Thursday, January 8, 2015

ദു:ഖവെള്ളി

ലാപ്പാക്കരന്റെ പറമ്പ്! ഇരിങ്ങാലക്കുട മോഡല്‍ ബോയ്സില്‍ പഠിച്ചിട്ടുള്ളവര്‍ക്ക് ഇതു എവിടെയാണെന്ന് മനസ്സിലാക്കാന്‍ ഗൂഗിള്‍ സെര്‍ച്ചോ ഗൂഗിള്‍ എര്‍ത്തോ ആവശ്യമില്ല. ഇതിന്റെ ഉടമയുടെ പേര് എന്താണെന്ന് ആര്‍ക്കും അറിയില്ല! രാപ്പാള്‍കാരന്‍ എന്ന ഒന്നാന്തരം വീട്ടുപേര് എങ്ങനെ ലാപ്പാക്കാരന്‍ ആയി എന്നും ആര്‍ക്കും അറിയില്ല. പക്ഷേ ബോയ്സ് സ്കൂളിലെ ലിബറേഷന്‍ ടൈഗേര്‍സിന് ഈ വനാന്തരം(അങ്ങനെ വേണമെങ്കില്‍ പറയാം!)കൈരേഖ പോലെ സുപരിചിതമാണ്. പത്തുമണിക്ക് ക്ലാസ്സ് ആരംഭിച്ചശേഷം ക്ലാസ്സുകള്‍ തങ്ങളുടെ പ്രതീക്ഷക്കൊത്തുയരുന്നില്ല എന്ന അഭിപ്രായമുള്ള പണ്ഡിത ശിരോമണികള്‍ "അതിരാവിലെ എഴുന്നേറ്റ് മുന്തിരിവള്ളി തളിർത്തോ എന്നും , മാതളനാരകം പൂവിട്ടോ എന്നും നോക്കാം...." എന്ന മട്ടില്‍ ഈ പറമ്പിലേക്കിറങ്ങും. പിന്നെ കപ്പയും ഇളനീരും മാങ്ങയും ജാതിയും മതവും എല്ലാം മാവോയിസ്റ്റ് ലൈനില്‍ കൊള്ളയടിക്കും. അല്ലെങ്കിലും ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കണം, അല്ലെങ്കില്‍ എടുക്കണം എന്നാണല്ലോ ടി കക്ഷികളുടെ ലൈന്‍. ഉച്ചക്ക് പറമ്പ് അവിടെത്തന്നെ ഉണ്ടോ എന്നറിയാന്‍ വരുന്ന വിക്രമേട്ടന്‍ പറമ്പ് അവിടെത്തന്നെയുണ്ട് എന്ന് കണ്ട് സംതൃപ്തിയോടെ, തലേന്ന് നോക്കിവച്ച ഫലങ്ങള്‍ മൂടോടെ കൊള്ളയടിക്കപ്പെട്ടത് മനസ്സിലാക്കി, എല്ലാം കൊണ്ടുപോയ കളക്ഷന്‍ ബോയ്സിന്റെ ഒരു മൂന്നു തലമുറ മുമ്പ് മുതല്‍ ലേറ്റസ്റ്റ് എഡിഷന്‍ വരെയുള്ളവരെ നമ്പറിട്ട് തന്തക്ക് വിളിച്ച് ഉപചാരം ചൊല്ലി അന്നത്തെ ചടങ്ങവസാനിപ്പിച്ച് മടങ്ങും. കഷ്ടകാലത്തിനെങ്ങാന്‍ ഈ നേരത്ത് വഴിതെറ്റി അവിടെ വന്നു പെടുന്നവരാണെങ്കില്‍പ്പോലും വിക്രമേട്ടന്റെ ഈ പന്ത്രണ്ട് മണി നേരത്തെ പാനവായന കേട്ടാല്‍ തൊട്ടപ്പുറത്തുള്ള ഞൌരിക്കുളത്തില്‍ ഒന്നു കുളിച്ചിട്ടേ വീട്ടില്‍ പോകൂ..

അങ്ങനെയിരിക്കേ ഒരു ദു:ഖവെള്ളിയാഴ്ച്ച ദിവസ(എനിക്കും പിന്നെ രണ്ടുമൂന്നുപേര്‍ക്കും മാത്രം!)മാണ് പ്രസ്തുത പറമ്പില്‍ വച്ച് ഞാന്‍ മോഹന്‍ലാലിനെ കാണുന്നത്. മോഹന്‍ലാലാണെങ്കില്‍ അക്കാലത്ത് വില്ലന്‍കളിയൊക്കെ നിര്‍ത്തി"നോക്കെത്താദൂരത്ത് കണ്ണും നട്ട്" എന്ന ചിത്രത്തിലൂടെ സകലരുടേയും കണ്ണിലുണ്ണിയായി കത്തിനില്ക്കുന്ന സമയം! ആ സമയത്താണ് അതേപേരില്‍ ഒരു സ്വാതന്ത്ര്യസമര സേനാനി ഞങ്ങളുടെ സ്കൂളില്‍ ഉണ്ടെന്ന് ഞാന്‍(ഞങ്ങള്‍)അറിയുന്നത്. അന്നുമുതല്‍ അദ്ദേഹത്തെ ഓരോരോ സര്‍ച്ച് എഞ്ചിനില്‍ ആയി തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. ആ അവതാരമാണ് എന്റെ മുന്നില്‍ ഭാവാഭിനയം കാഴ്‌ച്ചവച്ചുകൊണ്ടിരിക്കുന്നത്! ആനന്ദലബ്ധിക്കിനിയെന്തുവേണം! പക്ഷേ ആനന്ദിക്കാന്‍ വഴിയില്ലാതെയായി. കാരണം ഞങ്ങള്‍ ഒരല്പം വൈകിപ്പോയി!

സാധാരണ പന്ത്രണ്ട് മണിക്ക് വരാറുള്ള വിക്രമേട്ടന്‍ വെള്ളിയാഴ്‌ച്ചയായതിനാല്‍ അന്ന് കുറച്ച് നേരത്തേ പറമ്പാവലോകനത്തിനിറങ്ങി. കാരണം സ്കൂള്‍ പന്ത്രണ്ടരക്ക് വിടും. പിന്നെ രണ്ടുമണിക്കേ കൂടു! ഈ ഒരു ചെറിയ ഇടവേളമതി ഭാവി വാഗ്ദാനങ്ങള്‍ക്ക് പറമ്പടക്കം ഇരിങ്ങാലക്കുട വലിയങ്ങാടിയില്‍ കൊണ്ടുപോയി വില്ക്കാന്‍. അതുകൊണ്ടുതന്നെ
സാധാരണ വരാറുള്ള പടിഞ്ഞാറേവശത്തുള്ള റോഡിനു പകരം കിഴക്കുവശത്തെ ഞൌരിക്കുളത്തിന്റെ കരയിലൂടെയുള്ള വരമ്പിലൂടെയാണ് വന്നത്. വരുമ്പോള്‍ കാണുന്ന കാഴ്‌ച്ച 'കളിയാട്ട'ത്തില്‍ തീച്ചാമുണ്ഡി തീയിലേക്ക് ഇരച്ച് കയറുന്നപോലെ നമ്മുടെ "സൂപ്പര്‍താരം" പകുതിക്കുമേലേ വളര്‍ച്ചയായ കപ്പത്തോട്ടത്തില്‍ സുനാമി വിതക്കുന്നു! കര്‍മ്മനിരതനായിരുന്നതുകൊണ്ട് തോട്ടത്തില്‍ തൊട്ടുപിന്നില്‍ സെന്റ്‌ ജോര്‍ജ്ജ് പുണ്യാളനെപ്പോലെ കയ്യില്‍ കൊള്ളിത്തണ്ടുമായി വന്നുനില്ക്കുന്നയാള്‍ കൂട്ടുകാരന്‍ മനോജാണോ അതോ വിക്രമേട്ടന്‍ എന്ന ഉദ്യാനപാലകനാണോ എന്നു നമ്മുടെ'സൂപ്പര്‍താരം"ശരിക്കു കണ്ടില്ല! നാവു കീഴോട്ടു വളച്ച് കടിച്ചുപിടിച്ചുകൊണ്ട് രൌദ്രഭീമനെപ്പോലെ വിക്രമേട്ടന്‍ കയ്യിലെ മാരകായുധം ആഞ്ഞുവീശി. കമുകിന്‍പാളയിലടിച്ചപോലൊരു ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ മനോജ് കാണുന്നത് വാലിനു തീപ്പിടിച്ച ഹനുമാന്‍ ലങ്ക ദഹിപ്പിക്കാന്‍ പറന്നു പൊങ്ങുന്നപോലെ ചവിട്ടിയൊടിച്ചിട്ട കപ്പത്തണ്ടുകള്‍ക്കിടയില്‍ നിന്നും വക്രിച്ച മുഖവുമായി ഉയര്‍ന്നു ചാടുന്ന ശ്രീ മോഹന്‍ലാലിനേയാണ്. തുടര്‍ന്നുണ്ടായ ജ്ഞാനപ്പാനയുടെ തത്സമയ സംപ്രേഷണ രംഗത്തേക്കാണ് ഞങ്ങള്‍ എത്തിച്ചേര്‍ന്നത്! അല്പം വൈകിപ്പോയി എന്നല്ലതെ എന്തു പറയാന്‍!.

ഇഷ്ടതാരത്തിനേറ്റ മര്‍ദ്ദനവും വല്ലവന്റേയും കര്‍മ്മഫലമായി കേള്‍ക്കേണ്ടിവന്ന ഭരണിപ്പാട്ടും മൂലം തകര്‍ന്ന ഹൃദയവും ചെറിയൊരു മയക്കവുമായി ഡ്രോയിംഗ് പിരിയഡില്‍ സദാശിവന്‍ മാഷിന്റെ ലാത്തിയടിക്ക് വിധേയനായി ഡെസ്കില്‍ കൈമുട്ടില്‍ തലയും താങ്ങിയിരിക്കുമ്പോള്‍ കടന്നുവരുന്നു സാക്ഷാല്‍ ചിത്രഗുപ്തന്‍! ഹെഡ്‌മാസ്റ്ററുടെ ഓഫീസില്‍ മാത്രം ജോലിനോക്കുന്ന പീയൂണ്‍ മാണിക്കേട്ടന്‍! കയ്യില്‍ ഒരു ചെറിയ കടലാസില്‍ ഒരു മൂന്ന് നാല് പേരുകളും. സ്ഥായിയായ പരിഹാസഭാവത്തോടെ സദാശിവന്‍ മാഷ് കട്ടമീശയില്‍ ഒന്നു തടവി..പിന്നെ പേരുകള്‍ വായിച്ചു..ജയദേവന്‍...ജോസ്... രമേശന്‍.ടി.സി.(ഭാഗ്യം എന്റെപേരില്ല!)...! ആശ്വസിക്കാന്‍ വരട്ടെയെന്ന ഭാവത്തില്‍ മാഷ് പതുക്കെ എന്റെ അടുത്തേക്ക് നടന്നു വന്നു..പിന്നെ ഓസ്കാര്‍ വിജയിയുടെ പേര് പ്രഖ്യാപിക്കുന്നതുപോലെ നമ്മുടെ പേരും ഉറക്കെ അനൌണ്‍സ് ചെയ്തു.....പിന്നെ പതുക്കെ എന്നോട് ചാഞ്ഞ് നിന്ന് കൊണ്ട് ചോദിച്ചു.."താനൊക്കെ ത്ത്‌രി ഭേദപ്പെട്ടോനാണെന്നാണല്ലോടോ ഞാനൊക്കെ കരുത്യേ! താനും ഈകൂട്ടത്തിലൊരണ്ണാ!.." ജീവിതത്തിലാദ്യമായി അന്നെനിക്ക് എന്തെന്നില്ലാത്ത അഭിമാനം തോന്നി! കാരണം ഈ മാഷ്‌ക്ക് എന്നെപ്പറ്റി നല്ല അഭിപ്രായമുണ്ടായിരുന്നു!!. കൊലക്കേസ് പ്രതികളെപ്പോലെ ജീവിതത്തോടുള്ള ആശയറ്റ് വായില്‍ നോട്ടെണ്ണാന്‍ പോലും തൊട്ടെടുക്കാന്‍ വെള്ളമില്ലാതെ ഹെഡ്‌മാസ്റ്ററുടെ മുറിയിലേക്ക് കടന്നുചെന്ന ഞങ്ങളോട് വിശാലഹൃദയനായ അദ്ദേഹം അഛ്ചനെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും അതുവരെ സ്കൂളിലേക്ക്‌വന്ന് വെയിലുകൊള്ളാതെ, വീട്ടിലിരുന്ന് വിശ്രമിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്ത് ഉദാരമനസ്കത കാട്ടി, മുന്‍പ് ആ കസേരയിലിരുന്ന് ഇഹലോകത്തേക്കും പരലോകത്തേക്കും ട്രാന്സ്ഫര്‍ നേടിപ്പോയവരുടെ ഫോട്ടോകള്‍ക്കിടയില്‍ സ്വന്തം ഫോട്ടോ വയ്ക്കാനുള്ള യോഗ്യത നേടി.

വര്‍ഷങ്ങള്‍ക്കു ശേഷം എനിക്കും ഞങ്ങടെ മോഹന്‍ലാലിനെപ്പോലെ അഹങ്കരിക്കാന്‍ ഒരവസരം കൈവന്നു. എന്റെ പേരിലും ഒരു താരോദയം ഉണ്ടായി! നാട്ടിലെ ചെറുപ്പക്കാര്‍ മുഴുവനും ഒരേദിവസം തന്നെ അച്ചടക്കത്തോടെ ക്യൂ നിന്ന് ഇദ്ദേഹത്തിന്റെ പടം കണ്ട് വന്നതിന്റെ അഭിപ്രായം കേട്ടപ്പോള്‍ ബലൂണിലെ കാറ്റഴിച്ചുവിട്ടതുപോലെ എന്റെ അഹങ്കാരം അന്തരീക്ഷത്തില്‍ ലയിച്ചു. ഇദ്ദേഹം നടനം നിര്‍ത്തി പിന്നീട് ക്യാമറാമാന്‍ ആയശേഷവും എന്റെ ലജ്ജാവിവശമായ മുഖം കാണുന്നതിനുവേണ്ടി ചില ആത്മാര്‍ത്ഥസുഹൃത്തുക്കള്‍
വീണ്ടും വീണ്ടും ഇദ്ദേഹത്തെ മന:പൂര്‍വ്വം ഓര്‍ക്കാറുണ്ട്. എന്റെ അമര്‍ഷം തീര്‍ക്കുന്നതിന് ഞാനും ഇദ്ദേഹത്തിന്റെ പി.സുകുമാര്‍ എന്ന പേരിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കാറുണ്ട്!.."പീസ് കുമാര്‍!".

No comments: