Friday, January 9, 2015

സുപ്രഭാതം

ഡാ..വന്ന് കാപ്പി കുടിക്കടാ...!

പല്ലുതേപ്പും കഴിഞ്ഞ് മുഖം കഴുകിയ വെള്ളം ഒന്നു തോര്‍ത്തുകപോലും ചെയ്യാതെ പേപ്പറ്കാരനേയും കാത്ത് വേലിക്കല്‍ പോയിരിക്കുമ്പോള്‍ പിന്നീന്ന് അമ്മയുടെ വിളി.

അവടെപ്പോയിരുന്ന് ആ കൊതുകടി കൊള്ളണ്ടടാ കാല്ത്ത് തന്നെ...അഛ്ചനും അമ്മയെ പിന്താങ്ങി!

'ഇവര്‍ക്കിതെന്തൂട്ടിന്റെ കേടാ!'..എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് 'ഞാന്‍ കുടിച്ചോളാം' എന്ന് ഉറക്കെ ഞാന്‍ എന്റെ നയം വ്യക്തമാക്കി കാത്തിരിപ്പ് തുടര്‍ന്നു.

"ആ പേപ്പര്‍സായിവ് ബെല്ലുങ്കുടി അടിക്കില്ല! ഞാന്‍ കപ്പികുടിക്കാന്‍ പോയാലേ പേപ്പറ് ആമ്പിള്ളേര് ഇട്ത്തോണ്ടു പൂവും"...

ഞാന്‍ ന്യായീകരണം പോസ്റ്റ് ചെയ്തു!(ഈ ആമ്പിള്ളേര് എന്ന് ഞാന്‍ പുകഴ്ത്തിയത് എന്റെ ചേട്ടനേയും അനിയനേയും തന്നെയാണ്)

അഞ്ചാം ക്ളാസില്‍ പഠിക്കുന്ന എന്റെ പത്രവായനയോടുള്ള കമ്പം കണ്ട് അഛ്ചന്‍ അഭിമാനപൂര്‍വ്വം ചെറുമന്ദസ്മിതത്തോടെ തിലകനേപ്പോലെ വയറും തടവിക്കൊണ്ട് തൊട്ടടുത്ത ഇലക്ട്രിക് പോസ്റ്റിലേക്ക് നോക്കിക്കോണ്ടു നിന്നു. (ജോലി KSEB യിലായിരുന്നതുകൊണ്ടാകണം എവിടെപ്പോയാലും അഛ്ചന്റെ നോട്ടം ആദ്യം പോകുന്നത് തൊട്ടടുത്ത ഇലക്ട്രിക് പോസ്റ്റ്, അതിലെ കമ്പി,പിന്നെ അവിടെയെവിടെയെങ്കിലും ട്രാന്‍സ്ഫോര്‍മറ്‍ ഉണ്ടെങ്കില്‍ അത് എന്നിവയിലേക്കാണ് എന്നൊരു തമാശ ബന്ധുക്കള്‍ കൂടുന്ന സഭകളില്‍ അമ്മ അല്പം നാണം കലര്‍ന്ന പരിഹാസത്തോടെ അവതരിപ്പിച്ച് കയ്യടി നേടാറുണ്ട്)

"ഇവനിതിപ്പോ എന്തൂട്ട് വായിക്കാനാ കാലത്ത് തന്നെ!" തികച്ചും ന്യായമായൊരു ആത്മഗതം അമ്മയില്‍ നിന്നും.ഇന്നത്തെക്കാലമാണെങ്കില്‍ രാവിലെ തന്നെ പത്രത്തിലെ പ്രധാന വാര്‍ത്തകള്‍ എന്ന അശ്ളീലം വായിക്കാനാണെന്ന് അവര് തെറ്റിദ്ധരിച്ചേനെ.

അങ്ങനെ കാത്തിരിപ്പിനൊടുവിലതാ വേലിപച്ച്പ്പുകള്‍ക്കിടയിലൂടെ ഒരു ഖദര്‍നക്ഷത്രം ഇളം വെയിലില്‍ വെട്ടിത്തിളങ്ങിക്കൊണ്ട് എന്റെമുന്നിലേക്ക് നിരങ്ങി വന്ന് പേപ്പറ്‍ വലിച്ചെറിയാനാഞ്ഞ്,പിന്നെ എന്നെക്കണ്ടതുകൊണ്ട് ആക്ഷന്‍ മാറ്റി എന്റെ കയ്യിലേക്ക് പതിയെ വച്ചുതന്ന്, കാനായി കുഞ്ഞിരാമന്‍ കൊത്തിയ ശില്പം പോലെ(മുഖത്ത് യാതൊരു വികാരങ്ങളുമില്ലാതെ എന്ന് വ്യംഗ്യം) പതിയെ സൈക്കിളില്‍ നടന്നു പോയി.സൈക്കിളോടിച്ചു പോയി എന്നതില്‍ ഒരു ഓട്ടം ഇല്ലേ! അതില്ലാത്തതുകൊണ്ടാണ് സൈക്കിളില്‍ നടന്നു പോയി എന്നു പറയേണ്ടിവന്നത്. പക്ഷേ ഞാനിതൊന്നും കണ്ടില്ല. പേപ്പര്‍ കിട്ടിയതും ഞാന്‍ പറന്ന് ഉമ്മറത്തെ ബ്ളാക് ഓക്സൈഡ് ഇട്ട കറുത്ത തണുത്ത നിലത്ത് അത് നിവര്‍ത്തിവച്ചു.
പിന്നെ ബാക്ക് പേജില്‍ നിന്ന് ഫ്രണ്ടിലേക്ക് ഓരോ പേജായി മറയ്ക്കാന്‍ തുടങ്ങി. ഓരോ പേജ് മറയുമ്പോഴും എന്റെ മുഖത്തെ ഉദയസൂര്യനെ കാര്‍മേഘം മറച്ചുകൊണ്ടിരുന്നു.

ഇല്ല! ഒറ്റപ്പേജിലും ഫുള്‍പേജ് സിനിമാ പരസ്യം ഇല്ല. ഒരു പേജില്‍ നീളത്തില്‍ ഒരു പരസ്യം! 'ഇഷ്ടമാണ് പക്ഷേ!' അതിലും ചിത്രങ്ങള്‍ ഒന്നും ഇല്ല! പിന്നെ അവിടെയവിടെയായി ചെറിയ ചെറിയ ചില പരസ്യങ്ങള്‍! മേള, ആഗമനം, വൈകിവന്ന വസന്തം, ദീപം, കരിമ്പന അങ്ങനെ ഏതൊക്കെയോ! അതില്‍ തന്നെ ജയന്റെ പടങ്ങള്‍ രണ്ട്. ഒന്നില്‍ ചിത്രം ഇല്ല, അടുത്തതില്‍ ചെത്തുകാരന്റെ വേഷത്തില്‍ കറുത്തിരുണ്ട് ഒന്നും തെളിയാത്ത ഒരു രൂപം. കാരണം അത് വെളുത്ത പേജ് ആയിരുന്നില്ല വൈക്കോല്‍ അരച്ചുണ്ടാക്കിയത്പോലെ ചുടാത്ത ചപ്പാത്തിയുടെ നിറമുള്ള ഒരു പേജ് ആയിരുന്നു. അതു ജയനാണെന്ന് ഊഹിച്ചു. നിരാശയോടെ ഉമ്മറത്തെ മുരിങ്ങയുടെ കൊഴിഞ്ഞു വീണുകൊണ്ടിരിക്കുന്ന സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന ഇലകളെ നോക്കി ഇരിക്കുന്നനേരത്ത് പിന്നില്‍നിന്ന് അമ്മയുടെ ശബ്ദം.

"ഇന്നത്തെ പേപ്പറാ ട്ടാ ദ്! ആരും വായിച്ചട്ടുങ്കൂടില്ല്യാ, അതറ്റ വെട്ട്യാ അഛന്‍ നിന്റെ പൊറം പൊന്നാക്കൂട്ടാ! ഓര്‍ത്തോ"

പേപ്പര്‍ കൊണ്ടുപോയ ഞാന്‍ ചെയ്തേക്കാവുന്ന അപകടത്തെപ്പറ്റി ബോധവതിയായിട്ടോ എന്തോ എനിക്ക് മുന്നറിയിപ്പ് തന്നു!

അതെ! അതായിരുന്നു എന്റെ ലക്ഷ്യം! ഫുള്‍പേജ് സിനിമാപരസ്യം ഉണ്ടെങ്കില്‍ അതുകൊണ്ട് പുസ്തകം പൊതിയുക, ജയന്റെ പടം ഉണ്ടെങ്കില്‍ അത് പുസ്തകത്തിന്റെ ചട്ടയില്‍ വെട്ടി ഒട്ടിക്കുക! വെള്ളിയാഴ്ച്ചയായിട്ടുകൂടി ദൈവാധീനമില്ലാത്തതിനാല്‍ ഇതു രണ്ടും നടന്നില്ല!

ഇനീപ്പോ അമ്മ പറഞ്ഞപോലെ കാപ്പികുടിച്ചേക്കാം!

അമ്മേ!...എവിട്യാ ന്റെ കാപ്പി.

ദേ ആ ഡെസ്കുമ്മെ അടച്ച് വച്ചട്ട്ണ്ട്..ഇട്ത്ത് കഴിച്ചോ!

ഇഡ്ഡലിപ്രാന്തനായ ഞാന്‍ പൂപോലുള്ള ഇഡ്ഡലി കഴിക്കാനായി അടച്ചു വച്ച പാത്രം തുറന്നു.
ദൈവമേ! നീയെന്നെ ഇവിടെയും കൈവിട്ടോ?..ഉപ്പുമാവ്! ഈ ലോകത്ത് ആരെങ്കിലും കഴിക്കാന്‍ തന്നാല്‍ വേണ്ട എന്ന് മന്സ്സുറപ്പോടെ എനിക്ക് പറയാന്‍ കഴിയുന്ന ഒരേഒരു വസ്തു.

അമ്മേ...അപ്പോ ന്ന് വ്ടെ ഇഡ്ഡല്യല്ലേ?

അതേയ് ഉഴുന്ന്പരിപ്പ് ണ്ടായിര്ന്നില്ല്യ! മാസാവസാനായോണ്ട് ഇപ്പത് മേടിക്കണ്ടാന്ന്വച്ചു. ഒന്നാന്തി അഛ്ചന്‍ മറ്റ് സാധനങ്ങള് വാങ്ങണ് കൂട്ടത്തില്‍ വാങ്ങാമ്പറയാം...ഇപ്പോ മോനത് കഴിച്ചോട്ടാ..! അമ്മ സത്യാവസ്ഥ വെളിപ്പെടുത്തി.

ന്നാപ്പിന്നെ കാപ്പ്യെവടെ!.

ങ്ങാ! അതും ഞാന്‍ പറയാന്മറന്നു! കോമളേടെ പശൂന്ന് ചെന്യായോണ്ട് പ്പോ കറവ നിന്നു. നി പെറ്റട്ട് വേണം. അതോണ്ട് ന്ന് കട്ടനാട്ടാ.! ചൂടാക്കി തരട്ടേ!

അപ്പോള്‍ മനസ്സില്‍ തോന്നിയ ചോദ്യം ഇതായിരുന്നു...വന്ന് കാപ്പി കുടിക്കടാ..കാപ്പി കുടിക്കടാ ന്ന് അമ്മ ഇത് മറന്നിട്ടാണോ വിളിച്ചിരുന്നത്! എന്തായാലും എന്റെ കൃഷ്ണാ എന്തിനാ നീ എനിക്കിങ്ങനെ ഒരു പരീക്ഷണം തന്നത്!

"ഭഗവാന്‍ അങ്ങന്യാ...പരീക്ഷിക്കും പക്ഷേ ഉപേക്ഷിക്കില്ല" അഛ്ചന്റെ ശബ്ദം!

ഞെട്ടിപ്പോയി! തന്റെ മന്സ്സില്‍ ചോദിച്ചത് അഛ്ചന്‍ എങ്ങനെ കേട്ടു. ഓടി പടിക്കല്‍ ചെന്നു നോക്കുമ്പോ എന്തോ കഷ്ടകാല്ത്തെപ്പറ്റി ആവലാതിപറഞ്ഞ കണ്ടാല്‍(എനിക്ക്) തിരിച്ചറിയാവുന്ന ഏതോ ഒരു പൌരനെ അഛ്ചന്‍ സമാശ്വസിപ്പിച്ചതാണ്!

പക്ഷേ അതു തന്നെയായിരുന്നു എനിക്കുമുള്ള ഉത്തരം!

No comments: