Thursday, January 8, 2015

ആപല്‍ഘട്ടങ്ങള്‍

2012 ആഗസ്റ്റ് 26ന് അങ്ങ് മുംബായില്‍ എ.കെ. ഹംഗല്‍(അവതാര്‍ കിഷന്‍ ഹംഗല്‍) എന്ന മഹാ നടന്‍ ഈ ലോകത്തോട് വിടപറഞ്ഞു പോയി. ഈ പത്രവാര്‍ത്ത കണ്ടപ്പോള്‍ ഞങ്ങളുടെ നാട്ടിലെ ഒരു നാടന്‍ ഹംഗലിനെക്കുറിച്ചോര്‍മ്മവന്നു! പുള്ളി കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തില്‍ ജോലി കിട്ടിപ്പോയിട്ട് കൊല്ലം കുറച്ചായി! ഇദ്ദേഹത്തിന്റെ പേര് എനിക്ക് ശരിക്കോര്‍മ്മയില്ല(ജോസഫ് എന്നാണെന്നു തോന്നുന്നു).എനിക്കെന്നല്ല ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും പള്ളിയിലെ അച്ചനുമല്ലാതെ നാട്ടുകാര്‍ക്ക് ആര്‍ക്കും തന്നെ അതറിയുമെന്ന് തോന്നുന്നില്ല! കാരണം ചെയ്തിരുന്ന ജോലിയോടനുബന്ധമായി നാട്ടില്‍ ഇദ്ദേഹം അറിയപ്പെട്ടിരുന്നത് 'പാട്ടവിളക്കുകാരന്‍' 'വിളക്കുപാട്ടക്കാരന്‍' എന്നൊക്കെയാണ്! മുകളില്‍ പറഞ്ഞ നടനോട് അസാമാന്യ രൂപസാദൃശ്യമുള്ളയാളായിരുന്നു ഇദ്ദേഹം. 'ഹിന്ദി' എന്നതിനെ വിസര്‍ജ്ജ്യവസ്തുക്കളിലെ രണ്ടാം റാങ്കുകാരനേപ്പോലെ പരിഗണിച്ചിരുന്നതുകൊണ്ടും ഹിന്ദി സിനിമ എന്നത് ആകാശത്ത് മഴവില്ലുവരുന്നതുപോലെ എപ്പോഴെങ്കിലും വന്നാലായി എന്നതുകൊണ്ടും നാട്ടുകാരൊന്നും ഈ നടനെപ്പറ്റി അറിഞ്ഞിരുന്നില്ല! അതുകൊണ്ട് ഈ രൂപസാദൃശ്യം നാട്ടുകാര്‍ക്ക് അറിയില്ലായിരുന്നു.

ഇദ്ദേഹം പാട്ട വിളക്കിച്ചേര്‍ത്ത്, പലചരക്കുകടകളില്‍ എണ്ണ അളന്നുകൊടുക്കുന്നതിനാവശ്യമായ ഫണല്‍, കയിലുകള്‍, വലിയ കപ്പുകള്‍, വിളക്കുകള്‍ മുതലായവ ഉണ്ടാക്കി വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്! പിന്നെ ഷാപ്പില്‍ നിന്നും ദാഹശമനി കഴിച്ചുവരുന്ന ഭര്‍ത്താക്കന്മാരുടെ സ്നേഹമസൃണമായ ലാളന മൂലം രൂപം മാറിപ്പോയ ഇരുമ്പ്-അലുമിനിയം ബക്കറ്റുകള്‍, പിടിയൊടിഞ്ഞുപോയ തവികള്‍, ബബ്ബ്ള്‍ഗം ചവച്ചുതുപ്പിയപോലെയായ കുടങ്ങള്‍, ചവിട്ടുകൊണ്ട് വാവട്ടം മണിപ്പേഴ്സ് പോലെ ചതഞ്ഞു പോയ മറ്റു പാത്രങ്ങള്‍ എന്നിവയുടെ നാട്ടിലെ ഒരേ ഒരു ഡോക്ടറായിരുന്നു ഇദ്ദേഹം. കണ്ണില്‍ചോരയില്ലാതെ കണ്‍സള്‍ട്ടിംഗ് ഫീ വാങ്ങിയിരുന്നു എന്നത് പ്രൊഫഷന് അല്പം മങ്ങലേല്പിച്ചിരുന്നു എങ്കിലും മറ്റാര്‍ക്കും ഈ പണിയുടെ ടെക്‍നിക്ക് പിടികിട്ടാത്തതിനാല്‍ പറയുന്ന ഫീസ് കൊടുക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. പണിക്കൂലിയില്‍ കോംപ്രമൈസ് ചെയ്യേണ്ടി വന്നെങ്കിലോ എന്നു കരുതിയിട്ടായിരിക്കണം, ആരോടും പരിധിയില്‍ കവിഞ്ഞ ഒരു സുഹൃദ്ബന്ധം നിലനിര്‍ത്തിയിരുന്നില്ല ഇദ്ദേഹം.

പത്തെണ്‍പത്തഞ്ച് വയസ്സുവരെ ജീവിച്ചിരുന്നെങ്കിലും, ഭാര്യയും മക്കളുമെല്ലാം ഉണ്ടായിരുന്നെങ്കിലും ജീവിതയാത്രയിലും മറ്റുയാത്രകളിലും ഇദ്ദേഹം എന്നും തനിച്ചായിരുന്നു.അവസാനത്തെ യാത്രയില്‍ പിന്നെ എല്ലാവരും തനിച്ചാണല്ലോ?!. എന്റെ സുഹൃത്ത് സെബാസ്റ്റ്യന്റെ അയല്‍വാസിയായിരുന്നു എന്നതാണ് ഇദ്ദേഹത്തിന് എന്റെ ബാല്യകാലസ്മരണകളില്‍ ഒരു റോള്‍ ലഭിക്കാന്‍ കാരണം. സാമാന്യം വലിപ്പമുള്ള ഒരു പറമ്പിനു നടുവില്‍ ഭേദപ്പെട്ട, വലിയത് എന്നു പറയാനാകാത്ത ഒരു വീടായിരുന്നു ഇദ്ദേഹത്തിന്റേത്. സ്വന്തം പറമ്പിനു കുറുകേ കാക്ക പറക്കുന്നതുപോലും സ്വകാര്യജീവിതത്തിലേക്കുള്ള കടന്നുകയറ്റമായി കണക്കാക്കിയിരുന്ന ഒരസാമാന്യ പ്രതിഭ കൂടിയായിരുന്നു ഇദ്ദേഹം.

ഒരുദിവസം തല്ലുകൊള്ളിത്തരത്തില്‍ എന്നേക്കാള്‍ ഒട്ടും മോശമല്ലാത്ത രണ്ടുമ്മൂന്ന് കില്ലാഡികളുമായി സ്കൂള്‍ വിട്ടു വരുന്നവഴിക്ക്, പനിച്ച്കിടന്നിരുന്ന സബാസ്റ്റ്യനെക്കാണാന്‍ പാതിവഴിയില്‍ തീരുമാനമായി. സെബാസ്റ്റ്യന്റെ വീട്ടിലേക്ക് തിരിയുന്ന വഴിവക്കില്‍ നില്ക്കുന്ന പ്രിയോര്‍ മാവിലേക്ക് വെറുതേ കല്ലെടുത്തെറിഞ്ഞ്, അത് നേരേപോയി അടുത്തവീടിന്റെ ഓട്ടുമ്പുറത്ത് ഉല്‍ക്ക പതിച്ചപോലെ വലിയ ശബ്ദമുണ്ടാക്കി വീണപ്പോള്‍, ഗൃഹനാഥന്റെ, ചില പ്രത്യേക അക്ഷരങ്ങള്‍ ചേര്‍ത്തുള്ള വേദോഛ്ചാരണം കേള്‍ക്കേണ്ടല്ലോ എന്നു കരുതി ഓടിയ ഓട്ടം ചെന്നുനിന്നത് നമ്മുടെ നായകന്റെ പറമ്പിന്റെ തൊട്ടുമുന്നിലാണ്.

നാട്ടുരാജ്യങ്ങളും രാജഭരണവുമൊക്കെ അവസാനിച്ചിരുന്നെങ്കിലും എവിടെനിന്നോ വന്ന ഒരു 'മടേറിയന്‍'(കല്ലുവെട്ടിയെടുത്ത മടകളില്‍ പിറന്നുവീണ് വാകീറിയ ദൈവം ഇരയും തരും എന്ന'വരരുചി'നിയമപ്രകാരം വളര്‍ന്ന നാടന്‍പട്ടികള്‍ക്ക് ഞങ്ങള്‍ വിളിച്ചിരുന്ന പേര്) മൊത്തം ഇടവഴിയും തന്റെ സാമ്രാജ്യമാക്കി വച്ചിരുന്ന കാര്യം ഞങ്ങള്‍ക്കറിയില്ലായിരുന്നു. 'മടേറിയന്‍' തന്റെ ഫ്രണ്ട് ഗ്രില്ല് തുറന്നു കാട്ടി 150 സിസി എഞ്ചിന്‍ ഞങ്ങള്‍ക്ക് നേരെമുന്നില്‍ വന്നു റേസ് ചെയ്ത് തുടങ്ങിയതും ഞങ്ങള്‍ ഹംഗലിന്റെ പറമ്പിലേക്ക് വേലിക്കു മുകളിലൂടെ ഹൈജംപ് നടത്തിയതും ഒരുമിച്ചായിരുന്നു! ഏകദേശം ഒരു നാലഞ്ചടി താഴ്ചയിലേക്ക്, പുട്ടു കുത്തിയിടുന്നതുപോലെ ഒന്നിനുമുകളില്‍ ഒന്നായി, ഞാന്‍ നിലം തൊട്ടു,മറ്റുള്ളവര്‍ അവര്‍ക്കു മുന്പു വീണവരുടെ പുറം തൊട്ടു!. ഇളകിക്കിടന്നിരുന്ന ചരല്‍ കലര്‍ന്ന ചെമ്മണ്ണായിരുന്നതുകൊണ്ട് ആദ്യം വീണ എന്റെ കാല്‍ അരയടിയോളം പൂണ്ടുപോയി എന്നതൊഴിച്ചാല്‍ ആര്‍ക്കും 'കായകല്പ' ചികിത്സയുടെ ആവശ്യം വന്നില്ല. "ഞാന്‍ ഒരു തമാശകാണിച്ചതിന് നിങ്ങളെന്തിനാ പിള്ളേരെ ഇങ്ങനെ ജീവന്‍ വച്ച് കളിക്കുന്നത്?!" എന്ന ഭാവത്തില്‍ 'മടേറിയന്‍' ഒന്നെത്തിനോക്കി പിന്നെ ഒരു പുഞ്ചിരിയോടെ(?)സിംഹാസനത്തിലേക്ക് തിരിച്ച് പോയി.

 'മടേറിയന്‍' സൃഷ്ടിച്ചതിനേക്കാള്‍ ആപല്‍ക്കരമായ ഒരു ഘട്ടത്തിലേക്ക് ഞങ്ങള്‍ പ്രവേശിച്ചിരിക്കുന്നു എന്ന സത്യം ഞങ്ങള്‍ തിരിച്ചറിഞ്ഞത്, മലയാളത്തിലെ, മുതിര്‍ന്നവര്‍മാത്രം അര്‍ത്ഥസമ്പുഷ്ടിയോടെ ഉപയോഗിച്ച് ആനന്ദം കൊള്ളേണ്ട ചില മഹനീയ പദങ്ങള്‍ ശരമാരിപോലെ നോണ്‍സ്റ്റോപ്പായി അവിടെ അലയടിച്ചപ്പോഴാണ്! ഞെട്ടലോടെ എഴുന്നേറ്റു നോക്കുമ്പോള്‍ കാണുന്ന കാഴ്‌ച്ച! കുഞ്ഞിനെ എടുക്കാന്‍ ചെല്ലുമ്പോള്‍ ചീറുന്ന തള്ളപ്പൂച്ചയുടെ മുഖഭാവത്തോടെ, ദേഹമാസകലം കരിയും പുകയുമായി ഒരു ഭീകരസത്വം കയ്യിലൊരു കറുത്ത വടിയുമായി കാറ്റുപിടിച്ച പട്ടം പോലെ തെന്നിതെന്നി വരുന്നു. നാലഞ്ചടി ഉയരത്തിലേക്ക് തിരിച്ചു കയറുക എന്നത് ആ ഘട്ടത്തില്‍ സ്പൈഡര്‍മാനുമാത്രം പറ്റുന്ന പണിയായതുകൊണ്ട് അതിനു മുതിരാതെ ഞങ്ങള്‍ പരസ്പരം ഒന്നു നോക്കി. പിന്നെ എന്നെപ്പോലും ഞെട്ടിച്ചുകൊണ്ട് കൂട്ടത്തില്‍ ഏറ്റവും ഇളയവനായ ഒരു 'പൊരിഞ്ഞ വിത്ത്' കയ്യില്‍ ഒരു വലിയ കല്ലും എടുത്തുപിടിച്ച് ഉച്ചത്തില്‍ അലറിക്കൊണ്ട് ഹംഗലിന്റെ നേരെമുന്നിലേക്ക് ഒറ്റപാച്ചില്‍! എത്രവലിയ ധീരനേയും ഞെട്ടിക്കാന്‍ പോന്ന ഒരു നീക്കമായിരുന്നു അത്! അടുത്ത ഒരു നിമിഷം! ഏറു കൊണ്ടു എന്നു തന്നെ കണക്കാക്കി ഹംഗല്‍ രണ്ടുകൈകൊണ്ടും നെറ്റിമറച്ച് ഒരു പ്രതിരോധം തീര്‍ത്ത് ഒന്നു കുനിഞ്ഞ് മുന്നോട്ടിരുന്നു. ആ ഒരു നിമിഷം മതിയായിരുന്നു ഞങ്ങള്‍ക്ക് നൂറുമീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണം നേടാന്‍! സബാസ്റ്റ്യന്‍ എന്ന പനിപിടിച്ച സുഹൃത്തും ഇടവഴിയിലെ മടേറിയനും എന്തിന്, ഈഭൂമിപോലും ആ ഓട്ടത്തില്‍ ഞങ്ങള്‍ മറന്നിരുന്നു. എങ്കിലും "നീയൊക്കെ എവ്ടത്ത്യാന്ന് ഇനിക്കറിയാടാ ...രോളേ! നിന്റ്യൊക്കെ തന്താരെ ഞാന്‍ വന്ന് കാണ് ണ്ട്" എന്ന ഒരശരീരി ഞങ്ങള്‍ ഓടിരക്ഷപ്പെട്ട ചുണ്ടങ്ങപ്പാടത്ത് ഞങ്ങളെ പിന്തുടര്‍ന്ന് വന്ന് അന്തരീക്ഷത്തില്‍ വിലയിക്കുന്നത് ഞങ്ങളുടെ പൊട്ടിച്ചിരികള്‍ക്കും അടങ്ങാത്ത കിതപ്പിനിടയിലും ഞങ്ങള്‍ തിരിച്ചറിഞ്ഞു.

No comments: