്പെടുത്തിയിരുന്ന ഒരു ഊശാന്താടി പറഞ്ഞു കേട്ടിട്ടുണ്ട്. എന്തായാലും അല്‍ഫോണ്‍സയുടെ വിടവാങ്ങലില്‍ വേദനിച്ചവരെപ്പോലെതന്നെ സന്തോഷിച്ചവരും അവിടെത്തന്നെ, എന്നുവച്ചാല്‍ തൊട്ടടുത്തു തന്നെയുണ്ടായിരുന്നു! അങ്ങുമിങ്ങും തൊട്ടും തൊടാതെയും നിന്നിരുന്ന ചെമ്പരത്തിവേലിക്കപ്പുറത്ത്, ഇടക്കിടെ ചില ഭീകരശബ്ദങ്ങളും, വെല്ലുവിളികളും മുഴക്കിക്കൊണ്ട് ഔസേപ്പേട്ടനേയും കുടുംബത്തേയും വല്ലാതെ ശല്യപ്പെടുത്തിക്കൊണ്ടിരുന്ന പുത്തൂക്കാരന്‍ പൌലോസ് എന്ന വിഖ്യാത തെറിപ്പാട്ട് കലാകാരന്‍! സാമാന്യം ഭേദപ്പെട്ട ചുറ്റുപാടുണ്ടായിരുന്ന, കള്ളുകുടി എന്ന നിഷ്കാമകര്‍മ്മത്തിന്റെ പ്രത്യാഘാതം എന്നവണ്ണം ഒട്ടുമുക്കാല്‍ സ്വത്തുക്കളും വിറ്റുതുലച്ച് അവശേഷിച്ച പത്തിരുപത് സെന്റിലെ ‌'ഒരേക്കര്‍' സ്ഥലം അതിരില്‍ നിന്നും വേലികയറ്റിക്കെട്ടി ഔസേപ്പേട്ടന്‍ സ്വന്തമാക്കി എന്ന ആരോപണവുമായി ലോകത്തുള്ള സകലരോടും അസൂയയും പരിഹാസവുമായി നടക്കുന്ന,കുടുമ്മം നോക്കാത്ത പുത്തൂക്കാരന്‍ പൌലോസ്!

ഇദ്ദേഹത്തിന്റെ പരിഹാസത്തിന്റെ റേഞ്ച് എന്നുപറഞ്ഞാല്‍, നാട്ടിലെ കിരീടം വക്കാത്ത രാജാക്കന്മാരായിവിലസുന്ന വലിയ വലിയ മുതലാളിമാരോടുവരെ "നീയൊക്കെ എന്തൂറ്റണ്ടാ കണ്ടേക്കണേ, ആയിരത്തിന്റെ നോട്ട് വച്ചട്ട് തൊഴുത്തിന്റെ ചോര്‍ച്ച അടച്ചട്ട്ള്ളോനാണ്ടാ പൌലോസ്! ആ എന്നൊടാണ്ടാ നിന്റെ പത്രാസ്?" എന്ന് മുഖത്ത് നോക്കി ചോദിക്കാന്‍ തക്ക റേഞ്ചുള്ള,അങ്ങനെ ചോദിച്ചിട്ടുള്ള തിരുമാലിയാണ് പൌലോസ്! ഔസേപ്പേട്ടനെ നാറ്റിക്കാന്‍ പുതിയ വിഷയം, അതും അല്‍ഫോണ്‍സയിലൂടെ തന്നെ കിട്ടിയ സന്തോഷത്തില്‍, അന്നു രാത്രി പൌലോസ് മറ്റെന്നത്തേക്കാളും സമാധാനത്തോടെ, ഒരു തുള്ളി മദ്യപിക്കാതെ ഉറങ്ങി. പിറ്റേന്നു രാവിലെ തന്നെ നാട്ടുകാരോടു മാത്രമല്ല, വഴിയില്‍കണ്ട കാക്കയോടും പൂച്ചയോടും മൈല്‍ക്കുറ്റിയോടു വരെ "നമ്മള് ള്ളത് ള്ളപോലെന്നെ പറയും! അതിന് വെഷമിച്ച്ട്ട് കാര്യല്ല്യാട്ടാ!..മ്മടെ ഔസേപ്പേട്ടന്റെ മോള് പണ്യൊപ്പിച്ചൂ..അതോണ്ടാ ക്ടായിനെ മാറ്റ്യേ!..കൊറച്ച്നാള് കഴിയട്ടെ...കൊച്ചിനേം കൊണ്ട് വരും..പിന്നെ ആളാരാന്ന് മ്മക്കറിയില്ല്യാട്ടാ" എന്ന് ഒരു നിഷ്കളങ്കനേപ്പോലെ, അപഖ്യാതി പറഞ്ഞുപരത്തി ആത്മനിര്‍വൃതിയടഞ്ഞു!. ദയാപരനായ കര്‍ത്താവിനോട് മാത്രം തന്റെ സങ്കടങ്ങള്‍ പറഞ്ഞ് ഔസേപ്പു കുടുംബം ജനങ്ങളുടെ പ്രത്യേകശ്രദ്ധയില്‍ നിന്നു പുറത്തുവന്ന് ആരും പ്രത്യേകിച്ചോര്‍ക്കാത്ത ഫാമിലിയായി കഷ്ടപ്പാട് തുടര്‍ന്നു. കഴുതക്കാമം കരഞ്ഞുതീര്‍ക്കും എന്നു പറഞ്ഞപോലെ പൌലോസ് മാത്രം ഓരോ തവണ തലക്ക് മത്തുപിടിക്കുമ്പോഴും പറഞ്ഞവരോടുതന്നെ വീണ്ടും വീണ്ടും ഇതേകഥപറഞ്ഞ് പറഞ്ഞ് തന്റെ പ്രസന്‍സ് നിലനിര്‍ത്തി.

മഴയും മഞ്ഞും വെയിലും പലതവണ വന്നുപോയി. ഔസേപ്പേട്ടന്റെ പടിയുടെ വലതുവശത്ത് നിന്നിരുന്ന വലിയ പളാവ് വടക്കേത്തലക്കാരുടെ പുതിയ വീടിന്റെ പ്രധാന വാതിലായി. മുതിര്‍ന്ന പല പൌരന്മാരും പണിയൊക്കെ മതിയാക്കി തങ്ങള്‍ക്കായി കുഴിച്ച കുഴിയില്‍ ബഹളമുണ്ടാക്കാതെ പോയി അന്ത്യവിശ്രമം കൊണ്ടു. ഇവരുടെ കൂട്ടത്തില്‍ തനിക്കേറ്റവും പ്രിയപ്പെട്ട ഔസേപ്പേട്ടനേയും കര്‍ത്താവ് തിരിച്ചു വിളിച്ചോണ്ട് പോയി.അനാഥത്വത്തിന്റെ നെരിപ്പോടില്‍ ഒരു കുടുംബം നീറി. പുത്തൂക്കാരന്‍ പൌലോസ് മാത്രം തന്റെ ക്ഷയിച്ച ആരോഗ്യവും വച്ച്, പണ്ടത്തെ ചൂടപ്പം, ഇപ്പോഴത്തെ പഴങ്കഥ മുരള്‍ച്ചപോലുള്ള ശബ്ദത്തില്‍ ന്യൂജെനറേഷന്‍ കുടിയന്മാരെക്കേള്‍പ്പിച്ച് സ്വയം ചിരിച്ച്..ചിരിച്ച് അതൊരു ചുമശൃംഖലയിലവസാനിപ്പിച്ച് കിതച്ചുകൊണ്ടിരുന്നു.

ഇത്രയും കാലം നാട്ടുകാര്‍ക്ക് ഒരു വിവരവും ഇല്ലാതിരുന്ന അല്‍ഫോണ്‍സ എന്ന സ്വപ്നസുന്ദരി വീണ്ടും പ്രത്യക്ഷയാകുന്നത് ഈ കാലഘട്ടത്തിലാണ്. അഛ്ചനില്ലാത്ത ഒരു കൊച്ചിനേയും കൊണ്ട്, ജീവിത പ്രാരാബ്ധത്താല്‍ മെലിഞ്ഞ് വളഞ്ഞുകുത്തി നടക്കാന്‍ പോലും വയ്യാതായ ഒരു പേക്കോലത്തെ പ്രതീക്ഷിച്ചിരുന്ന നാട്ടുകാര്‍ക്കുമുന്‍പില്‍ ഒരു സിനിമാ നടിയേക്കാള്‍ ഗ്ലാമറോടെ അവള്‍, അല്‍ഫോണ്‍സ എന്ന അപ്സരസ്സ് ഒരു തീജ്ജ്വാല പോലെ വന്നിറങ്ങി. ഈ വരവില്‍ ദാരിദ്ര്യം കൊണ്ടും ഗതികേടുകൊണ്ടും കഷ്ടപ്പെട്ടിരുന്ന പലര്‍ക്കും തങ്ങളുടെ സ്വത്തുക്കള്‍-വസ്തുവകകള്‍ ന്ഷ്ടപ്പെട്ടു! എന്നു വച്ചാല്‍ അല്‍ഫോണ്‍സ അതെല്ലാം വിലകൊടുത്തുവാങ്ങി! സെന്ററില്‍ നിന്നും ഒരു നൂറുമീറ്റര്‍ പടിഞ്ഞാട്ടുമാറി വാങ്ങിയ വേണമെങ്കില്‍ ബംഗ്ലാവ് എന്നു പറയാവുന്ന വീടിന്റെ പടിയോടുചേര്‍ന്ന്, മതിലില്‍ 'പാലത്തിങ്ങല്‍' എന്ന പേരും, വീടിനകത്ത് സ്വീകരണമുറിയില്‍ കര്‍ത്താവിന്റെ പടത്തിനോട് ചേര്‍ത്ത് ഔസേപ്പിതാവിന്റെ, സ്വന്തം അപ്പന്റെ, സാമാന്യം വലിപ്പമുള്ള ഒരു വര്‍ണ്ണചിത്രവും സ്ഥാപിച്ചു.

ആകെ മഞ്ഞ ആകാശവും മഞ്ഞ എന്നു പറഞ്ഞപോലെ മഞ്ഞളിച്ചുപോയ നാട്ടുകാരില്‍ ചിലര്‍ അല്‍ഫോണ്‍സയുടെ പിന്നാമ്പുറകഥകള്‍ തിരക്കിപ്പോയി, കൃത്യമായ ഒരുത്തരം കിട്ടാതെ ഊഹാപോഹങ്ങള്‍ ചമച്ചുണ്ടാക്കി കൃതാര്‍ത്ഥരായി. അല്‍ഫോണ്‍സയുടെ ദയാവായ്പിന്റെ മാധുര്യം നുകര്‍ന്നവര്‍ ഭൂമിയിലെ മാലാഖക്ക് സ്തുതിചൊല്ലി പെട്ടിപ്പാട്ടുകാരായി! ഭരണങ്ങാനത്തെ അല്‍ഫോണ്‍സാമ്മ തൃശ്ശൂര്‍ ഭാഗത്തേക്ക് അത്ര ഫേമസ് അല്ലാതിരുന്നതിനാല്‍ ആരും നമ്മുടെ അല്‍ഫോണ്‍സയെ അവരോട് താരതമ്യം ചെയ്തില്ല! അങ്ങനെ മറക്കാനാവാത്ത, നീണ്ട ഒരവധിക്കാലം നാട്ടുകാര്‍ക്ക് സമ്മാനിച്ച് അല്‍ഫോണ്‍സ വീണ്ടും മടങ്ങിപ്പോയി.

കുറച്ചു നാളുകള്‍ക്കു ശേഷം മാത്രം പുറംലോകത്തേക്ക് വന്ന പൌലോസിനോട് ഷാപ്പിലെ ചെക്കന്‍ ചോദിച്ചു!

"ദെന്താ പൌലോസേട്ടാ! ഈയ്യെട്യായിട്ട് ഇങ്ക്ടൊന്നും കാണാന്‍ല്ല്യല്ലോ"

ഒരക്ഷരം മിണ്ടാതെ പൌലോസ് സ്ഥിരം ക്വാട്ട മുഴുവനും കുടിച്ചുതീര്‍ത്തു. എന്നിട്ട് എന്തോ നിശ്ചയിച്ചുറപ്പിച്ചപോലെ കനത്ത മുഖവുമായി‌ നേരേ റോഡിലേക്കിറങ്ങി നടന്നു. പൌലോസേട്ടന്റെ മുഖഭാവവും നടപ്പും കണ്ട് പന്തികേട് തോന്നിയ ചിലര്‍ അയാളെ അനുഗമിച്ചു. ആരെയും ശ്രദ്ധിക്കാതെ, പുറകിലുള്ള ബഹളമൊന്നും അറിയാതെ അയാള്‍ അവശത മറന്ന് അതിവേഗം നടന്നുകൊണ്ടിരുന്നു. അനുഗമിച്ചിരുന്നവരുടെ എണ്ണം കൂടാന്‍ തുടങ്ങി. നേരേ പള്ളിമുറ്റത്ത് ചെന്നാണ് ആ നടത്തം അവസാനിച്ചത്. അതിനകം തന്നെ ആളുകളുടെ എണ്ണം ഒരു ചെറിയ ജനക്കൂട്ടം എന്നു പറയാവുന്ന നിലയിലേക്ക് എത്തിയിരുന്നു. പള്ളിക്കു മുകളിലെ കൂറ്റന്‍ കുരിശിലേക്ക് നോക്കിക്കൊണ്ട് രണ്ടുകയ്യും ഉയര്‍ത്തി അഭയത്തിനെന്നവണ്ണം വിടര്‍ത്തി പിടിച്ചു പൌലോസ് ഉള്ളുരുകിക്കൊണ്ട് ഉറക്കെ വിളിച്ചു പ്രാര്‍ത്ഥിച്ചു..അല്ല..ചോദിച്ചു!

" എന്റെ കര്‍ത്താവേ..എത്ര മെഴ്‌ക്തിരി ഞാന്‍ കത്തിച്ചേക്ക്ണ് ഇവ്ടെ,എത്രവട്ടം വന്ന് കുമ്പസാരിച്ചേക്ക്ണ്..ഒറ്റ ഞായറാഴ്ച ഞാന്‍ മൊടക്കീട്ട്ണ്ടാ?...ന്നട്ടും ന്റെ കര്‍ത്താവേ..അല്‍ഫോണ്‍സക്ക് കൊട്ത്തതൊന്നും നീ ഇനിക്ക് തന്നില്ല്യല്ലോ?!..ഇതും കഴിഞ്ഞ് നെഞ്ചില്‍ ഒരിടിയും.!

വികാരനിര്‍ഭരമായ, നെഞ്ചുരുകിക്കൊണ്ടുള്ള പ്രാര്‍ത്ഥനയായിട്ടും ഒരു കൂട്ടച്ചിരി സൃഷ്ടിക്കാനേ അത് ഉതകിയുള്ളൂ എന്ന തിരിച്ചറിവില്‍ പൌലോസ് കിതച്ചുകൊണ്ട് തിരിഞ്ഞു നിന്നു!
പിന്നെ ചീറി

" എന്തൂട്ട് കണ്ടട്ടണ്ടാ ...രോളേ നീയൊക്കെ തൊലിക്കണത്? പള്ളിമിറ്റായോണ്ട് നിന്റ്യൊന്നും അപ്പന് വിളിക്കിണില്ല്യ ഞാന്‍!..പോയി അവനോന്റെ പണിനോക്കടാ..ണ്ണോളെ!

ഈ റിയാലിറ്റീ ഷോ കണ്ട് രസിച്ച് നിന്നിരുന്ന കപ്യാര് പത്രോസേട്ടന്‍ ജന്മനാകിട്ടിയ തലവെട്ടിക്കലോടെ, "ആയകാലത്തൊക്കെ ആവുമ്പോലെ ആ കുടുമ്മത്തിനേം പെണ്ണിനേം പറ്റി അവരാണ്ടം പറഞ്ഞിണ്ടാക്കീട്ട് ഇപ്പൊ അവര്ക്കൊക്കെ ഒരു നല്ല നെല്യായപ്പോ അവര്ക്ക് കൊടത്തതൊന്നും തനിക്ക് തന്നില്ല്യല്ലോന്ന്..ല്ലേ?! കൊള്ളാലോ തന്റെ പൂതി! കൊണ്ടരും ട്ടാ..കര്‍ത്താവ് സ്വത്തൊക്കെ വണ്ടീല് കൊണ്ട് തരും!" എന്ന് ഡയലോഗ് അവസാനിപ്പിക്കലും "ഭ്ഫാ...!" എന്ന ആട്ടോടെ പൌലോസേട്ടന്‍ പ്രാര്‍ത്ഥനയുടെ സാരാംശം അവിടെ കൂടിയിരുന്ന വിശ്വാസികള്‍ക്കായി വിശദീകരിച്ചു! പക്ഷേ അതിപ്രകാരമായിരുന്നു എന്നു മാത്രം! "എന്റെ പട്ടിക്ക് വേണം അവള്‍ടെ സ്വത്ത്! ഇവള്‍ക്കൊക്കെ എന്തൂറ്റണ്ടാ സ്വത്ത്ള്ളത്?, ആയിരത്തിന്റെ നോട്ട് വച്ചട്ട് തൊഴുത്തിന്റെ ചോര്‍ച്ച അടച്ചട്ട്ള്ളോനാണ്ടാ പൌലോസ്! ഞാമ്പറഞ്ഞത് വേറൊരു കാര്യത്തെപ്പറ്റിയാ! ങ്ങാ..മറ്റതന്നെ!..അവള്‍ക്ക് കിട്ട്യേപോലെ രൂപോം ഭംഗീം ഒക്കെ ഇനിക്ക് കിട്ടീര്ന്നെങ്ങ ഇപ്പൊ അവ്ള് അതുംവച്ച് ണ്ടാക്കീതിന്റെ നാലെരട്ടി ഞാന്‍ അതുംവച്ച് ണ്ടാക്കി കാണിച്ചന്നേനെ!"...പിന്നെ ഡീസല് തീര്‍ന്ന ജീപ്പ് സ്റ്റാര്‍ട്ടാക്കുന്നതു പോലെ ഒരു ചിരിയും! ക്ഷീരമുള്ള അകിടിന്‍ ചുവട്ടില്‍ നിന്ന് ചോരകുടിച്ച കൊതുകിന്റെ സംതൃപ്തി!

അന്നു തന്നെ നാട്ടുകാര്‍ പൌലോസേട്ടനെ അദ്ദേഹത്തിന്റെ മനസ്സിന്റെ വലിപ്പം കണ്ട് പുണ്യാളനായി വാഴ്ത്തി. നാലുപേര് കൂടുന്നിടത്തെങ്ങാനും കണ്ടാല്‍ സെമിത്തേരിയില്‍ ഒരു കുഴിവെട്ടും എന്ന മധുരമധുരമായൊരു മുന്നറിയിപ്പോടെ!


പത്താം ക്ലാസ്സ് പാസ്സായ അല്‍ഫോണ്‍സ റോസിലിയുടെ നിര്‍ദ്ദേശപ്രകാരം നേര്‍സിങ്ങ് പഠിക്കുകയും തൃശ്ശൂരുള്ള ഏതോ മിഷണറിയുടെ ശുപാര്‍ശപ്രകാരം വിദേശത്ത് അതും ലണ്ടനില്‍ ഒരു ഹോസ്പിറ്റലില്‍ ജോലികിട്ടുകയും അഞ്ചുവര്‍ഷത്തിനുശേഷം കോണ്ട്രാക്ട് അവസാനിപ്പിച്ച് തിരിച്ചു വരുകയുമായിരുന്നു (ദൈവം കണ്ടു!)എന്ന് ജോയിയും റോസിലിയും ത്രേസ്യേടത്തിയെ തങ്ങളുടെ കുഞ്ഞിനെക്കാണിക്കാന്‍ വന്നസമയത്ത് കുറ്റിക്കാടനച്ചനോട് വെളിപ്പെടുത്തിയപ്പോഴാണ് ജനങ്ങള്‍ തങ്ങളുടെ മാലാഖയെപ്പറ്റി പൂര്‍ണ്ണമായും മനസ്സിലാക്കിയത്. എന്തായാലും അല്‍ഫോണ്‍സയുടെ ഒന്നു രണ്ട് അവധിക്കാലങ്ങള്‍ക്കുശേഷം ഈ കുടുംബം മൊത്തമായി എങ്ങോട്ടോ പറിച്ചുനടപ്പെട്ടു. ബോംബെയിലാണെന്നും പറയാന്‍ കൊള്ളാത്തപണിയാണെന്നും, നമ്മുടെ പൌലോസേട്ടന്റെ പകര്‍ച്ചവ്യാധി ബാധിച്ച പുതിയ തലമുറയിലെ ചില പാഷാണത്തില്‍ കൃമികളും, അല്ല അമേരിക്കയില്‍ സെറ്റില്‍ഡായെന്ന് പെട്ടിപ്പാട്ടുകാരുടെ പുതിയ തലമുറക്കാരും ഒരു പോലെ അവകാശപ്പെടുന്നു. ചരിത്രരേഖകളൊക്കെ പരിശോധിച്ചെങ്കിലും എനിക്കും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് ഐതീഹ്യമാലയില്‍ ഇതില്ലെന്ന് ആദ്യമേപറഞ്ഞത്.